

റഷ്യയ്ക്ക് ഒരിഞ്ചു ഭൂമി പോലും വിട്ടു കൊടുക്കില്ല: സെലൻസ്കി
file photo
റോം: യുക്രെയ്ന്‍റെ ഒരിഞ്ചു ഭൂമി പോലും വിട്ടു കൊടുത്ത് റഷ്യയുമായുള്ള സമാധാന കരാറിന് തങ്ങളില്ലെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലൻസ്കി. യൂറോപ്യൻ രാജ്യങ്ങളിലെ ഭരണ നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് സെലൻസ്കി തന്‍റെ നിലപാട് അറിയിച്ചത്. ഈ നിലപാടിന് അനുകൂലമായാണ് ബ്രിട്ടൻ, ജർമനി ഉൾപ്പടെയുള്ള രാജ്യത്തലവന്മാരും അഭിപ്രായം രേഖപ്പെടുത്തിയത്.
റഷ്യ സൈനിക നേട്ടമുണ്ടാക്കിയ മേഖലകൾ അടിയറ വച്ച് യുദ്ധം അവസാനിപ്പിക്കണമെന്ന അമെരിക്കയുടെ ആവശ്യമാണ് സെലൻസ്കി തള്ളിയത്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുൻകൈ എടുത്ത് തയാറാക്കിയ സമാധാന പദ്ധതിയിലെ നിർദേശങ്ങളിൽ ആവശ്യമായ മാറ്റം വരുത്തി പുതിയ കരട് തയാറാക്കി നൽകാമെന്നും സെലൻസ്കി പറഞ്ഞു.
അമെരിക്ക നൽകിയ സമാധാന നിർദേശത്തിന് യുക്രെയ്ൻ മറുപടി നൽകണമെന്ന ട്രംപിന്‍റെ ആവശ്യത്തോടുള്ള പ്രതികരണമായാണ് ഇക്കാര്യം സെലൻസ്കി പറഞ്ഞത്.റഷ്യയുടെ ഭാഗത്തു നിന്നുള്ള സമ്മർദ്ദങ്ങൾക്കിടയിലും ഒരു ഇഞ്ച്ഭൂമി പോലും വിട്ടു കൊടുക്കില്ലെന്നും കൂട്ടിച്ചേർത്തു. എന്നാൽ അമെരിക്കൻ സമാധാനക്കരാർ സെലൻസ്കി ഇതുവരെ പൂർണമായി പരിശോധിച്ചിട്ടില്ലെന്നും സെലൻസ്കി അത് പൂർണമായി വായിക്കണം എന്നും ട്രംപ് ആവശ്യപ്പെട്ടു.
യുദ്ധത്തിൽ റഷ്യ പിടിച്ചെടുത്ത സ്ഥലം യുക്രെയ്ൻ വിട്ടു നൽകുന്നതാണ് നല്ലതെന്ന് യുഎസ് മാധ്യമമായ പൊളിറ്റിക്കോ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ട്രംപ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നയതന്ത്ര നടപടികൾ വേഗത്തിലാക്കി സെലൻസ്കി യൂറോപ്യൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. റോമിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
സമാധാന പ്രക്രിയയുടെ പുരോഗതിയെ കുറിച്ചും ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ തടയാൻ ശക്തമായ സുരക്ഷാ ഉറപ്പുകൾ നൽകുന്നതിനെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. കഴിഞ്ഞ ദിവസം ലണ്ടനിൽ വച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് എന്നിവരുമായും സെലൻസ്കി ചർച്ചകൾ നടത്തിയിരുന്നു.