

ആഡംബരക്കപ്പലിലെ ഹാന്‍റാവൈറസ് ബാധ
ജനീവ: അർജന്‍റീനയിൽ നിന്നുള്ള ആഡംബര യാത്രക്കപ്പൽ എംവി ഹോണ്ടിയസിലെ യാത്രക്കാരിൽ ഹാന്‍റാവൈറസ് പടരുകയാണ്. ഈ പശ്ചാത്തലത്തിൽ പന്ത്രണ്ടോളം രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. കപ്പലിലെ നിരവധി യാത്രക്കാർക്ക് രോഗം ബാധിക്കുകയും മൂന്നു പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അന്താരാഷ്ട്ര ആരോഗ്യ ഏജൻസി അതീവ ജാഗ്രത നിർദേശിച്ചത്.
കപ്പലുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടു കേസുകൾ റിപ്പോർട്ട് ചെയ്തതായും ഇതിൽ അഞ്ചെണ്ണം ഹാന്‍റാവൈറസ് ആണന്ന് സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന വ്യാഴാഴ്ച അറിയിച്ചു. മൂന്നു കേസുകൾ സംശയാസ്പദമാണ്.
എലികളിലൂടെ പടരുന്ന ഈ വൈറസ് അവയുടെ ഉമിനീർ, മൂത്രം, മലം എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് മനുഷ്യരിലേയ്ക്ക് എത്തുന്നത്. ഇതൊരു മഹാമാരിയല്ലെന്നും ആറു വർഷം മുമ്പ് ലോകം കണ്ട കോവിഡ്- 19 സാഹചര്യം ഇവിടെയില്ലെന്നും ലോകാരോഗ്യ സംഘടന പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ബ്രിട്ടൻ, അമെരിക്ക, ക്യാനഡ, ജർമനി, നെതർലൻഡ്സ്, സ്വിറ്റ്സർലണ്ട്, സിംഗപ്പൂർ, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്കാണ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. എന്നാൽ നിലവിൽ കപ്പലിലുള്ള മറ്റു യാത്രക്കാരിൽ രോഗലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
ഏപ്രിൽ ആറിന് രോഗലക്ഷണം കാണിച്ച ഒരു യാത്രക്കാരൻ ഏപ്രിൽ 11 ന് കപ്പലിൽ വച്ച് മരിച്ചതാണ് ആദ്യ സംഭവം. അന്ന് ഇതൊരു സാധാരണ ശ്വാസകോശ രോഗമായി കരുതിയതിനാൽ സാമ്പിളുകൾ ശേഖരിച്ചിരുന്നില്ല. എന്നാൽ കപ്പൽ അടുത്ത തുറമുഖത്ത് എത്തിയ ശേഷം യാത്രക്കാരിൽ പരിശോധന നടത്തിയപ്പോളാണ് ഹാന്‍റാ വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലും സ്വിറ്റ്സർലണ്ടിലും ഓരോ കേസുകൾ വീതം സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ പൊതുജനാരോഗ്യത്തിനുള്ള റിസ്ക് കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. നിലവിൽ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധനും നെതർലൻഡ്സിൽ നിന്നുള്ള രണ്ടു ഡോക്റ്റർമാരും യൂറോപ്യൻ സെന്‍റർ ഫൊർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളിലെ ഒരു വിദഗ്ധനും സംഘത്തിലുണ്ട്. കപ്പൽ കാനറി ദ്വീപുകളിൽ എത്തുന്നത് വരെ ഇവർ അവിടെ തുടരും. യാത്രക്കാരുടെ ആരോഗ്യ നില പരിശോധിക്കുകയും വൈറസ് പടരാനുള്ള സാധ്യതകൾ വിലയിരുത്തുകയും ചെയ്യുക എന്നതാണ് ഇവരുടെ ദൗത്യം.