“ഇന്നു രാത്രി ഇറാനെ അതിഭീകരമായി ആക്രമിക്കും, ഖാർഗെ ദ്വീപ് പിടിച്ചെടുക്കും”

മൂന്നാം ദിവസവും ഇറാനെതിരേ ആക്രമണം തുടരുമെന്ന ഭീഷണിയുമായി ട്രംപ്
Kharge Island will be captured

ഖാർഗെ ദ്വീപ് പിടിച്ചെടുക്കും: ട്രംപ്

Updated on

വാഷിങ്ടൺ: തുടർച്ചയായ മൂന്നാം ദിവസവും ഇറാനെതിരേ ആക്രമണം തുടരുമെന്നു വ്യക്തമാക്കി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വ്യാഴാഴ്ച രാത്രി ഇറാനെതിരേ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്‍റെ ഭീഷണി. ഇറാന്‍റെ ഖാർഗെ ദ്വീപ് പിടിച്ചടക്കുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഭീഷണി മുഴക്കിയത്.

യുഎസ് ഇന്നു രാത്രി ഇറാനെ അതിശക്തമായി ആക്രമിക്കുമെന്നും ഇറാന്‍റെ നാവിക-വ്യോമസേനകളടക്കമുള്ള പ്രതിരോധ സംവിധാനങ്ങളെല്ലാം നശിച്ചുപോയതായും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. വെനസ്വേലയിൽ ചെയ്തതു പോലെ ഇറാന്‍റെ ഖാർഗെ ദ്വീപ് പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അധികം വൈകാതെ തന്നെ ഇറാന്‍റെ ഖാർഗെ ദ്വീപും എണ്ണ കേന്ദ്രങ്ങളും അമെരിക്ക പിടിച്ചെടുക്കുമെന്നും വെനസ്വേലയിലെപ്പോലെ ഇറാന്‍റെ എണ്ണ-പ്രകൃതി വാതക വിപണികളുടെ പൂർണ നിയന്ത്രണവും അമെരിക്ക ഏറ്റെടുക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ, 90 ശതമാനം എണ്ണ കയറ്റുമതിയും കൈകാര്യം ചെയ്യുന്ന മേഖലയാണ് ഖാർഗെ ദ്വീപ്.

ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിന് പിന്നാലെ മാർച്ച് പകുതിയോടെ ഖാർഗെ ദ്വീപിലും നേരത്തേ യുഎസ് ആക്രമണം നടത്തിയിരുന്നു. ഖാർഗെ ദ്വീപിലെ സൈനികസംവിധാനങ്ങൾ ബോംബിട്ട് തകർത്തെന്നായിരുന്നു അന്ന് ട്രംപിന്‍റെ അവകാശവാദം. ചൊവ്വാഴ്ച ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ തങ്ങളുടെ സൈനിക ഹെലികോപ്റ്റർ വെടിവെച്ചിട്ടതായി അമേരിക്ക ആരോപിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് യുഎസ് ഇറാനുനേരേ വീണ്ടും ശക്തമായ ആക്രമണം ആരംഭിച്ചത്. ഇതോടെ പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമായി. അമേരിക്കയ്ക്കുള്ള മറുപടിയായി ജോർദാൻ, കുവൈറ്റ്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനികത്താവളങ്ങൾ ലക്ഷ്യമിട്ട് ഇറാനും ആക്രമണം നടത്തി. ഇതിനിടെ ഒമാൻ തീരത്ത് പലാവു പതാകയുള്ള കപ്പലിന് നേരേ യുഎസിന്റെ ആക്രമണമുണ്ടായി. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരായ മൂന്ന് നാവികർ കൊല്ലപ്പെട്ടതായി വ്യാഴാഴ്ച സ്ഥിരീകരിച്ചു

logo
Metro Vaartha
www.metrovaartha.com