ലോകത്തിലെ ആദ്യ എഐ മന്ത്രി 'ഗർഭിണി': അൽബേനിയൻ പ്രധാനമന്ത്രി

83 എഐ സഹായികളെ സൃഷ്ടിക്കാനും പദ്ധതിയുള്ളതായി പ്രധാനമന്ത്രി

ബെർലിൻ: ലോകത്തിലെ ആദ്യത്തെ എഐ മന്ത്രിയായ അൽബേനിയയുടെ "ഡീല്ല' ഗർഭിണിയാണെന്ന് അൽബേനിയൻ പ്രധാനമന്ത്രി എഡി രാമ. സോഷ്യലിസ്റ്റ് പാർട്ടിയിലെ ഓരോ പാർലമെന്‍റ് അംഗത്തിനും വേണ്ടി ഓരോ എഐ സഹായികളെ അതായത് "ഡീല്ല'യുടെ 83 കുട്ടികളെ സൃഷ്ടിക്കാൻ പദ്ധതിയിടുന്നതിനെ കുറിച്ചാണ് പ്രധാനമന്ത്രി ഇങ്ങനെ ആലങ്കാരികമായി പറഞ്ഞത്.

ബെർലിനിൽ നടന്ന ഗ്ലോബൽ ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അൽബേനിയൻ മന്ത്രിസഭയിൽ പൊതു ഭരണ സംവിധാനം പൂർണമായും സുതാര്യവും അഴിമതി രഹിതവും ആക്കാൻ വേണ്ടിയാണ് "ഡീല്ല' യെ കഴിഞ്ഞ സെപ്റ്റംബറിൽ മന്ത്രിയായി നിയമിച്ചത്. പൊതു ടെൻഡറുകളുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കുന്ന ചുമതല "ഡീല്ല' 'യ്ക്കാണ്. ഇത് ടെൻഡറുകൾ നൂറു ശതമാനം അഴിമതി രഹിതമാക്കാൻ സഹായിക്കുമെന്നും ടെൻഡർ നടപടിക്രമങ്ങൾക്ക് സമർപ്പിക്കുന്ന എല്ലാ പൊതു ഫണ്ടുകളും തികച്ചും സുതാര്യമായിരിക്കുമെന്നും രാമ വെളിപ്പെടുത്തി.

"ഇ- അൽബേനിയ' പ്ലാറ്റ്ഫോമിൽ വെർച്വൽ അസിസ്റ്റന്‍റായി ജനുവരിയിൽ രംഗപ്രവേശം ചെയ്ത "ഡീല്ല' പൗരന്മാരെയും ബിസിനസുകളെയും സർക്കാർ രേഖകൾ നേടാൻ സഹായിച്ചിരുന്നു. പരമ്പരാഗത അൽബേനിയൻ വസ്ത്രം ധരിച്ച സ്ത്രീയുടെ രൂപത്തിലാണ് "ഡീല്ല' യെ അൽബേനിയ അവതരിപ്പിച്ചിട്ടുള്ളത്. നിർമിത ബുദ്ധിക്കു വേണ്ടിയുള്ള മന്ത്രി എന്നതിലുപരിയായി കോഡുകളും പിക്സലുകളും മാത്രം ഉൾക്കൊള്ളുന്ന ഒരു എഐ സ്ഥാപനം എന്ന നിലയിലാണ് "ഡീല്ല' പ്രവർത്തിക്കുന്നത്. മനുഷ്യനല്ലാത്ത ഒരു സർക്കാർ മന്ത്രിയെ ഔദ്യോഗികമായി നിയമിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് അൽബേനിയ.

"ഡീല്ല' യുടെ 83 കുട്ടികളും അൽബേനിയൻ പാർലമെന്‍റ് സമ്മേളനങ്ങളിൽ നടക്കുന്ന കാര്യങ്ങളെല്ലാം രേഖപ്പെടുത്തുന്നതിനും നിയമ നിർമാതാക്കൾക്ക് ചർച്ചകളെ കുറിച്ചോ അവർക്കു നഷ്ടമായ സംഭവങ്ങളെ കുറിച്ചോ വിവരങ്ങൾ നൽകാനും സഹായിക്കും.

പാർലമെന്‍റ് അംഗങ്ങളുടെ സഹായികളായിരിക്കും "ഡീല്ല' യുടെ കുട്ടികൾ. ഇവർ പാർലമെന്‍റ് സെഷനുകളിൽ പങ്കെടുക്കും. അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി വച്ച് പാർലമെന്‍റ് അംഗങ്ങൾക്ക് നിർദേശങ്ങൾ നൽകും. ഈ കുട്ടികൾക്കെല്ലാം അവരുടെ അമ്മ "ഡീല്ല' യുടെ അറിവുണ്ടാകും.' രാമ വിശദീകരിച്ചു. എഐ സഹായികൾ എങ്ങനെ പ്രവർത്തിക്കുമെന്നും രാമ വിശദീകരിച്ചു:

" റിപ്പോർട്ട് ചെയ്യാതെ ഒരു പാർലമെന്‍റ് അംഗം പുറത്തു പോയാൽ, തിരികെ വരാൻ മറന്നാൽ നിങ്ങൾ ഹാളിൽ ഇല്ലാതിരുന്നപ്പോൾ എന്തൊക്കെയാണ് അവിടെ സംഭവിച്ചതെന്ന് ഡീല്ലയുടെ കുട്ടി പറഞ്ഞു തരും'

2026 അവസാനത്തോടെ ഈ സംവിധാനം പൂർണമായി പ്രവർത്തന ക്ഷമമാകുമെന്നാണ് പ്രധാനമന്ത്രി പ്രതീക്ഷിക്കുന്നത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com