ഒക്റ്റോബർ ഏഴ്: ഭീകരാക്രമണത്തെ കുറിച്ച് നെതന്യാഹുവിന് യുഎഇ പ്രസിഡന്‍റ് മുൻകൂട്ടി മുന്നറിയിപ്പു നൽകിയെന്ന്...

നിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്
UAE President Sheikh Mohammed bin Zayed Al Nahyan,
Israel Prime Minister Benjamin Netanyahu

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

Updated on

ജറുസലേം: ഒക്റ്റോബർ ഏഴിലെ ഹമാസ് ഭീകരാക്രമണത്തിനു പത്തു ദിവസം മുമ്പ് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ വ്യക്തിപരമായി മുന്നറിയിപ്പു നൽകിയിരുന്നു എന്ന വാർത്ത പുറത്തു വന്നതോടെ ഇസ്രയേൽ രാഷ്ട്രീയത്തിൽ വീണ്ടും വിവാദപ്പുക. വരുന്ന ഒക്റ്റോബറിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ പ്രതിപക്ഷം കടുത്ത രാഷ്ട്രീയ നീക്കങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

എന്നാൽ വാർത്ത തികച്ചും വ്യാജമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രമുഖ ഇസ്രേയലി പത്രമായ ‘ഹാറെറ്റ്‌സ്’ ആണ് പുതിയ പുസ്തകത്തെ ആസ്പദമാക്കി നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടത്. ആക്രമണത്തിന് പത്ത് ദിവസം മുൻപ് നെതന്യാഹുവുമായി നടത്തിയ 45 മിനിറ്റ് നീണ്ട ഫോൺ സംഭാഷണത്തിൽ, ഗാസയിലെ ഹമാസ് നേതാവായിരുന്ന യഹ്യ സിൻവാർ ഇസ്രായേലിനെതിരെ വലിയ രീതിയിലുള്ള രക്തച്ചൊരിച്ചിലിനും മേഖലയെ അസ്ഥിരപ്പെടുത്തുന്നതുമായ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് യുഎഇ പ്രസിഡന്‍റ് വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്.

വരാനിരിക്കുന്ന ‘ഭൂകമ്പത്തെക്കുറിച്ച്’ സിൻവാർ നൽകിയ സൂചന മധ്യസ്ഥർ വഴി യുഎഇക്ക് ലഭിച്ചതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ, ഇസ്രായേൽ ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും സാധ്യതയുള്ള ആക്രമണങ്ങൾ വെസ്റ്റ് ബാങ്കിൽ നിന്നാകാനാണ് സാധ്യതയെന്നും പറഞ്ഞ് നെതന്യാഹു ഈ മുന്നറിയിപ്പ് തള്ളിക്കളയുകയായിരുന്നുവെന്ന് ഹാറെറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നു. വാർത്ത പുറത്തുവന്നതിന് പിന്നാലെ മുൻ പ്രധാനമന്ത്രിമാരായ ഗാഡി ഐസൻകോട്ട്, നാഫ്താലി ബെന്നറ്റ്, അവിഗ്ദോർ ലീബർമാൻ, യെയർ ഗോലാൻ തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ സംയുക്തമായി നെതന്യാഹുവിനെതിരെ രംഗത്തുവന്നു.

ഇത് വലിയ ക്രിമിനൽ അനാസ്ഥയാണെന്നും എന്തുകൊണ്ട് സുരക്ഷാ ഏജൻസികളെ വിവരമറിയിച്ചില്ലെന്നും ഉന്നതതല അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, പറഞ്ഞ കാലയളവിൽ യു.എ.ഇ പ്രസിഡന്‍റുമായി നെതന്യാഹു സംസാരിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പൂർണ്ണമായും കള്ളമാണെന്നും ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വരുന്ന തിരഞ്ഞെടുപ്പിൽ ഭീകരാക്രമണ മുന്നറിയിപ്പുകൾ നെതന്യാഹു അവഗണിച്ച സംഭവങ്ങൾ വലിയ പ്രചാരണ വിഷയമായി മാറിയിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com