

ജോർദാനിലെ യുഎസ് യുദ്ധവിമാനങ്ങളെ ആക്രമിച്ച് ഇറാൻ
ടെഹ്റാൻ: അമെരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പശ്ചിമേഷ്യയിൽ ഉടനീളം വ്യാപിക്കുന്നിതിനിടെ ജോർദാനിൽ വിന്യസിച്ചിരുന്ന യുഎസ് സൈനിക വിമാനങ്ങൾ ലക്ഷ്യമാക്കി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ വെള്ളിയാഴ്ച അറിയിച്ചു. ഖുസെസ്താൻ പ്രവിശ്യയിലെ അൽവാസിൽ കുട്ടികൾക്കുള്ള ക്യാൻസർ ആശുപത്രി തകർത്ത യുഎസ് ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് ഇറാൻ ആക്രമണം നടത്തിയത്. നിരവധി അമെരിക്കൻ യുദ്ധവിമാനങ്ങളും പറന്നുകൊണ്ടിരിക്കുമ്പോൾ തന്നെ മറ്റു വിമാനങ്ങളിലേയ്ക്ക് ഇന്ധനം കൈമാറാൻ രൂപകൽപ്പന ചെയ്തിട്ടുള്ള സൈനിക വിമാനങ്ങളും തകർക്കപ്പെട്ടതായി ഇറാൻ അവകാശപ്പെട്ടു. ജോർദാനിലെ യുഎസ് വിമാനങ്ങൾക്കു പുറമേ മേഖലയിൽ ഉടനീളമുള്ള അമെരിക്കൻ സഖ്യസേനയുടെ താവളങ്ങൾക്കെതിരേ ആക്രമണം നടത്തിയതായും ഇറാൻ പറഞ്ഞു.
ഈ ആഴ്ച ആദ്യം ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടതിനുള്ള പ്രതികാരമെന്ന നിലയിൽ ജോർദാൻ അതിർത്തിക്കു സമീപം സിറിയയിലെ അൽ-തൻഫിലുള്ള സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ് സെന്‍ററിനെ ആക്രമിച്ചതായും ഇറാൻ അവകാശപ്പെട്ടു. ജോർദാനിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ഓപ്പറേഷൻ നസ്ർ 2 ന്‍റെ പതിനാലാം ഘട്ടത്തിന്‍റെ ഭാഗമായിട്ടായിരുന്നെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ (ഐആര്‍ജിസി) എയ്റോ സ്പേസ് ഫോഴ്സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം തങ്ങളുടെ വ്യോമാതിർത്തിയിലേയ്ക്കു പ്രവേശിക്കാൻ ശ്രമിച്ച മൂന്നു മിസൈലുകൾ വെടി വച്ചിട്ടതായി ജോർദാൻ സൈന്യം പറഞ്ഞു. ഈ സംഭവവികാസങ്ങൾ പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ വ്യാപിക്കാനുള്ള സാധ്യതയാണ് ഉയർത്തിയിരിക്കുന്നത്. മേഖലയിലെ അമെരിക്കയുടെ സഖ്യരാജ്യങ്ങളിൽ പലതും ഇതിനകം തന്നെ ഇറാന്‍റെ ആക്രമണങ്ങൾ നേരിടുകയാണ്.
ആക്രമണം കടുപ്പിച്ച് യുഎസ്, തിരിച്ചടിച്ച് ഇറാനും
വെള്ളിയാഴ്ച തുടർച്ചയായി ആറാം ദിവസവും ഇറാനിൽ അമെരിക്ക ശക്തമായ ആക്രമണങ്ങൾ നടത്തി. കുറഞ്ഞത് എട്ടു പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.തെക്കൻ ഇറാനിലെ പാലങ്ങൾ, വിമാനത്താവളങ്ങൾ, വൈദ്യുതി നിലയങ്ങൾ, റെയിൽവേ സ്റ്റേഷൻ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായതായി ഇറാനിലെ ഒരു ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു.
വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് പൗരന്മാരോട് ഇറാൻ
തെക്കൻ പ്രവിശ്യകളിലെ ജനങ്ങളോട് വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാൻ ഇറാന്‍റെ ഊർജമന്ത്രാലയം ആഹ്വാനം ചെയ്തു. കടുത്ത ചൂടിനു പുറമേ വൈദ്യുത അടിസ്ഥാന സൗര്യങ്ങൾക്കു നേരെ യുഎസിൽ നിന്നുള്ള ആക്രമണങ്ങളെയും ഈ പ്രദേശങ്ങൾ ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. അമെരിക്കയുടെ വ്യോമാക്രമണ പരമ്പരയ്ക്കിടെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾക്കു നേരെ ആക്രമണങ്ങൾ ഉണ്ടായതായി ഇറാൻ വെള്ളിയാഴ്ച ആദ്യമായി സമ്മതിച്ചു.
എന്നാൽ വൈദ്യുത നിലയങ്ങൾ, പ്രസരണ ലൈനുകൾ, അതോ മറ്റുപകരണങ്ങൾ എന്നിവയിലാണോ ആക്രമണം നടന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയില്ല. ഇറാനെതിരേ കഴിഞ്ഞയാഴ്ച ആക്രമണം പുനരാരംഭിച്ചപ്പോൾ പാലങ്ങളും വൈദ്യുത നിലയങ്ങളും ലക്ഷ്യമിടുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.