

ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ എംബസി
file photo
ന്യൂഡൽഹി: ഇറാനിൽ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന സംഘർഷത്തെ തുടർന്ന് മിഡിൽ ഈസ്റ്റ് മേഖലയിൽ സംഘർഷം രൂപപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇസ്രയേലിൽ ഉള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണം എന്ന് ഇസ്രയേലിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ഇസ്രയേൽ അധികൃതരും ഹോം ഫ്രണ്ട് കമാൻഡും പുറപ്പെടുവിച്ച സുരക്ഷാ മാർഗനിർദേശങ്ങളും പ്രോട്ടോക്കോളുകളും കർശനമായി പാലിക്കണം എന്ന് എംബസി ഇന്ത്യൻ പൗരന്മാർക്ക് നൽകിയ നിർദേശത്തിൽ വ്യക്തമാക്കുന്നു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഇസ്രയേലിലേയ്ക്ക് ഉള്ള അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും എംബസി ഇന്ത്യൻ പൗരന്മാരോട് നിർദേശിച്ചു. ഇസ്രയേലിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് ഈ നിർദേശം പുറപ്പെടുവിച്ചത്.
അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് +972-54-7520711 അല്ലെങ്കില്‍ +972-54-3278392 എന്ന നമ്പറില്‍ 24:7 ഹെൽപ് ലൈനുമായി ബന്ധപ്പെടാം. അല്ലെങ്കിൽ cons1.telaviv@mea.gov.in എന്ന വിലാസത്തില്‍ മെയില്‍ ചെയ്യാമെന്നും എംബസി അറിയിച്ചു.
ഇറാനിൽ തുടരുന്ന അശാന്തി കാരണം സുരക്ഷാ ആശങ്കകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള അടിയന്തര പദ്ധതികൾ ഇന്ത്യാ ഗവണ്മെന്‍റ് തയാറാക്കിയിട്ടുണ്ട്. വിദ്യാർഥികൾ, തീർഥാടകർ, ബിസിനസുകാർ, വിനോദ സഞ്ചാരികൾ എന്നിവർ വാണിജ്യ വിമാനങ്ങളോ ലഭ്യമായ മറ്റു ഗതാഗത മാർഗങ്ങളോ ഉപയോഗിച്ച് ഇറാനിൽ നിന്നു പുറത്തു പോകണമെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി നേരത്തെ അഭ്യർഥിച്ചിരുന്നു.