

നിക്കോളാസ് മഡുറോയും ഭാര‍്യ സീലിയ ഫ്ലോറൻസും സായി ബാബയ്ക്കൊപ്പം
ഇക്കഴിഞ്ഞ ജനുവരി മൂന്നിനാണു വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര‍്യ സീലിയ ഫ്ലോറൻസിനെയും യുഎസ് സൈന‍്യം പിടികൂടിയത്. ഇതോടെ ലോകശ്രദ്ധ മുഴുവൻ മാഡുറോയിലേക്കും അദ്ദേഹത്തിന്‍റെ വ‍്യക്തിജീവിതത്തിലേക്കും തിരിഞ്ഞു.
എന്നാൽ, ഈ സാഹചര‍്യത്തിൽ ഇന്ത‍്യയിൽ സത‍്യസായി ബാബയ്ക്കൊപ്പം മഡുറോയും ഭാര‍്യയും നിൽക്കുന്ന ചിത്രങ്ങളും സമൂഹമാധ‍്യമങ്ങളിൽ പ്രചരിച്ചു. ഇരുവരും തമ്മിലുള്ള ബന്ധം എന്താണെന്നാണ് ചോദ‍്യങ്ങൾ ഉയരുന്നത്.
വാസ്തവത്തിൽ മഡുറോ, സായി ബാബയുടെ അനുയായി ആയിരുന്നുവെന്നാണ് വിവരം. ഭാര‍്യ സീലിയയാണ് 2005ൽ മഡുറോയ്ക്ക് ആദ‍്യമായി സായി ബാബയെ പരിചയപ്പെടുത്തിയത്. ഇരുവരുടെയും വിവാഹത്തിന് മുൻപായിരുന്നു കൂടിക്കാഴ്ച. പിന്നീട് ആന്ധ്ര പ്രദേശിലെ പുട്ടപർത്തി പ്രദേശത്തുള്ള പ്രശാന്തി നിലയം ആശ്രമത്തിൽ ദമ്പതികൾ സായി ബാബയെ കാണാനെത്തി. അന്ന് വെനസ്വേലയുടെ വിദേശകാര‍്യ മന്ത്രിയായിരുന്നു മഡുറോ.
ആ സന്ദർശനത്തിൽ അവസാനിക്കുന്നതായിരുന്നില്ല മഡുറോയുടെ ആത്മീയ ബന്ധം. പിന്നീട് മഡുറോ വെനസ്വേലയുടെ പ്രസിഡന്‍റായപ്പോൾ, കാരക്കാസിലെ മിറാഫ്ളോറസ് കൊട്ടരത്തിൽ അദ്ദേഹത്തിന്‍റെ സ്വകാര‍്യ ഓഫിസിന്‍റെ ചുമരുകളിൽ സൈമൺ ബൊളിവറിനും ഹ‍്യൂഗോ ചാവേസിനും ഒപ്പം സായിബാബയുടെ ഛായാചിത്രം ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ രാഷ്ട്രീയ പ്രതിസന്ധിയും ബഹുജന പ്രതിഷേധങ്ങളും അരങ്ങേറിയിരുന്ന കാലത്ത് സീലിയ, സായി ബാബയുടെ വഴിയിലേക്ക് കൂടുതലായി തിരിഞ്ഞു.
2011ൽ സായി ബാബ അന്തരിച്ചപ്പോൾ, മന്ത്രിയായിരുന്ന മഡുറോ ഔദ‍്യോഗികമായി അനുശോചന പ്രമേയം അവതരിപ്പിച്ചിരുന്നു. മഡുറോയെ യുഎസ് പിടികൂടുന്നതിന് ദിവസങ്ങൾക്ക് മുൻപ് സത‍്യസായി ബാബയുടെ ജന്മ ശതാബ്ദി വേളയിൽ മഡുറോ പ്രസ്താവനയിലൂടെ അനുസ്മരിക്കുകയും ചെയ്തിരുന്നു.