

പശ്ചിമേഷ്യൻ യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയെ ഘട്ടം ഘട്ടമായാണ് ബാധിക്കുന്നതെന്ന് ലോകബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഇന്ദർമിത് ഗിൽ
പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം ഭക്ഷ്യ പ്രതിസന്ധിക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി ലോക ബാങ്ക്. അമെരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ലോകത്തിന് വൻ ഭീഷണിയാണെന്നും ലോകബാങ്ക് പ്രസ്താവനയിൽ പറയുന്നു.
പശ്ചിമേഷ്യയിലെ വർധിച്ചു വരുന്ന സംഘർഷങ്ങൾ ആഗോള ഊർജ വിപണിയെയും മറ്റു ഭക്ഷ്യ വസ്തുക്കൾ ഉൾപ്പടെയുള്ള ചരക്കു വിപണികളെയും ഭയാനകമായി ബാധിച്ചേക്കാം. യുദ്ധ സാഹചര്യങ്ങൾ തുടരുന്നത് ലോകമെമ്പാടും വൻ വിലക്കയറ്റത്തിന് കാരണമാകുകയും സാമ്പത്തിക വളർച്ചാ നിരക്കിനെ മന്ദഗതിയിൽ ആക്കുകയും ചെയ്യും.
പശ്ചിമേഷ്യൻ യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയെ ഘട്ടം ഘട്ടമായാണ് ബാധിക്കുന്നതെന്ന് ലോകബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഇന്ദർമിത് ഗിൽ പറഞ്ഞു. ഊർജ വില വർധനവിനു പിന്നാലെ ഭക്ഷ്യ വസ്തുക്കളുടെ വിലയും ഉയരും. ഇതിന്‍റെ ഫലമായി പലിശ നിരക്കുകൾ വർധിക്കുകയും കടമെടുപ്പ് ചെലവേറിയതാകുകയും ചെയ്യും.
വരുമാനത്തിന്‍റെ വലിയൊരു ഭാഗം ഭക്ഷണത്തിനും ഇന്ധനത്തിനുമായി ചെലവഴിക്കുന്ന പാവപ്പെട്ട ജനങ്ങളെയാകും ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. 2026ൽ വളം വില 31 ശതമാനം വർധിക്കുമെന്നും ഇത് കർഷകരുടെ വരുമാനം കുറയ്ക്കുകയും ഭാവിയിലെ കാർഷിക വിളവെടുപ്പിനെ ബാധിക്കുകയും ചെയ്യുമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
യുദ്ധം നീണ്ടു പോയാൽ ലോകമെമ്പാടുമുള്ള 4.5 കോടി ജനങ്ങൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയിലേയ്ക്ക് നീങ്ങുമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകുന്നു. നേരത്തേ ഐക്യരാഷ്ട്ര സഭയും സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസ്-ഇറാൻ യുദ്ധം കാരണം ഹോർമൂസ് കടലിടുക്ക് അടഞ്ഞത് ഇന്ധന വിതരണത്തെ മാത്രമല്ല, വളം വിതരണത്തെയും തകർത്തിട്ടുണ്ട്.
ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, സൊമാലിയ, സുഡാൻ, ടാൻസാനിയ, കെനിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് വൻ തോതിൽ ഭക്ഷ്യ പ്രതിസന്ധി നേരിടാൻ സാധ്യതയുളളതെന്ന് എഫ്എഒ വ്യക്തമാക്കുന്നു. യുദ്ധം അവസാനിച്ചാൽ പോലും ഇതിന്‍റെ ഫലമായി ലോകത്തെ 3 കോടിയിലധികം ആളുകൾ ദാരിദ്ര്യത്തിലേയ്ക്ക് തള്ളപ്പെടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.