സുഡാനു വേണ്ടി യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക്

സുഡാനിൽ മറ്റൊരു അക്രമ തരംഗം കൂടി ഉണ്ടാകുമെന്നു ഭയപ്പെടുന്നതായും യുഎൻ മനുഷ്യാവകാശ മേധാവി
UN Human Rights Chief Volker Turk

യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക്

File photo

Updated on

ജനീവ:സുഡാനിൽ മറ്റൊരു അക്രമ തരംഗം കൂടി ഉണ്ടാകുമെന്നു ഭയപ്പെടുന്നതായി യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക്. സുഡാനീസ് സായുധസേന(എസ്എഎഫ്), റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്(ആർഎസ്എഫ്) സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്‍റ്-നോർത്ത് (എസ്പിഎൽഎം-എൻ) എന്നിവ ഉൾപ്പെടുന്ന കോർഡോഫാൻ മേഖലയിൽ ഉടനീളം ഏറ്റുമുട്ടലുകൾ രൂക്ഷമായതോടെയാണ് ടർക്കിന്‍റെ പ്രസ്താവന. വ്യാഴാഴ്ചയാണ് ടർക്ക് ഈ മുന്നറിയിപ്പ് നൽകിയത്.

ഒക്റ്റോബർ 25 ന് ആർഎസ്എഫ് വടക്കൻ കോർഡോഫാനിലെ ബാര നഗരം പിടിച്ചെടുത്തതിനു ശേഷം വ്യോമാക്രമണങ്ങൾ, പീരങ്കി ഷെല്ലാക്രമണം, സംക്ഷിപ്ത വധ ശിക്ഷകൾ എന്നിവയിൽ നിന്ന് കുറഞ്ഞത് 269 സിവിലിയൻ മരണങ്ങളെങ്കിലും യുഎൻ മനുഷ്യാവകാശ ഓഫീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ടെലി കമ്യൂണിക്കേഷനും ഇന്‍റർനെറ്റ് തടസങ്ങളും റിപ്പോർട്ടിങിനെ തടസപ്പെടുത്തുന്നതിനാൽ യഥാർഥ എണ്ണം വളരെ കൂടുതലായിരിക്കുമെന്ന് വോൾക്കർ ടർക്ക് ഒരു പ്രസ്താവനയിൽ പറഞ്ഞു.

പ്രസ്താവന പ്രകാരം പ്രതികാര കൊലപാതകങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, തട്ടിക്കൊണ്ടു പോകൽ, ലൈംഗിക അതിക്രമം, കുട്ടികൾ ഉൾപ്പടെയുള്ള നിർബന്ധിത റിക്രൂട്ട്മെന്‍റ് എന്നിവയുടെ റിപ്പോർട്ടുകളും ഓഫീസിനു ലഭിച്ചു. കോർഡോഫാൻ മറ്റൊരു എൽഫാഷറായി മാറാൻ നാം അനുവദിക്കരുത് എന്നും ടർക്ക് പറഞ്ഞു.

സമീപ ആഴ്ചകളിലായി മൂന്നു കോർഡോഫാൻ സംസ്ഥാനങ്ങളിലും മാരകമായ ആക്രമണങ്ങൾ തുടരുകയാണ്. നവംബർ മൂന്നിന് എൽ ഒബെയ്ദിലെ വിലാപ കൂടാരത്തിൽ നടന്ന ആർഎസ്എഫ് ഡ്രോൺ ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇതിൽ കൂടുതലും സ്ത്രീകളാണ്. നവംബർ 29ന് സൗത്ത് കോർഡോഫാനിലെ കൗഡയിൽ നടന്ന എസ്എഎഫ് വ്യോമാക്രമണത്തിൽ കുറഞ്ഞത് 48പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. അവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്.

സൗത്ത് കോർഡോഫാനിലെ കടുഗ്ലിയും ഡില്ലിങും ആർഎസ്എഫും എസ്പിഎൽഎം-എൻ സേനയും ഉപരോധിച്ചിരിക്കുകയാണ്. കടുഗ്ലിയിൽ ക്ഷാമം സ്ഥിരീകരിച്ചു. ഡില്ലിങിൽ ആശങ്കാജനകമാണ്. എൽ ഒബെയ്ദ് ഭാഗികമായി ആർഎസ്എഫിനാൽ ചുറ്റപ്പെട്ടിരിക്കുന്നു.

ഇനിയുമൊരു മനുഷ്യ നിർമിത ദുരന്തത്തിന് മുന്നിൽ നിശബ്ദത പാലിക്കാൻ നമുക്കു കഴിയില്ലെന്നും ഈ പോരാട്ടം ഉടൻ അവസാനിപ്പിക്കണമെന്നും പട്ടിണി നേരിടുന്നവർക്ക് ജീവൻ രക്ഷിക്കാനുള്ള സഹായം എത്തിക്കാൻ അനുവദിക്കണമെന്നും ടർക്ക് കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ മേഖലയിൽ 45,000 പേരാണ് വീടുകൾ വിട്ട് പലായനം ചെയ്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com