
യുഎസ് നാവികസേനയുടെ യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു | Video
വാഷിങ്ടൺ: യുഎസ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം മധ്യ കാലിഫോർണിയയിൽ തകർന്നുവീണു. അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്നു പൈലറ്റ് അദ്ഭുതകരമായി രക്ഷപെട്ടു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ യുഎസ് നാവികസേന പുറത്തുവിട്ടിട്ടുണ്ട്. അപകടത്തിന്‍റെ കാരണം അന്വേഷിച്ചുവരികയാണെന്നും നാവികസേന വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
സെൻട്രൽ കാലിഫോർണിയയിലെ ഫ്രെസ്‌നോ നഗരത്തിൽ നിന്ന് നിന്ന് ഏകദേശം 40 മൈൽ തെക്ക് പടിഞ്ഞാറ് മാറിയുള്ള നേവൽ എയർ സ്റ്റേഷൻ ലെമൂറിന് സമീപം ബുധനാഴ്ച വൈകിട്ട് 6:30 ഓടെയായിരുന്നു സംഭവം. അപകടസമയത്ത് പൈലറ്റ് സുരക്ഷിതനായി പുറത്തേക്ക് ചാടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തിൽ മറ്റാർക്കും പരുക്കില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പൈലറ്റിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ,അപകടം മൂലമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. തകർന്നുവീണ എഫ്-35 യുദ്ധവിമാനം 'റഫ് റൈഡേഴ്‌സ്' എന്നറിയപ്പെടുന്ന സ്ട്രൈക്ക് ഫൈറ്റർ സ്ക്വാഡ്രൺ വിഎഫ്-125ന്‍റെതാണെന്ന് നാവികസേന പ്രസ്താവനയിൽ അറിയിച്ചു. ലോകത്തെ ഏറ്റവും ആധുനികമായ അഞ്ചാം തലമുറ വിമാനമായാണ് എഫ്-35 കണക്കാക്കപ്പെടുന്നത്.