

"അവർ ഞങ്ങളെ കൊന്നു" നോവയ ഗസറ്റയുടെ മുൻ എഡിറ്റർ-ഇൻ-ചീഫ് ദിമിത്രി മുറാറ്റോവ്
Igor Ivanko / AFP
മുൻ സോവിയറ്റ് യൂണിയൻ നേതാവ് മിഖായേൽ ഗോർബച്ചോവിന്‍റെ പിന്തുണയോടെ 1993ലാണ് റഷ്യയുടെ അഭിമാനമായി വളർന്ന നോവയ ഗസറ്റ ആരംഭിച്ചത്. അന്വേഷണാത്മക പത്രപ്രവർത്തനത്തിന് വിട്ടു വീഴ്ചയില്ലാത്ത പ്രശസ്തി നേടിയ നോവയ ഗസറ്റ, ചെച്നിയയിലെ സർക്കാർ അഴിമതി, പൊലീസ് ക്രൂരത, തെരഞ്ഞെടുപ്പ് തട്ടിപ്പ്, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ പതിവായി നിർഭയം തുറന്നെഴുതി. കൂടാതെ വിദേശ റഷ്യൻ സൈനിക പ്രവർത്തനങ്ങളും അന്വേഷണ വിധേയമാക്കി.
ഇതു വരെ അന്വേഷണാത്മക റിപ്പോർട്ടർ അന്ന പൊളിറ്റ്കോവ്സ്കായയടക്കം നോവയ ഗസറ്റയുടെ ആറോളം അന്വേഷണാത്മക പത്രപ്രവർത്തകർ ദുരൂഹമായ സാഹചര്യത്തിൽ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. യുദ്ധാന്വേഷണ മാധ്യമ പ്രവർത്തനം കുറ്റകരമാക്കിയ സെൻസർഷിപ്പ് നിയമങ്ങൾ റഷ്യ പുതുതായി നിർമിച്ചതിനാൽ അതിനുശേഷം 2022 ഫെബ്രുവരിയിൽ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ യുക്രെയ്നെ പൂർണമായി ആക്രമിക്കാൻ ഉത്തരവിട്ടതോടെ നോവയ ഗസറ്റ തങ്ങളുടെ പ്രിന്‍റ് പ്രസിദ്ധീകരണം താൽക്കാലികമായി നിർത്തി വയ്ക്കുകയായിരുന്നു.
നോവയ ഗസറ്റ വെബ്സൈറ്റ്
റഷ്യൻ കോടതികൾ നോവയ ഗസറ്റ യുടെ ഔദ്യോഗിക മാധ്യമ ലൈസൻസും റദ്ദാക്കി. ഇതോടെ റഷ്യയുടെ ഏറ്റവും പഴക്കമേറിയ സ്വതന്ത്ര മാധ്യമം ഓൺലൈനിൽ മാത്രമായി ഒതുങ്ങി. എന്നിട്ടും ഈ മാസം ആദ്യം എഡിറ്റർ ഇൻ ചീഫ് സെർജി സൊകോലോവ് അടക്കമുള്ളവരെ തടങ്കലിലാക്കുന്നത് അടക്കമുള്ള മാധ്യമ വേട്ടയ്ക്കിറങ്ങിയിരിക്കുകയാണ് റഷ്യ.
ഈ വർഷം സെപ്റ്റംബറിൽ റഷ്യയുടെ നീതിന്യായ മന്ത്രാലയം നോവയ ഗസറ്റയെ "വിദേശ ഏജന്‍റ്" ആയി പ്രഖ്യാപിച്ചു,യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ചുള്ള വിമർശനാത്മക കവറേജിനായി ക്രെംലിൻ ലക്ഷ്യമിട്ടിട്ടുള്ള സ്വതന്ത്ര വാർത്താ പ്രസിദ്ധീകരണങ്ങളുടെ ഒരു വലിയ പട്ടികയിൽ നോവയ ഗസറ്റ ഉൾപ്പെടുന്നു.
നോവയ ഗസറ്റ പത്രം
തങ്ങളുടെ പത്രത്തെ ക്രെംലിൻ ഒരു തീവ്രവാദ സംഘടനയായി മുദ്രകുത്തിയേക്കാം എന്നും അത് തങ്ങളെ ക്രിമിനൽ പ്രോസിക്യൂഷനു വിധേയരാക്കിയേക്കാം എന്നും ആശങ്കാകുലരായിരുന്നു നോവയ ഗസറ്റയിലെ മാധ്യമ പ്രവർത്തകർ. ഇതോടെ അവസാനത്തെ വിടവാങ്ങൽ പ്രസംഗവും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് അടച്ചു പൂട്ടാൻ നോവയ ഗസറ്റ നിർബന്ധിതമായി.
നോവയ ഗസറ്റ യുടെ മുൻ എഡിറ്റർ-ഇൻ-ചീഫ് ദിമിത്രി മുറാറ്റോവ് ഫ്രാൻസിലേക്ക് പോകുന്നതിനിടെയാണ് പുറത്താക്കൽ വാർത്ത വന്നത്. ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് 2021-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ റഷ്യൻ മാധ്യമ പ്രവർത്തകനാണ് ദിമിത്രി മുറാറ്റോവ്.
“അവർ ഞങ്ങളെ കൊന്നു,”റഷ്യൻ അധികാരികളും സുരക്ഷാ സേവനങ്ങളും ഞങ്ങളുടെ ന്യൂസ് റൂം അടച്ചുപൂട്ടാൻ നിർബന്ധിതരാക്കി.” പത്രം അതിന്‍റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിടവാങ്ങൽ പ്രസ്താവനയിൽ പറഞ്ഞു.
.