

ഹാക്ക് ചെയ്ത ഇറാൻ ഔദ്യോഗിക വാർത്താ വിതരണ ഏജൻസിയിലൂടെ റെസ പഹ് ലവിയുടെ സന്ദേശം
FILE PHOTO
ടെഹ്റാൻ: ഇറാനിൽ ആഭ്യന്തര പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ ഇറാന്‍റെ ഔദ്യോഗിക വാർത്താ വിതരണ ഏജൻസി ഹാക്ക് ചെയ്യപ്പെട്ടു. തുടർന്ന് ഈ വാർത്താ വിതരണ ഏജൻസി വഴി നാടുകടത്തപ്പെട്ട മുൻ കിരീടാവകാശി റെസ പഹ് ലവിയുടെ സന്ദേശം സംപ്രേക്ഷണം ചെയ്തു. വാർത്താ വിതരണ ഏജൻസിയായ ഐആർഐബിയുടെ സംപ്രേക്ഷണമാണ് ഹാക്ക് ചെയ്യപ്പെട്ടത്.
ഞായറാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. നാടു കടത്തപ്പെട്ട മുൻ കിരീടാവകാശി റെസ പഹ് ലവിയുടെ വീഡിയോ സന്ദേശവും ഭരണകൂടത്തിനെതിരായ പ്രതിഷേധ ആഹ്വാനങ്ങളുമാണ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തത്. സാധാരണ പരിപാടികൾക്കിടെ അപ്രതീക്ഷിതമായി റെസ പഹ് ലവിയുടെ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതാണ് നിങ്ങളുടെ അവസാന അവസരം എന്ന് റെസ പഹ് ലവി ഇറാൻ സുരക്ഷാ സേനയോട് വീഡിയോയിലൂടെ ആഹ്വാനം ചെയ്തു.
"ഭരണകൂടത്തിന്‍റെ കൽപനകൾ ലംഘിക്കണം, സ്വന്തം കുടുംബാംഗങ്ങളെയും ജനങ്ങളെയും വെടി വച്ചു കൊല്ലരുത്. നിങ്ങൾ ഖമൈനിയുടെ സൈന്യമല്ല, രാജ്യത്തിന്‍റെയും ജനങ്ങളുടെയും സൈന്യമാകണം. നിങ്ങളെ സഹായിക്കാൻ ലോക രാജ്യങ്ങൾ ഉടൻ എത്തും. '
എന്നിങ്ങനെയായിരുന്നു പഹ് ലവിയുടെ വാക്കുകൾ.
ഇറാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹാക്കിങ് നീക്കമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇറാന്‍റെ ബദർ സാറ്റലൈറ്റ് വഴി സംപ്രേക്ഷണം ചെയ്യുന്ന ചാനലുകളെയാണ് ഹാക്കിങ് ബാധിച്ചത്. പത്തു മിനിറ്റോളം അനധികൃതമായ സംപ്രേക്ഷണം ചെയ്യപ്പെട്ടു. പഹ് ലവിയുടെ മീഡിയ ടീം പിന്നീട് ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചു. പാഴ്സി ഭാഷയിലുള്ള സന്ദേശങ്ങളാണ് ഹാക്കർമാർ സംപ്രേക്ഷണം ചെയ്തത്.
ഭയാനകമായ മരണക്കണക്കുകൾ
ഇതിനിടെ ഇറാനിൽ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പുറത്തു വന്ന കണക്കുകളെക്കാൾ വളരെ കൂടുതലാണെന്ന് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇറാനിലെ ഡോക്റ്റർമാർ തയാറാക്കിയ റിപ്പോർട്ട് പ്രകാരം മാത്രം 16,500ലധികം പേർ കൊല്ലപ്പെടുകയും മൂന്നു ലക്ഷത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരിൽ ഭൂരിപക്ഷവും 30 വയസിൽ താഴെയുള്ളവരാണ്.