
പ്രതികാര തീരുവ യുഎസിന്‍റെ സംരക്ഷണത്തിനു വേണ്ടിയെന്ന് ട്രംപ്
file image
വാഷിങ്ടൺ: ലോക രാജ്യങ്ങൾക്കു നേരെ പ്രതികാര തീരുവ ഏർപ്പെടുത്തിയില്ലെങ്കിൽ അമെരിക്കയ്ക്ക് പൂർണ നാശം എന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്രംപിന്‍റെ തിരിച്ചടി തീരുവയ്ക്കെതിരെ ഫെഡറൽ കോടതി ശക്തമായ ഭാഷയിൽ വിമർശനവുമായി രംഗത്തു വന്നതോടെയാണ് ട്രംപ് അമെരിക്കയുടെ സംരക്ഷണത്തിനായുള്ളതാണ് ഈ തിരിച്ചടി തീരുവ എന്ന ന്യായവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഈ തീരുവ മറ്റു ലോകരാജ്യങ്ങൾക്കു മേൽ ചുമത്തുന്നില്ലെങ്കിൽ രാജ്യം നശിക്കുമെന്നും സൈനിക ശക്തി ഇല്ലാതാക്കപ്പെടുമെന്നും ട്രംപ് മുന്നറിയിപ്പു നൽകുന്നു. വെള്ളിയാഴ്ച യുഎസിലെ ഫെഡറൽ അപ്പീൽ കോടതി ട്രംപ് ഏർപ്പെടുത്തിയ ചില തിരിച്ചടി തീരുവകൾ അസാധുവാക്കി വിധി പ്രസ്താവിച്ചിരുന്നു. ഇതിനെ റാഡിക്കൽ ലെഫ്റ്റ് ജഡ്ജിമാരുടെ കൂട്ടമെന്നാണ് ട്രംപ് പ്രതികരിച്ചത്.
തീരുവ നയങ്ങൾ ഇന്‍റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്റ്റ്(ഐഇഇപിഎ) പ്രകാരം അനുവദനീയമല്ലെന്നാണ് ഫെഡറൽ യുഎസ് കോടതി ഒഫ് അപ്പീൽസ് പറഞ്ഞത്. നികുതികളും തീരുവകളും ചുമത്താനുള്ള അധികാരം കോൺഗ്രസിന് ഭരണഘടന നൽകുന്ന അടിസ്ഥാന ഉത്തരവാദിത്തമാണെന്നും വിധി പുറപ്പെടുവിക്കുന്നിതിനിടെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിധി നടപ്പാക്കുന്നത് ഒക്റ്റോബർ വരെ നീട്ടി വച്ചതിനാൽ ട്രംപിന് ഫെഡറൽ കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാവും.