ഇന്ത്യയുടെ രണ്ട് ടാങ്കറുകള്‍ കൂടി ഹോര്‍മുസ് കടന്നു

ഇന്നലെ ഹോര്‍മുസ് കടന്ന ഇന്ത്യന്‍ പതാകയേന്തിയ രണ്ട് ടാങ്കറുകള്‍ക്ക് അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേന അകമ്പടി സേവിക്കുന്നുണ്ട്.
Two more Indian tankers pass through the Strait of Hormuz

ഇന്ത്യയുടെ രണ്ട് ടാങ്കറുകള്‍ കൂടി ഹോര്‍മുസ് കടന്നു

file photo

Updated on

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള രണ്ട് എല്‍പിജി ടാങ്കറുകള്‍ കൂടി ശനിയാഴ്ച ഹോര്‍മുസ് കടന്നു. യുദ്ധത്തിന്‍റെ തുടക്കം മുതല്‍ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്ന ഹോര്‍മുസിലൂടെ ബിഡബ്ല്യു ഇഎല്‍എം, ബിഡബ്ല്യു ടിവൈആര്‍ എന്നീ ടാങ്കറുകള്‍ സഞ്ചരിച്ചെന്നും ഇപ്പോള്‍ ഒമാന്‍ ഉള്‍ക്കടലിലേക്ക് നീങ്ങുന്നതായും ഏറ്റവും പുതിയ ഷിപ്പിങ് ഡാറ്റ സൂചിപ്പിച്ചു.

90,000 ടണ്ണിലധികം എല്‍പിജി (പാചക വാതകം) വഹിച്ചു കൊണ്ട് മണിക്കൂറില്‍ 27 കിലോമീറ്റര്‍ വേഗതയിലാണ് ഇന്ത്യന്‍ പതാകയേന്തിയ രണ്ട് ടാങ്കറുകള്‍ ഹോര്‍മുസിലൂടെ സഞ്ചരിച്ചത്. ഊര്‍ജ ആവശ്യത്തിന്‍റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് രണ്ട് കപ്പലുകള്‍ ഹോര്‍മുസ് കടന്നെന്ന വാര്‍ത്ത.

അസംസ്‌കൃത എണ്ണ വഹിക്കുന്ന അഞ്ച് ഇന്ത്യന്‍ ടാങ്കറുകള്‍ ഇപ്പോഴും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനടുത്ത് നങ്കൂരമിട്ടിരിക്കുകയാണ്. ഇവയും വരും ദിവസങ്ങളില്‍ ഹോര്‍മുസ് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹോര്‍മുസിലൂടെ അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് മാത്രമായിരിക്കും സുരക്ഷിത യാത്ര അനുവദിക്കുകയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞിരുന്നു. ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാക്കിസ്ഥാന്‍ എന്നിവയാണ് ഇറാന്‍റെ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിലിടം നേടിയിരിക്കുന്നത്. ഇറാന്‍റെ ശത്രുക്കളുമായി ബന്ധപ്പെട്ട കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഉപരോധം നേരിടേണ്ടിവരുമെന്നും അരാഗ്ചി മുന്നറിയിപ്പ് നല്‍കി.

ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിനു ശേഷം ഇതുവരെ ഇന്ത്യന്‍ പതാക വഹിച്ച നാല് കപ്പലുകളാണ് ഹോര്‍മുസ് കടന്നുപോയത്. ജഗ് വസന്ത്, പൈന്‍ ഗ്യാസ്, ശിവാലിക്, നന്ദാദേവി എന്നിവയാണ് നാല് കപ്പലുകള്‍.

ഇന്നലെ ഹോര്‍മുസ് കടന്ന ഇന്ത്യന്‍ പതാകയേന്തിയ രണ്ട് ടാങ്കറുകള്‍ക്ക് അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേന അകമ്പടി സേവിക്കുന്നുണ്ട്. ഓപ്പറേഷന്‍ ഊര്‍ജ സുരക്ഷയുടെ ഭാഗമായിട്ടാണിത്. ഹോര്‍മുസിലൂടെ കപ്പലുകളെ നയിക്കുന്നതിലും ഇന്ത്യന്‍ നാവികസേന ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മുന്‍കാലങ്ങളിലും ഓപ്പറേഷന്‍ സങ്കല്‍പ്പിന് കീഴില്‍ കടല്‍ക്കൊള്ളയ്‌ക്കെതിരേയുള്ള പ്രവര്‍ത്തനത്തില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് അകമ്പടി സേവിക്കുന്നതില്‍ ഇന്ത്യന്‍ നാവികസേന ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com