ഐക്യരാഷ്ട്ര സഭയിൽ യുഎൻ ഉദ്യോഗസ്ഥർക്കെതിരേ ആഞ്ഞടിച്ച് ഇസ്രയേൽ നയതന്ത്രജ്ഞൻ|വീഡിയോ

നയതന്ത്ര മര്യാദകൾ ലംഘിച്ചു കൊണ്ടുള്ള ഈ കടുത്ത വാക്കുതർക്കം ഗാസ-ഇസ്രയേൽ യുദ്ധത്തെക്കുറിച്ചുള്ള യുഎൻ റിപ്പോർട്ടുകളോട് ടെൽ-അവീവിനുള്ള കടുത്ത ദേഷ്യത്തെ വ്യക്തമാക്കുന്നു.
Israel's UN Ambassador Danny Danon

ഇസ്രയേലിന്‍റെ യുഎൻ അംബാസിഡർ ഡാനി ഡാനോൺ

Updated on

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയിൽ പൊതു തെളിവെടുപ്പിനിടെ യുഎൻ ഉദ്യോഗസ്ഥർക്കെതിരേ ആഞ്ഞടിച്ച് ഇസ്രയേൽ നയതന്ത്ര പ്രതിനിധി.വെള്ളിയാഴ്ച നടന്ന ഒരു പൊതു ഹിയറിങിനിടെയാണ് ഇസ്രയേൽ നയതന്ത്രജ്ഞനും മുതിർന്ന യുഎൻ ഉദ്യോഗസ്ഥരും തമ്മിൽ ശക്തമായ വാക്കു തർക്കവും ബഹളവും ഉണ്ടായത്.

യുഎൻ സെക്രട്ടറി ജനറലിന്‍റെ പ്രത്യേക പ്രതിനിധിയായ പ്രമീള പാറ്റന്‍റെ രാജി ആവശ്യപ്പെടാൻ ഇസ്രയേലിന്‍റെ യുഎൻ അംബാസിഡർ ഡാനി ഡാനോൺ ശ്രമിച്ചതോടെയാണ് തർക്കങ്ങൾ തുടങ്ങിയത്. ന്യൂയോർക്കിൽ നടന്ന ഈ യോഗത്തിൽ ഇരുവരും മുഖാമുഖം വന്നപ്പോൾ അന്തരീക്ഷം കലുഷിതമായി. യുദ്ധങ്ങളുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമങ്ങളുടെ പേരിൽ ഇസ്രയേലിനെ യുഎന്നിന്‍റെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു റിപ്പോർട്ട് പ്രമീള പാറ്റൺ ഈയിടെ തയാറാക്കിയിരുന്നു.

സംഘർഷ മേഖലകളിലെ ലൈംഗികാതിക്രമങ്ങൾ ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്‍റെ ഭാഗമായി നടന്ന ഹിയറിങിലാണ് ഈ വിഷയം വലിയ തർക്കത്തിന് കാരണമായത്. യുഎൻ മേധാവി അന്‍റോണിയോ ഗുട്ടെറസിന്‍റെ ഇസ്രയേലിനെ ലക്ഷ്യമിടാനുള്ള അമിത താൽപര്യത്തിന് നിങ്ങളും വഴങ്ങിക്കൊടുത്തു എന്നായിരുന്നു ഡാനി ഡാനോൺ പ്രമീള പാറ്റണെ കുറ്റപ്പെടുത്തി പറഞ്ഞത്.

ഈ പരാമർശങ്ങൾ ഉയർന്നതോടെ കുട്ടികളും സായുധ സംഘർഷങ്ങളുമായി ബന്ധപ്പെട്ട ഗുട്ടെറസിന്‍റെ പ്രതിനിധിയായ വനേസ ഫ്രേസിയർ ഇടപെട്ടു. ഡാനോൺ വ്യക്തിപരമായ അധിക്ഷേപങ്ങളാണ് നടത്തുന്നതെന്ന് ആരോപിച്ച വനേസ പോയിന്‍റ് ഒഫ് ഓർഡർ ഉന്നയിച്ച് ഡാനിയുടെ പ്രസംഗം തടസപ്പെടുത്തി.

തന്‍റെ ഓഫീസിന്‍റെ കണ്ടെത്തലുകൾ കൃത്യമായി പരിശോധിച്ച് ഉറപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഉള്ളതാണെന്ന് വനേസ ഫ്രേസിയർ വാദിച്ചു. എന്നാൽ ഇതിനോട് വളരെ രൂക്ഷമായാണ് ഇസ്രയേൽ പ്രതിനിധി പ്രതികരിച്ചത്. യുഎൻ ഉദ്യോഗസ്ഥരോട് മിണ്ടാതിരിക്കാൻ അദ്ദേഹം കൽപ്പിക്കുകയായിരുന്നു.

"ഇസ്രയേൽ യുഎന്നിലെ ഒരു അംഗരാജ്യമാണ്. നിങ്ങളാകട്ടെ യുഎന്നിനു വേണ്ടി ജോലി ചെയ്യുന്ന കേവലം ജീവനക്കാർ മാത്രവും. അതു കൊണ്ട് നിങ്ങൾ ഇപ്പോൾ മിണ്ടാതിരിക്കണം. നിങ്ങളും നിങ്ങളുടെ നാണം കെട്ട ഈ റിപ്പോർട്ടും ഇനി മിണ്ടിപ്പോകരുത് എന്നായിരുന്നു ഡാനിയുടെ ആക്രോശം.

നിങ്ങൾ എന്തുകൊണ്ടാണ് ഈ നിലപാട് സ്വീകരിച്ചതെന്ന് ഞങ്ങൾക്ക് നന്നായി അറിയാമെന്നും ഈ നാണം കെട്ട പ്രചരണത്തിന്‍റെ ഭാഗമാകാൻ നിങ്ങളെ ഞങ്ങൾ അനുവദിക്കില്ലെന്നും എന്‍റെ വാക്കുകൾ ഞാൻ പൂർത്തിയാക്കുക തന്നെ ചെയ്യുമെന്നും ഡാനി വനേസയുടെ തടസപ്പെടുത്തലുകൾക്കിടയിലും വിളിച്ചു പറഞ്ഞു.

നയതന്ത്ര മര്യാദകൾ ലംഘിച്ചു കൊണ്ടുള്ള ഈ കടുത്ത വാക്കുതർക്കം ഗാസ യുദ്ധത്തിനിടയിൽ ഇസ്രയേൽ സൈന്യം നടത്തിയ നിയമ ലംഘനങ്ങൾ ചൂണ്ടിക്കാണിക്കുന്ന യുഎൻ റിപ്പോർട്ടുകളോട് ടെൽ-അവീവിനുള്ള വർധിച്ചു വരുന്ന കടുത്ത ദേഷ്യത്തെയാണ് വ്യക്തമാക്കുന്നത്.

logo
Metro Vaartha
www.metrovaartha.com