യുഎസ് പ്രസിഡന്‍റ് സ്ഥാനാർഥി തെരഞ്ഞെടുപ്പ്: വിവേക് രാമസ്വാമി പിന്മാറി, ട്രംപിനെ പിന്തുണയ്ക്കും

അയോവ കോക്കസിൽ നിന്ന് ഡോണൾഡ് ട്രംപ് 51 ശതമാനം വോട്ടു സ്വന്തമാക്കി.
വിവേക് രാമസ്വാമി
വിവേക് രാമസ്വാമി
Updated on

വാഷിങ്ടൺ: യുഎസ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയാകാനുള്ള മത്സരത്തിൽ നിന്ന് പിന്മാറി ഇന്ത്യൻ അമെരിക്കൻ വ്യവസായി വിവേക് രാമസ്വാമി. അയോവ കോക്കസിലെ മോശം പ്രകടനത്തെത്തുടർന്നാണ് അദ്ദേഹം പ്രചാരണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. അയോവ കോക്കസിൽ വിജയിച്ച മുൻ പ്രസിഡന്‍റ് കൂടിയായ ഡോണൾഡ് ട്രംപിന് പിന്തുണ നൽകുമെന്നും രാമസ്വാമി പറഞ്ഞു.

നാം പ്രതീക്ഷിച്ച വിജയം നമുക്ക് സ്വന്തമാക്കാനായില്ലയെന്നത് സത്യമാണ്... അതു കൊണ്ടു തന്നെ ഈ നിമിഷം മുതൽ തെരഞ്ഞെടുപ്പു പ്രചാരണം അവസാനിപ്പിക്കുകയാണ്. അടുത്ത പ്രസിഡന്‍റ് പദത്തിലെത്താൻ എനിക്ക് സാധിക്കില്ലയെന്നും 38 കാരനായ രാമസ്വാമി അയോവ കോക്കസിലെ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിലേക്കുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചു കൊണ്ടാണ് അയോവ കോക്കസിൽ തെരഞ്ഞെടുപ്പു നടന്നത്. ഫലം പുറത്തു വന്നപ്പോൾ ഡോണൾഡ് ട്രംപ് 51 ശതമാനം വോട്ടു സ്വന്തമാക്കി. ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്‍റിസ് 21.2 ശതമാനം വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തി. നിക്കി ഹാലിക്ക് 19.1 ശതമാനം വോട്ടാണ് നേടാനായത്. വെറും 7.7 ശതമാനം വോട്ടു മാത്രമാണ് രാമസ്വാമിക്കു സ്വന്തമാക്കാനായത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവേക് രാമസ്വാമി റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയാകുന്നതിനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ന്യൂ ഹാംപ്ഷയറിലാണ് അടുത്ത വോട്ടെടുപ്പ്. അവിടെ രാമസ്വാമി ട്രംപിനെ പിന്തുണയ്ക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് യുഎസിലേക്ക് കുടിയേറിയവരാണ് രാമസ്വാമിയുടെ മാതാപിതാക്കൾ. റിപ്പബ്ലിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർ‌ഥിയാകാൻ മത്സരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ അമെരിക്കൻ വംശജനായിരുന്നു രാമസ്വാമി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com