ഇറാനെ വീണ്ടും ആക്രമിക്കുമോ? ഒരുപക്ഷേ ഞായറാഴ്ചയെന്ന് ട്രംപ്

ഇറാനുമായി വലിയൊരു കരാറിലെത്താനുള്ള സാധ്യതയും ട്രംപ് തള്ളിക്കളഞ്ഞില്ല

Donald Trump

ഡോണൾഡ് ട്രംപ്

Updated on: 

വാഷിങ്ടൺ: ഇറാനെതിരേ അമെരിക്ക വീണ്ടും സൈനികാക്രമണം നടത്തിയേക്കുമെന്ന സൂചന നൽകി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഞായറാഴ്ച തന്നെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അന്തിമ തീരുമാനമായതായി വ്യക്തമാക്കിയില്ല. ഇറാനുമായി വലിയൊരു കരാറിലെത്താനുള്ള സാധ്യതയും ട്രംപ് തള്ളിക്കളഞ്ഞില്ല.

ശനിയാഴ്ച ഫ്ലോറിഡയിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഇറാനെതിരേ വീണ്ടും ആക്രമണമുണ്ടാകുമോയെന്ന ചോദ്യത്തിന്, “ഞാൻ അങ്ങനെ ചെയ്യുമോ എന്ന് നിങ്ങളോട് പറയുമെന്ന് കരുതുന്നുണ്ടോ? ഒരുപക്ഷേ നാളെ. ആക്രമണത്തിന് സാധ്യതയുണ്ട്. അതേസമയം, മികച്ചൊരു കരാറിലെത്താനും സാധ്യതയുണ്ട്” എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ഇറാൻ കരാറിലെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് തന്‍റെ വിലയിരുത്തലെന്നും എന്നാൽ അത്തരമൊരു കരാർ പാലിക്കാൻ ഇറാൻ തയാറാകുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാന് ആണവായുധം വികസിപ്പിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് അമെരിക്കയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ സൈനിക നടപടികളെ ന്യായീകരിച്ച ട്രംപ് അമെരിക്കൻ നാവികസേനയെയും സൈന്യത്തെയും പ്രശംസിച്ചു. ഇറാന്‍റെ യുദ്ധവിമാനങ്ങളെല്ലാം തകർത്തതായും 259 കപ്പലുകൾ കടലിന്‍റെ അടിത്തട്ടിലായെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാനിൽ റെക്കോർഡ് പണപ്പെരുപ്പം മാത്രമാണ് ശേഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ തർക്കം

അമെരിക്കയുടെ നാവിക ഉപരോധം പിൻവലിക്കുന്നതിന് പകരമായി ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാൻ നിർദേശിച്ചതായി സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത്തരമൊരു നിർദേശം ഇറാൻ മുന്നോട്ടുവച്ചിട്ടില്ലെന്നാണ് ഇറാനുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ അറിയിച്ചത്. പാക്കിസ്ഥാൻ വഴിയും പുതിയ നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നാണ് ഇറാന്‍റെ നിലപാട്. ആഗോള എണ്ണക്കടത്തിന്‍റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ സംഘർഷം അന്താരാഷ്ട്ര ഊർജവിപണിയെയും കപ്പൽ ഗതാഗതത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

സൈനിക നടപടിയുടെ സാധ്യത നിലനിർത്തുമ്പോഴും നയതന്ത്ര ചർച്ചകളിലൂടെ കരാറിലെത്താനുള്ള വാതിൽ ട്രംപ് തുറന്നിട്ടിരിക്കുകയാണ്. എന്നാൽ ആക്രമണം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തതായി അദ്ദേഹം പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ മേഖലയിൽ വീണ്ടും യുദ്ധം രൂക്ഷമാകുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com