

ചാബഹാർ തുറമുഖം
file photo
ന്യൂഡൽഹി: ഇറാനിലെ തന്ത്രപ്രധാനമായ ചാബഹാർ തുറമുഖത്തിന് മേലുള്ള അമെരിക്കൻ ഉപരോധങ്ങളിൽ ഇന്ത്യയ്ക്ക് ആറു മാസത്തെ ഇളവ് അനുവദിച്ചു. യുഎസ് ഈ ഇളവ് നൽകിയ വിവരം ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ സ്ഥിരീകരിച്ചു. ബുധനാഴ്ച പ്രാബല്യത്തിൽ വന്ന ഈ ഇളവോടെ ഇറാൻ-ഇന്ത്യ വ്യാപാര ഗതാഗത ബന്ധങ്ങളിൽ താൽക്കാലികാശ്വാസമായി.
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ചാബഹാർ തുറമുഖം ഇറാനുമായുള്ള വ്യാപാരത്തിനും അഫ്ഗാനിസ്ഥാനിലേയ്ക്കുള്ള ബദൽ കണക്റ്റിവിറ്റിക്കും നിർണായകമാണ്. നേരത്തെ തുറമുഖത്ത് ഇന്ത്യയ്ക്ക് സാന്നിധ്യം അനുവദിച്ചു കൊണ്ട് യുഎസ് ദീർഘകാലത്തോളം ഉപരോധത്തിൽ ഇളവ് അനുവദിച്ചിരുന്നു. എന്നാൽ ട്രംപ് ഭരണകൂടം ഒരു മാസം മുമ്പ് ഈ ഇളവ് റദ്ദാക്കിയപ്പോൾ ഇന്ത്യ വീണ്ടും സമ്മർദ്ദം ചെലുത്തിയതോടെയാണ് ഈ താൽക്കാലികാശ്വാസം.
ചാബഹാറിന് ബാധകമായ അമെരിക്കൻ ഉപരോധങ്ങളിൽ ആറു മാസത്തെ ഇളവ് ലഭിച്ചു എന്ന് സ്ഥിരീകരിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രതിവാര മാധ്യമ സമ്മേളനത്തിനിടെ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഇന്ത്യ സമ്മർദ്ദം ചെലുത്തിയതോടെ യുഎസ് ആദ്യം ഒരു മാസത്തെ ഇളവ് അനുവദിക്കുകയായിരുന്നു. പിന്നീടാണ് ഈ ആഴ്ച ആറു മാസത്തെ ഇളവ് ഔദ്യോഗികമായി നൽകിയത്.
