
ഡോണൾഡ് ട്രംപ്
File photo
ഗാസ സിറ്റി: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. വെള്ളിയാഴ്ചയാണ് സമാധാനത്തിനുള്ള നൊബേല്‍ പ്രഖ്യാപിക്കുന്നത്.
ചരിത്രപരമായ ഗാസ-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാറില്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വഹിച്ച പങ്ക് വലുതാണ്. ഇത് സമാധാനത്തിനുള്ള നൊബേലിന് അദ്ദേഹത്തെ അര്‍ഹനാക്കുമെന്നാണു പലരും വിശ്വസിക്കുന്നത്. ടെല്‍ അവിവിലെയും ഗാസയിലെയും തെരുവുകളില്‍ നിന്നുള്ള ആഘോഷത്തിന്‍റെ ദൃശ്യങ്ങളില്‍ ഒരു കൂട്ടം ആളുകള്‍ സമാധാന കരാര്‍ നടപ്പിലാക്കാന്‍ സഹായിച്ചതിന് ട്രംപിനെ പ്രശംസിക്കുന്നതായി കാണിക്കുന്നുണ്ട്.
ദീര്‍ഘകാലമായി സമാധാനത്തിനുള്ള നൊബേല്‍ ലഭിക്കാന്‍ താന്‍ അര്‍ഹനാണെന്ന് ട്രംപ് ആവര്‍ത്തിച്ചു പറയുന്നുണ്ട്. 2025 ജനുവരിയില്‍ യുഎസിന്‍റെ പ്രസിഡന്‍റായി രണ്ടാമതും അധികാരമേറ്റതിനു ശേഷം ഇതുവരെയായി ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
എന്നാൽ, ഇന്ത്യ - പാക് സംഘർഷം അവസാനിപ്പിച്ചെന്ന അവകാശവാദം പ്രത്യക്ഷത്തിൽ ഇന്ത്യയും പരോക്ഷമായി പാക്കിസ്ഥാനും നിഷേധിച്ചിട്ടുണ്ട്.
വൈറ്റ് ഹൗസ് സോഷ്യല്‍ മീഡിയയില്‍ 'ദ പീസ് പ്രസിഡന്‍റ് ' (സമാധാന പ്രസിഡന്‍റ്) എന്ന അടിക്കുറിപ്പോടെ ട്രംപിന്‍റെ ഒരു ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു.