ഇന്ത്യയുമായുള്ള വ്യാപാരം നിലച്ചത് കനത്ത തിരിച്ചടി: പാക്കിസ്ഥാൻ

ഏഴു വർഷത്തിനിടെ 4000 കോടി ഡോളറിന്‍റെ (3. 8 ലക്ഷത്തോളം കോടി രൂപ) നഷ്ടമാണു തങ്ങൾക്കുണ്ടായതെന്നു പാക് വൃത്തങ്ങൾ
ഇന്ത്യയുമായുള്ള വ്യാപാരം നിലച്ചത് കനത്ത തിരിച്ചടി: പാക്കിസ്ഥാൻ

ഔഷധം, ടെക്സ്റ്റൈൽ, ഇന്ധനം തുടങ്ങി എല്ലാ മേഖലകളിലും പാക്കിസ്ഥാന് കനത്ത പ്രതിസന്ധി.

File

Updated on: 

ഇസ്‌ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് 2019ൽ ഇന്ത്യയുമായുള്ള വ്യാപാരം നിർത്തിവച്ചത് കനത്ത പ്രഹരമായെന്നു സമ്മതിച്ച് പാക്കിസ്ഥാൻ. ഏഴു വർഷത്തിനിടെ 4000 കോടി ഡോളറിന്‍റെ (3. 8 ലക്ഷത്തോളം കോടി രൂപ) നഷ്ടമാണു തങ്ങൾക്കുണ്ടായതെന്നു പാക് വൃത്തങ്ങൾ. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പാക്-ഇന്ത്യ ബിസിനസ് കൗൺസിൽ ചെയർമാൻ നൂർ മുഹമ്മദ് കസൂരി രംഗത്തെത്തി.

ഔഷധം, ടെക്സ്റ്റൈൽ, ഇന്ധനം തുടങ്ങി എല്ലാ മേഖലകളിലും കനത്ത പ്രതിസന്ധിയാണു പാക്കിസ്ഥാൻ നേരിടുന്നത്. വൻതോതിലുള്ള യാത്രാച്ചെലവും സമയനഷ്ടവും സഹിച്ച് പാക് വ്യവസായികൾ അകലെയുള്ള രാജ്യങ്ങളിൽ നിന്നാണ് അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതെന്നു കസൂരി പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് വിലക്കുറവും വേഗത്തിൽ ലഭ്യമാക്കാനുള്ള സൗകര്യവുമുണ്ടെന്നും ഇത് ഇരുരാജ്യങ്ങളുടെയും സാമ്പത്തിക താത്പര്യങ്ങൾക്ക് ഗുണം ചെയ്യുമെന്നുമാണ് അദ്ദേഹത്തിന്‍റെ വിശദീകരണം.

അസംസ്കൃത വസ്തുക്കൾ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്താൽ പാക് ഔഷധ നിർമാണ മേഖലയ്ക്ക് പ്രതിവർഷം 200- 300 കോടി ഡോളർ വരെ ലാഭിക്കാനാകും. ആഭ്യന്തര പരുത്തി ഉത്പാദനം കുറഞ്ഞതോടെ ബ്രസീൽ, ഈജിപ്റ്റ്, ചൈന, യുഎസ് രാജ്യങ്ങളിൽ നിന്നാണു പാക്കിസ്ഥാനിലെ തുണി മില്ലുകൾ പരുത്തി വാങ്ങുന്നത്. 500 കോടിയിലേറെ ഡോളറിന്‍റെ അധിക ബാധ്യതയാണ് ഇതുണ്ടാക്കിയത്. നേരത്തേ, ഇന്ത്യയിൽ നിന്നു പരുത്തി ലഭിക്കുമായിരുന്നു.

പെട്രോളിയം ഉത്പന്നങ്ങൾ എത്തിക്കാനും പാക്കിസ്ഥാൻ നേരത്തേ ഇന്ത്യൻ റിഫൈനറികളെ ആശ്രയിച്ചിരുന്നു. ഇതുമിപ്പോൾ പറ്റുന്നില്ല. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ സാമ്പത്തിക സാധ്യതകൾക്ക് തടസമാകരുതെന്നാണു ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ ഇന്ത്യ നൽകിയ സഹായം ചൂണ്ടിക്കാട്ടി കസൂരി ആവശ്യപ്പെടുന്നത്.