ഡോക്‌ലാം, ഗൽവാൻ സംഘർഷങ്ങൾക്ക് പിന്നിലെ ചൈനീസ് ജനറൽ ഷാവോ സോങ്‌ചിയെ നീക്കി ഷി ജിൻപിങ്

ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിൽ നിന്ന് ഉൾപ്പെടെ മൂന്ന് പദവികളിൽ നിന്നാണ് ഷാവോയെ നീക്കിയത്
Chinese General Zhao Zongqi

ചൈനീസ് ജനറൽ ഷാവോ സോങ്‌ചി

Updated on

ബെയ്ജിങ്: ഇന്ത്യയുമായുള്ള ഡോക്‌ലാം സംഘർഷത്തിലും ഗൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിലും നിർണായക പങ്കുവഹിച്ച ചൈനീസ് ജനറൽ ഷാവോ സോങ്‌ചിയെ ഉന്നത രാഷ്ട്രീയ പദവികളിൽനിന്ന് നീക്കി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്. ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിൽ നിന്ന് ഉൾപ്പെടെ മൂന്ന് പദവികളിൽ നിന്നാണ് ഷാവോയെ നീക്കിയത്.

ചൈനയുടെ പടിഞ്ഞാറൻ അതിർത്തികളിലെ സൈനിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വെസ്റ്റേൺ തിയെറ്റർ കമാൻഡിന്‍റെ ആദ്യ കമാൻഡറായിരുന്നു ഷാവോ സോങ്‌ചി. ഇന്ത്യയുമായുള്ള അതിർത്തി മേഖലയിലെ സൈനിക നടപടികളും ഈ കമാൻഡിന്‍റെ പരിധിയിലാണ്. ഷാവോയുടെ പുറത്താക്കിയ നീക്കം ചൈനീസ് സൈന്യത്തിലെ അഴിമതിക്കെതിരേ ഷി ജിൻപിങ് നടത്തുന്ന വിപുലമായ നടപടികളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

ആരാണ് ഷാവോ സോങ്‌ചി?

1955ൽ ചൈനയിലെ ഹെയ്‌ലോങ്ജിയാങ് പ്രവിശ്യയിൽ ജനിച്ച ഷാവോ 16ാാം വയസിലാണ് പീപ്പിൾസ് ലിബറേഷൻ ആർമിയിൽ (പിഎൽഎ) ചേർന്നത്. 1979ലെ ചൈന-വിയറ്റ്നാം യുദ്ധത്തിൽ അദ്ദേഹം പങ്കെടുത്തു.

1986 മുതൽ 1988 വരെ പിഎൽഎയുടെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അറബി പഠിച്ച അദ്ദേഹം പിന്നീട് ടാൻസാനിയയിലെ ചൈനീസ് എംബസിയിൽ സൈനിക അറ്റാഷെയായി പ്രവർത്തിച്ചു. 1989ൽ ചൈനയിൽ തിരിച്ചെത്തിയ ഷാവോ നിരവധി ഉന്നത സൈനിക പദവികൾ വഹിച്ചു. 1990ൽ പുതുതായി രൂപീകരിച്ച മൗണ്ടൻ ബ്രിഗേഡിന്‍റെ ആദ്യ കമാൻഡറായി. തുടർന്ന് ടിബറ്റ് മിലിട്ടറി റീജിയനിൽ സേവനമനുഷ്ഠിക്കുകയും പിഎൽഎയുടെ 13, 14 ഗ്രൂപ്പ് ആർമികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

2007ൽ ജിനാൻ മിലിട്ടറി റീജിയന്‍റെ ചീഫ് ഓഫ് സ്റ്റാഫായി. 2009ൽ ലെഫ്റ്റനന്‍റ് ജനറലായി സ്ഥാനക്കയറ്റം ലഭിച്ചു. 2012ൽ ജിനാൻ മിലിട്ടറി റീജിയന്‍റെ കമാൻഡറായി. 2015ൽ ജനറൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു.

2016ൽ രൂപീകരിച്ച വെസ്റ്റേൺ തിയറ്റർ കമാൻഡിന്‍റെ ആദ്യ കമാൻഡറായി ഷാവോ നിയമിതനായി. 2017ലെ ഡോക്‌ലാം സംഘർഷകാലത്തും 2020ലെ ഗൽവാൻ താഴ്‌വരയിലെ ഇന്ത്യ-ചൈന ഏറ്റുമുട്ടലിനിടയിലും അദ്ദേഹം ഈ പദവിയിലായിരുന്നു.

ചൈനീസ് സൈന്യത്തിൽ വൻ അഴിച്ചുപണി

ഇതിനിടെ ചൈനയുടെ പരമോന്നത സൈനിക സംവിധാനമായ സെൻട്രൽ മിലിട്ടറി കമ്മിഷനിൽനിന്ന് രണ്ട് ഉന്നത ഉദ്യോഗസ്ഥരെയും നീക്കി. കമ്മിഷൻ വൈസ് ചെയർമാൻ ഷാങ് യൗഷിയ, കമ്മിഷൻ അംഗവും ജോയിന്‍റ് സ്റ്റാഫ് ഡിപ്പാർട്ട്‌മെന്‍റ് മേധാവിയുമായ ലിയു ഷെൻലി എന്നിവരെയാണ് അന്വേഷണങ്ങൾക്ക് പിന്നാലെ നീക്കിയത്.

അച്ചടക്കവും നിയമവും ലംഘിച്ചതുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളാണ് ഇവർക്കെതിരേ ഉയർന്നതെന്നാണ് റിപ്പോർട്ട്. ഇതോടെ ഏഴ് അംഗങ്ങളുള്ള സെൻട്രൽ മിലിട്ടറി കമ്മിഷനിൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഉൾപ്പെടെ രണ്ട് സജീവ അംഗങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com