

ധാക്ക: തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ബംഗ്ലാദേശിനെ ഇന്ത്യയുടെ ഭാഗമാക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ച് ധാക്കയിൽ മുതിർന്ന മാധ്യമപ്രവർത്തകയെ ജനക്കൂട്ടം വളഞ്ഞിട്ട് കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ബംഗ്ലാദേശിലെ ഒരു ന്യൂസ് ചാനലിന്‍റെ വാർത്താ വിഭാഗം മുൻ മേധാവിയും മുതിർന്ന മാധ്യമപ്രവർത്തകയുമായ മുന്നി സാഹയെയാണ് ഒരു കൂട്ടം ആളുകൾ വളഞ്ഞത്.
ശനിയാഴ്ച രാത്രി ധാക്കയിലെ കവ്റാൻ ബസാർ മേഖലയിലായിരുന്നു സംഭവം. ജനക്കൂട്ടം വളഞ്ഞുനിർത്തിയിരുന്ന മുന്നിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. അവർക്ക് ശരീരിക അസ്വസ്ഥ്യമുണ്ടായതായും റിപ്പോർട്ടുണ്ട്. ആരോഗ്യസ്ഥിതിയും വനിതയാണ് എന്നതും പരിഗണിച്ച് അവരെ വിട്ടയച്ചതായും പൊലീസ് മേധാവി വ്യക്തമാക്കി.
ഷേക്ക് ഹസീനയ്ക്ക് അധികാരം നഷ്ടപ്പെടുന്നതിലേക്ക് നയിച്ച സംവരണവിരുദ്ധ പ്രക്ഷോഭത്തില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് തിരയുന്നയാളാണ് മുന്നിയെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.