

ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി ,ട്രംപ്
file photo
ടെഹ്റാൻ: ഇറാനികളുടെ പ്രധാന കൊലയാളികൾ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമാണ് എന്ന് തുറന്നടിച്ച് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയും മുൻ പാർലമെന്‍റ് സ്പീക്കറുമായ അലി ലാരിജാനി. എക്സിലൂടെയാണ് ലാരിജാനി ട്രംപിനും നെതന്യാഹുവിനുമെതിരെ തുറന്നടിച്ചത്.
സർക്കാർ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ ഡോണൾഡ് ട്രംപ് പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്തു മണിക്കൂറുകൾക്കുള്ളിലാണ് ലാരിജാനിയുടെ ഈ കുറിപ്പ്.ഇറാനിൽ പ്രതിഷേധക്കാർ കൊല്ലപ്പെട്ടതിനു പിന്നാലെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനിയൻ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകൾ റദ്ദാക്കിയിരുന്നു.
പ്രതിഷേധത്തിൽ കൊല്ലപ്പെട്ട പ്രായപൂർത്തിയാകാത്ത 23 കുട്ടികൾ
social media
ഇതിനു പിന്നാലെയാണ് ഇറാൻ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനി ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ഇറാൻ ജനതയുടെ പ്രധാന കൊലയാളികൾ എന്ന് അതിരൂക്ഷമായി വിമർശിച്ചത്. രാജ്യത്ത് പ്രതിഷേധങ്ങൾ തുടരുന്നതിനിടെ ഇതു വരെ പതിനായിരങ്ങൾ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ഔദ്യോഗിക റിപ്പോർട്ട് പ്രകാരം ഇത് 2,403 പേരാണ്.
ഇറാൻ ജനതയുടെ പ്രധാന കൊലയാളികളുടെ പേരുകൾ ഞങ്ങൾ പ്രഖ്യാപിക്കുന്നു. ഒന്ന്-ട്രംപ്, രണ്ട്-നെതന്യാഹു എന്നാണ് ലാരിജാനി എക്സിൽ കുറിച്ചത്. രാഷ്ട്രീയ അസ്ഥിരതയെ പ്രോത്സാഹിപ്പിക്കുകയും അക്രമത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന നടപടിയാണ് ട്രംപ് സ്വീകരിക്കുന്നതെന്ന് ഇറാന്‍റെ യുഎൻ അംബാസിഡർ അമീർ സയീദ് ഇറവാനി ആരോപിച്ചു.
ഇത് രാജ്യത്തിന്‍റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളുടെ മരണത്തിന് യുഎസും ഇസ്രേയലും ഉത്തരവാദികളാണെന്ന് യുഎൻ സുരക്ഷാ കൗൺസിലിന് അയച്ച കത്തിൽ അമീർ സയീദ് ഇറവാനി പറഞ്ഞു. ചൊവ്വാഴ്ച ട്രംപ് നടത്തിയ ഒരു സോഷ്യൽ മീഡിയ പോസ്റ്റിനു മറുപടിയായാണ് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിന് അമീർ സയീദ് കത്തയച്ചത്. ഇറാൻ ഇന്‍റർനാഷണൽ ടെലിവിഷൻ നെറ്റ് വർക്ക് പുറത്തു വിട്ട കണക്കു പ്രകാരം ചൊവ്വാഴ്ച വരെ മാത്രം 12,000 പേർ ഈ സർക്കാർ വിരുദ്ധ പ്രകടനങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനു ശേഷം കൊല്ലപ്പെട്ടതായി വ്യക്തമാക്കുന്നു.
പ്രായപൂർത്തിയാകാത്ത 23 കുട്ടികൾ ഈ പ്രതിഷേധത്തിൽ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്‍റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു. 2022ൽ മഹ്സ അമ്നി എന്ന യുവതിയെ ഇറാൻ സദാചാരക്കൊലയ്ക്ക് ഇരയാക്കിയതിനെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിൽ പ്രായപൂർത്തിയാകാത്ത 58 കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധങ്ങൾ ആരംഭിച്ച ശേഷം രാജ്യവ്യാപകമായി ഏറ്റവും കുറഞ്ഞത് 18,137 പേർ ഇറാനിൽ അറസ്റ്റിലായതായി ഹ്യൂമൻ റൈറ്റ്സ് ആക്റ്റിവിസ്റ്റ്സ് ന്യൂസ് ഏജൻസി പറയുന്നു.