

ഇന്ത്യയ്ക്ക് സ്റ്റെല്‍ത്ത് വിമാനം വാഗ്ദാനം ചെയ്ത് പുടിന്‍
മോസ്‌കോ: റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ഫൈറ്റര്‍ വിമാനമായ സുഖോയ് എസ്‌യു്-57 ഇന്ത്യയുമായി ചേര്‍ന്ന് വികസിപ്പിക്കാനും നിര്‍മിക്കാനും തയാറാണെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡ്മിര്‍ പുടിന്‍. എസ്‌യു-57 വിമാനത്തിന്‍റെ നിര്‍ണായക സാങ്കേതികവിദ്യ ഇന്ത്യയുമായി പങ്കുവയ്ക്കാമെന്നും പുടിന്‍ അറിയിച്ചു. നിലവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ആയുധശേഖരത്തില്‍ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളൊന്നുമില്ല.
മാത്രമല്ല, പാക്കിസ്ഥാന്‍ ഉടന്‍ തന്നെ ചൈനയുടെ ഷെന്‍യാങ് ജെ-35എഇ സ്റ്റെല്‍ത്ത് വിമാനങ്ങള്‍ സ്വന്തമാക്കാനിരിക്കുകയുമാണ്. തദ്ദേശീയമായി നിര്‍മിച്ച അഞ്ചാം തലമുറ ജെറ്റ് (അഡ്വാന്‍സ്ഡ് മീഡിയം കോംപാക്റ്റ് എയര്‍ക്രാഫ്റ്റ്) വികസിപ്പിക്കാനുള്ള ഇന്ത്യയുടെ സ്വന്തം പദ്ധതി നിലവില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇത് 2030-ാടെയായിരിക്കും സൈന്യത്തിന്‍റെ ഭാഗമാകുക. ഇക്കാലയളവില്‍ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ കുറവ് നികത്താന്‍ റഷ്യയുടെ എസ്‌യു-57 വിമാനങ്ങളിലൂടെ ഇന്ത്യയ്ക്ക് സാധിക്കും.
റഷ്യയുടെ മുന്‍നിര യുദ്ധവിമാനമാണ് എസ്‌യു-57. വ്യോമാക്രമണത്തിനു പുറമെ കര, സമുദ്ര തലത്തിലുള്ള ആക്രമണം നടത്താനും കഴിവുള്ള ഒരു മള്‍ട്ടിറോള്‍ ഫൈറ്ററാണ് എസ്‌യു-57. ചൈനയുടെ ജെ-35, അമെരിക്കയുടെ എഫ്-35 എന്നിവയ്‌ക്കൊപ്പമാണ് നിലവില്‍ എസ്‌യു-57നെയും കണക്കാക്കുന്നത്.
എസ്‌യു-57 വിമാനങ്ങളോട് 2018ല്‍ ന്യൂഡല്‍ഹി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ചില പോരായ്മകളുണ്ടെന്ന കാരണത്താല്‍ ഇന്ത്യന്‍ വ്യോമസേന കരാറുമായി മുന്നോട്ടുപോയില്ല. എസ്‌യു-57 വിമാനത്തിന്‍റെ സ്റ്റെല്‍ത്ത് സംബന്ധിച്ച സവിശേഷതകളില്‍ ഇന്ത്യന്‍ വ്യോമസേന തൃപ്തരല്ലെന്നും അക്കാലത്ത് നിരവധി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.
സാങ്കേതികവിദ്യാ കൈമാറ്റത്തെക്കുറിച്ചും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം പ്രശ്‌നങ്ങള്‍ റഷ്യ പരിഹരിച്ചതായിട്ടാണ് പുടിന്‍റെ പ്രസ്താവന സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനുമായുള്ള സംഘര്‍ഷത്തിനു ശേഷം ഇന്ത്യ 40 എസ്‌യു-57 ജെറ്റുകള്‍ ഓര്‍ഡര്‍ ചെയ്‌തേക്കുമെന്നു സമീപകാലത്ത് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.