

ഇറാനെതിരെ വൻ സൈനിക സന്നാഹവുമായി അമെരിക്ക
file photo
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചു കൊണ്ട് ഇറാനെതിരെ കടുത്ത സൈനിക ഭീഷണിയുമായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാൻ അടിയന്തരമായി ചർച്ചകൾക്ക് തയാറായി ആണവ കരാറിൽ ഒപ്പിടണമെന്നും അല്ലാത്ത പക്ഷം രാജ്യം ഇതുവരെ കാണാത്ത തരത്തിലുള്ള സൈനിക ആക്രമണം നേരിടേണ്ടി വരുമെന്നുമാണ് ട്രംപിന്‍റെ മുന്നറിയിപ്പ്.
തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഈ പ്രകോപനപരമായ പ്രസ്താവന നടത്തിയത്.
“ഒരു പടുകൂറ്റൻ കപ്പൽപ്പട ഇറാന്‍റെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിശക്തമായ കരുത്തോടും നിശ്ചയദാർഢ്യത്തോടും കൂടിയാണ് ഇതിന്‍റെ സഞ്ചാരം. മുൻപ് വെനസ്വേലയിലേക്ക് അയച്ചതിനേക്കാൾ വലിയൊരു സൈനിക വ്യൂഹമാണിത്,” എന്നാണ് ട്രംപിന്‍റെ കുറിപ്പ്.
വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന്‍റെ നേതൃത്വത്തിലുള്ള സംഘം നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഏതു നിമിഷവും ആക്രമണത്തിനു തങ്ങൾ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ എത്രയും വേഗം ചർച്ചാ മേശയിലേയ്ക്കു വരണമെന്നും ആണവായുധങ്ങൾ ഇല്ലാത്ത ഒരു സുതാര്യമായ കരാറിൽ ഏർപ്പെടണമെന്നുമാണ് ട്രംപിന്‍റെ ആവശ്യം. “സമയം അതിവേഗം അതിക്രമിച്ചു കൊണ്ടിരിക്കുകയാണ്. മുൻപ് ഞാൻ പറഞ്ഞത് അനുസരിക്കാതിരുന്നപ്പോഴാണ് ‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’ ഉണ്ടായതും ഇറാൻ തകർന്നതും. അടുത്ത ആക്രമണം അതിനേക്കാൾ ഭീകരമായിരിക്കും. അത്തരമൊരു സാഹചര്യം ഉണ്ടാക്കാൻ അനുവദിക്കരുത്,” എന്നും ട്രംപ് ഓർമിപ്പിക്കുന്നു.
പശ്ചിമേഷ്യയിൽ അമെരിക്ക വ്യോമാഭ്യാസങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇറാനിൽ സർക്കാരിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ ഭരണകൂടം ക്രൂരമായി അടിച്ചമർത്തുന്നതിനിടെയാണ് ട്രംപിന്‍റെ ഈ സൈനിക നീക്കമെന്നതും ശ്രദ്ധേയമാണ്.