മോസ്കോയിലേയ്ക്കും കീവിലേയ്ക്കും യുഎസിന്‍റെ സമാധാന പ്രതിനിധികൾ

യുക്രെയ്നിയൻ നഗരങ്ങൾക്കു നേരെയുള്ള ആക്രമണം കടുപ്പിച്ച് റഷ്യ
Steve Witkoff, Jared Kushner, and Volodymyr Zelensky

സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും വൊളോഡിമിർ സെലൻസ്കിയും 

Updated on

വാഷിങ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് നയതന്ത്ര പരിഹാരം കാണുന്നതിനുള്ള നിർണായക നീക്കങ്ങളുമായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും. സെപ്റ്റംബർ 5, 6 തിയതികളിൽ ഇരു പ്രതിനിധികളും മോസ്കോയും കീവും സന്ദർശിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വർഷങ്ങളായി യുദ്ധം തുടരുന്ന യുക്രെയ്നിലേയ്ക്ക് യുഎസ് പ്രതിനിധികൾ നടത്തുന്ന ആദ്യ സന്ദർശനമാണിത്.

മുൻപ് ഇവർ മോസ്കോ സന്ദർശിച്ച് റഷ്യൻ ഭരണാധികാരികളുമായി ചർച്ചകൾ നടത്തിയിരുന്നു. യുഎസ് പ്രതിനിധികളുടെ സന്ദർശനം സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചതായും വരും ദിവസങ്ങളിൽ ഇരുപക്ഷവും കൂടിക്കാഴ്ച നടത്തുമെന്നും യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കി സ്ഥിരീകരിച്ചു. സമാധാന ചർച്ചകളിൽ അമേരിക്ക സജീവമായി ഇടപെടുന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ച വിറ്റ്കോഫുമായും കുഷ്നറുമായും താൻ സംസാരിച്ചതായും സന്ദർശന തീയതികൾ നിശ്ചയിച്ചു വരികയാണെന്നും സെലൻസ്കി നേരത്തെ വ്യക്തമാക്കിയിരുന്നു.

എങ്കിലും ഈ സന്ദർശനം കൊണ്ട് യുദ്ധത്തിന് പെട്ടെന്നൊരു പരിഹാരം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് നയതന്ത്ര വിദഗ്ദ്ധർ വിലയിരുത്തുന്നത്. യുക്രെയ്ന് മേൽ തങ്ങൾ മുന്നോട്ടുവെച്ച കടുത്ത നിബന്ധനകളിൽ നിന്ന് പിന്നാക്കം പോകാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇതുവരെ തയ്യാറായിട്ടില്ല. പിടിച്ചെടുത്ത യുക്രെയ്ൻ ഭൂപ്രദേശങ്ങളുടെ പൂർണ്ണ നിയന്ത്രണം വിട്ടുനൽകുക, നാറ്റോയിൽ ചേരാനുള്ള നീക്കത്തിൽ നിന്ന് യുക്രെയ്ൻ പൂർണ്ണമായി പിന്മാറുക, സൈന്യത്തിന്‍റെ വലിപ്പം ഗണ്യമായി കുറയ്ക്കുക തുടങ്ങിയ റഷ്യയുടെ ആവശ്യങ്ങൾ യുക്രെയ്ൻ നേരത്തെ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.

കൂടാതെ, യുഎസ് പ്രതിനിധികളുടെ സന്ദർശനത്തിന് മുന്നോടിയായി യുക്രെയ്നിയൻ നഗരങ്ങൾക്ക് നേർക്കുള്ള ആക്രമണം റഷ്യ കടുപ്പിച്ചിരിക്കുകയാണ്. അത്യാധുനിക ഡ്രോണുകൾ ഉപയോഗിച്ച് തുടർച്ചയായി എട്ട് ദിവസമായി കീവിലേക്ക് റഷ്യ നടത്തുന്ന ബോംബ് വർഷണം സാധാരണക്കാരായ ദശലക്ഷക്കണക്കിന് ജനങ്ങളെ ഭീതിയിലാഴ്ത്തി. ജനവാസ മേഖലകൾക്ക് പുറമെ പ്രാന്ത പ്രദേശങ്ങളിലെ ഫാക്റ്ററികൾക്കും വെയർഹൗസുകൾക്കും നേരെയും റഷ്യൻ ആക്രമണം രൂക്ഷമായി തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com