

വിമാനം പറത്തിക്കൊണ്ടിരിക്കെ പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം
ന്യൂവാർക്ക് : വിമാനം പറത്തുന്നതിനിടെ പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതോടെ വിമാനത്തിന്‍റെ ദിശ തെറ്റി. ദിശ തെറ്റിപ്പറന്ന വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത സഹപൈലറ്റ് വിമാനം അടിയന്തിര ലാൻഡിങ് നടത്തി. എയർ ക്യാനഡയുടെ എസി 7664 വിമാനം ബുധനാഴ്ച ന്യൂവാർക്കിൽ നിന്നും ഹലീഫാക്സിലേയ്ക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.
എയർ ക്യാനഡ നൽകിയ അറിയിപ്പു പ്രകാരം വിമാനത്തിന്‍റെ ക്യാപ്റ്റന് യാത്രാ മധ്യേ ആരോഗ്യ പ്രശ്നമുണ്ടായി. തുടർന്ന് സഹപൈലറ്റ് (ഫസ്റ്റ് ഓഫീസർ) വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് അത് ബോസ്റ്റണിലേയ്ക്ക് തിരിച്ചു വിട്ട് സുരക്ഷിതമാക്കി ഇറക്കി.
ആരോഗ്യ പ്രശ്നമുണ്ടായ പൈലറ്റിനെ ആശുപത്രിയിലേയ്ക്കു മാറ്റി ചികിത്സ നൽകിയതായി കമ്പനി അറിയിച്ചു. വിമാനത്തിൽ 61 യാത്രക്കാർ ഉണ്ടായിരുന്നു. വിമാനം പെട്ടെന്ന് ദിശ മാറിയ നിമിഷം തന്നെ എന്തോ പ്രശ്നമുണ്ടെന്ന് മനസിലായതായി റോഡ്നി മക്ഡൊണാൾഡ് എന്ന യാത്രക്കാരൻ വിശദീകരിച്ചു.
അത് സാധാരണ കുലുക്കം അല്ലായിരുന്നു. ആരോ വിമാനത്തിന്‍റെ നിയന്ത്രണങ്ങളിൽ ഇടപെട്ടതു പോലെയായിരുന്നു അത്. വീണ്ടും വീണ്ടും ഈ കുലുക്കം ആവർത്തിച്ചു. സംഭവത്തിനിടെ ഒരു ഫ്ലൈറ്റ് അറ്റൻഡന്‍റ് അടിയന്തരമായി കോക്പിറ്റിലേയ്ക്ക് ഓടിക്കയറിയതായും പിന്നീട് ഒരു പൈലറ്റിനെ പുറത്തേയ്ക്ക് വലിച്ചു കൊണ്ടു വന്നതായും അദ്ദേഹം പറഞ്ഞു.
”അദ്ദേഹത്തിന് അപസ്മാരസദൃശമായ അവസ്ഥയുണ്ടായിരുന്നതുപോലെ തോന്നി. ഞങ്ങള്‍ യാത്രക്കാരില്‍ ചിലര്‍കൂടി ചേര്‍ന്ന് അദ്ദേഹത്തെ നിയന്ത്രണത്തിലാക്കാന്‍ സഹായിച്ചു,” മക്ഡൊണാള്‍ഡ് പറഞ്ഞു.
സഹപൈലറ്റ് വിമാനം ബോസ്റ്റണിലേക്ക് പറത്തുന്നതിനിടെ ഏകദേശം 40 മിനിറ്റോളം യാത്രക്കാര്‍ പൈലറ്റിനെ സുരക്ഷിതമായി പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.വിമാനത്തിലുണ്ടായിരുന്ന ഒരു രജിസ്റ്റേര്‍ഡ് നഴ്സ് യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും പൈലറ്റിനെ സഹായിക്കുകയും ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.