

മിഷിഗൺ ജനപ്രതിനിധി സഭയിൽ സ്പീക്കറായി ഇന്ത്യൻ വംശജനായ രൺജീവ് പുരി
വാഷിങ്ടൺ: മിഷിഗൺ സംസ്ഥാന ജനപ്രതിനിധി സഭയുടെ സ്പീക്കറായി ഡെമോക്രാറ്റിക് പാർട്ടി നേതാവ് രൺജീവ് പുരി തെരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജനെന്ന പദവിയും 42കാരനായ രൺജീവ് സ്വന്തമാക്കി. വ്യാഴാഴ്ചയാണ് സ്പീക്കറായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. തന്നെ വിശ്വാസത്തിലെടുത്ത് ഈ പദവിയിലേക്ക് തിരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്നും പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പ്രതികരിച്ചു.
തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാൻ ഡാരിൻ കാമിലേരിയുമായും നിയുക്ത ഗവർണർ ജോസെലിൻ ബെൻസണുമായും ചേർന്നു പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് രൺജീവ് വ്യക്തമാക്കി. 2020-ല്‍ മിഷിഗണ്‍ ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ സഭയിലെത്തുന്ന ആദ്യ സിഖ്-അമേരിക്കക്കാരനെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
പഞ്ചാബിൽ നിന്ന് അമെരിക്കയിലേയ്ക്കു കുടിയേറിയ മാതാപിതാക്കളുടെ പുത്രനാണ് രൺജീവ് പുരി. 2025ൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള 110 അംഗ ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായി അദ്ദേഹം നിയമിതനായി. മൂന്നാം തവണയാണ് സംസ്ഥാന ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
മുൻ അമെരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ 2008, 2012 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും രണ്ജീവ് പുരി സജീവമായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഷിക്കാഗോ സര്‍വകലാശാലയിലെ ബൂത്ത് സ്കൂള്‍ ഒഫ് ബിസിനസില്‍ നിന്ന് എംബിഎ നേടി. തുടര്‍ന്ന് മിഷിഗണിലേക്ക് മടങ്ങിയ അദ്ദേഹം വാഹന വ്യവസായ മേഖലയിലും പ്രവര്‍ത്തിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം സാമ്പത്തിക, വ്യവസായ മേഖലകളിലെ അനുഭവസമ്പത്തും അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തിന് കരുത്തായി.
രൺജീവ് പുരിയുടെ സ്ഥാനലബ്ധിയെ ഇന്ത്യൻ അമെരിക്കൻ ഇംപാക്റ്റ് എക്സിക്യൂട്ടീവ് ഡയറക്റ്റർ ചിന്തൻ പട്ടേൽ അഭിനന്ദിച്ചു. ആരോഗ്യ പരിരക്ഷ മുതല്‍ ഭവനനിര്‍മാണം വരെയുള്ള മേഖലകളില്‍ ജീവിതച്ചെലവ് കുറയ്ക്കുന്നതിനാണ് രണ്ജീവ് മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണേഷ്യന്‍ വംശജര്‍ക്കെതിരായ വിദ്വേഷപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമൂഹങ്ങളുടെ സുരക്ഷയ്ക്കും മിഷിഗണിലെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അദ്ദേഹം പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പട്ടേല്‍ വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിന്റെയും മാഗാ രാഷ്ട്രീയ അജണ്ടയുടെയും നീക്കങ്ങളെ ചെറുക്കുന്നതിനൊപ്പം സാധാരണ കുടുംബങ്ങൾക്ക് ജീവിതം കൂടുതൽ താങ്ങാനാകുന്നതാക്കാൻ രൺജീവിന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് വിഭാഗത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.