

കിം ജോങ് ഉന്നിനെ പുകഴ്ത്തി ട്രംപ്
വാഷിങ്ടൺ: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായുള്ള ബന്ധത്തെ പ്രശംസിച്ച് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കിമ്മുമായുള്ള തന്‍റെ ബന്ധം മേഖലയിൽ സ്ഥിതിഗതികൾ കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു.
ആദ്യ പ്രസിഡൻഷ്യൽ കാലയളവിൽ കിമ്മുമായി മൂന്നു തവണ കൂടിക്കാഴ്ച നടത്തിയിരുന്ന ട്രംപ് ഇത്തവണ അധികാരത്തിൽ എത്തിയതിനു ശേഷം ഇതുവരെ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല. എന്നാൽ കിം തന്‍റെ സമീപകാല ആശയ വിനിമയയ ശ്രമങ്ങൾക്ക് പ്രതികരിച്ചിട്ടുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.
ഇരുവരും തമ്മിലുള്ള ആശയവിനിമയം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാന്‍ ട്രംപ് തയ്യാറായില്ലെങ്കിലും അത് വളരെ പോസിറ്റീവാണെന്നു അദ്ദേഹം പറഞ്ഞു. ഞാന്‍ അദ്ദേഹത്തെ മനസ്സിലാക്കുന്നു. അദ്ദേഹത്തിന് എന്നെയും മനസിലാകും എന്നാണ് ട്രംപ് കിമ്മുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞത്. ഉത്തരകൊറിയന്‍ നേതാവിനെ പ്രശംസിച്ച ട്രംപ് ദക്ഷിണ കൊറിയക്കെതിരെ വിമര്‍ശനവും ഉന്നയിച്ചു.
ഇറാനെതിരായ അമേരിക്ക-ഇസ്രയേല്‍ യുദ്ധത്തില്‍ ദക്ഷിണ കൊറിയ സഹായിക്കാത്തതിനെ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ദക്ഷിണ കൊറിയയുമായുള്ള സൈനിക അഭ്യാസങ്ങള്‍ കുറയ്ക്കാന്‍ പെന്‍റഗണിനോട് നിർദേശിച്ചത്. ദക്ഷിണ കൊറിയയെ കിം ജോങ് ഉന്നിൽ നിന്ന് സംരക്ഷിക്കാൻ ഏകദേശം 39,000 അമെരിക്കൻ സൈനികർ അവിടെയുണ്ടായിട്ടും ഇറാനിലെ വളരെ എളുപ്പമുള്ള സൈനിക നീക്കത്തിൽ സഹായിക്കാൻ ദക്ഷിണ കൊറിയ തയാറാകാത്തത് വിചിത്രമാണെന്നും ട്രംപ് പറഞ്ഞു.