മറികടക്കാൻ വെല്ലുവിളികൾ; ട്രംപിന്‍റെ വിശ്വസ്തൻ ഇന്ത്യയിൽ

"നമ്മുടെ രണ്ട് രാജ്യങ്ങൾക്കും മുന്നിൽ അവിശ്വസനീയമായ അവസരങ്ങളുണ്ട്'എന്നാണു ഗോറിന്‍റെ ആദ്യ പ്രതികരണം.
US Ambassador to India Sergio Gore and Prime Minister Narendra Modi

ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറും പ്രധാനമന്ത്രി നരേന്ദ്രമോദിയും 

file photo

Updated on

ന്യൂഡൽഹി: ഇന്ത്യയും യുഎസുമായുള്ള ബന്ധം പരീക്ഷണഘട്ടത്തിലൂടെ നീങ്ങുമ്പോൾ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വിശ്വസ്തൻ സ്ഥാനപതിയായി ഡൽഹിയിലെത്തി. വൈറ്റ് ഹൗസ് പെഴ്സണൽ ഡയറക്റ്ററായിരുന്ന സെർജിയോ ഗോറാണ് പുതിയ ദൗത്യവുമായി ഇന്ത്യയിലെത്തിയത്. "നമ്മുടെ രണ്ട് രാജ്യങ്ങൾക്കും മുന്നിൽ അവിശ്വസനീയമായ അവസരങ്ങളുണ്ട്'എന്നാണു ഗോറിന്‍റെ ആദ്യ പ്രതികരണം.

കഴിഞ്ഞ നവംബർ മധ്യത്തിലാണു മുപ്പത്തെട്ടുകാരൻ ഗോർ ഇന്ത്യയിലെ യുഎസ് അംബാസഡറായി സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്‍റ് ട്രംപിനെ ഫോൺ വിളിച്ചിരുന്നെങ്കിൽ വ്യാപാരക്കരാർ യാഥാർഥ്യമായേനെയെന്ന അമെരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കിന്‍റെ പ്രസ്താവന ഉയർത്തിയ വിവാദത്തിനു പിന്നാലെയാണു ഗോറിന്‍റെ ദൗത്യം. ലുട്നിക്കിന്‍റെ പ്രസ്താവന ഇന്ത്യ തള്ളിയിരുന്നു.

റഷ്യൻ എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ ഇന്ത്യയ്ക്കെതിരേ നിലവിലുള്ള 50 ശതമാനം പിഴത്തീരുവ 500 ശതമാനമായി ഉയർത്താനുള്ള ബില്ലിന് ട്രംപ് കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഇതടക്കം നിരവധി വിഷയങ്ങളിൽ ഇന്ത്യ- യുഎസ് ബന്ധം പരീക്ഷണം നേരിടുകയാണ്. എന്നാൽ, ജീവിതത്തിലെ വലിയ ബഹുമതിയാണ് ഇന്ത്യൻ സ്ഥാനപതിയെന്ന ചുമതലയെന്നും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ താൻ ശ്രമിക്കുമെന്നും ഗോർ പറഞ്ഞു. കഴിഞ്ഞ വർഷം ജനുവരിയിൽ ട്രംപ് അധികാരമേറ്റതോടെ എറിക് ഗാർസെറ്റി രാജിവച്ച ഒഴിവിലാണു ഗോറിന്‍റെ നിയമനം. കഴിഞ്ഞ ഒക്റ്റോബറിൽ ആറു ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ ഗോർ പ്രധാനമന്ത്രിയെയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെയും കണ്ടിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com