

ട്രംപ് ജൂണിയർ ഇന്ത്യയിലേയ്ക്ക്
file photo
ഉദയ്പൂർ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മകനും വ്യവസായിയുമായ ഡോണൾഡ് ട്രംപ് ജൂണിയർ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു. രാജസ്ഥാനിലെ ഉദയ്പൂരിൽ നടക്കുന്ന ഒരു പ്രമുഖ ഇന്ത്യൻ-അമെരിക്കൻ ദമ്പതികളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം എത്തുന്നത്. തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഉദയ്പൂരിലെ ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിന്‍റെ ഭാഗമായാണ് ഈ സന്ദർശനം. അമെരിക്കൻ കോടീശ്വര പുത്രന്‍റേതാണ് ഈ വിവാഹം. ട്രംപ് ജൂണിയർ അദ്ദേഹത്തിന്‍റെ മുഴുവൻ കുടുംബത്തോടൊപ്പം ആണ് ഉദയ്പൂരിൽ എത്തുക. വിവിഐപി സുരക്ഷ ലഭിക്കുന്ന വ്യക്തിയായതിനാൽ ട്രംപ് ജൂണിയറിന്‍റെ സുരക്ഷ ഉറപ്പാക്കാൻ യുഎസ് സീക്രട്ട് സർവീസിൽ നിന്നുള്ള ഒരു സംഘം നേരത്തെ തന്നെ ഉദയ്പൂരിൽ എത്തിയിട്ടുണ്ട്.
പ്രധാന വിവാഹ ചടങ്ങുകൾ ജഗ് മന്ദിർ പാലസിലും സിറ്റി പാലസിലെ മാണക് ചൗക്കിലുമായി 21,22 തിയതികളിൽ നടക്കും. ട്രംപ് ജൂണിയർ ലീല പാലസിൽ ആയിരിക്കും താമസിക്കുക. ട്രംപ് ജൂണിയറിന്‍റെ സന്ദർശനം കണക്കിലെടുത്ത് ഉദയ്പൂർ വിമാനത്താവളത്തിലും പരിസരങ്ങളിലും സുരക്ഷ കർശനമാക്കി. ഈ ഹൈ പ്രൊഫൈൽ സന്ദർശനം ഇന്ത്യയും അമെരിക്കയും തമ്മിലുള്ള വ്യക്തിഗത, ബിസിനസ് ബന്ധങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.