റഷ്യ-യുക്രെയ്ൻ സംഘർഷം

വീണ്ടും ചർച്ചകൾക്ക് അമെരിക്കൻ നീക്കമെന്ന് സെലൻസ്കി
 Zelensky says American move for renewed talks

വീണ്ടും ചർച്ചകൾക്ക് അമെരിക്കൻ നീക്കമെന്ന് സെലൻസ്കി

Updated on: 

കീവ്: റഷ്യയും യുക്രെയ്നും തമ്മിൽ നാലര വർഷത്തോളമായി തുടരുന്ന യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഈ മാസം തന്നെ പുതിയ ചർച്ചകൾ നടത്താൻ അമെരിക്ക ശ്രമിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി. ഒക്റ്റോബർ അവസാനത്തോടെ യുക്രെയ്ൻ, റഷ്യ, അമെരിക്ക എന്നിവർ പങ്കെടുക്കുന്ന ത്രികക്ഷി ചർച്ചകൾ നടത്താനാണ് അമെരിക്ക നിർദേശിച്ചതെന്ന് സെലൻസ്കി ഞായറാഴ്ച മാധ്യമങ്ങളോടു പറഞ്ഞു.

യുക്രെയ്ൻ-റഷ്യ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകുന്ന അമെരിക്കയുടെ ശ്രമങ്ങൾ നിലവിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. ഇറാനുമായുള്ള യുദ്ധത്തിലേയ്ക്ക് വാഷിങ്ടണിന്‍റെ ശ്രദ്ധ മാറിയതും യുക്രെയ്നിൽ റഷ്യ വ്യോമാക്രമണങ്ങൾ ശക്തമാക്കിയതുമാണ് ചർച്ചകൾ മന്ദഗതിയിലാകാൻ കാരണമായത്. ശനിയാഴ്ച അമെരിക്കൻ ചർച്ചാ പ്രതിനിധികളുമായി സംസാരിച്ചതായും സെലൻസ്കി വ്യക്തമാക്കി.

Ukrainian President Volodymyr Zelensky

യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി

ഒക്റ്റോബർ അവസാനത്തോടെ സാങ്കേതിക തലത്തിലുള്ള ത്രികക്ഷി കൂടിക്കാഴ്ച നടത്താനുള്ള നിർദേശമാണ് അമെരിക്ക മുന്നോട്ടു വച്ചതെന്ന് സെലൻസ്കി പറഞ്ഞു. ഈ സമയക്രമത്തെ പിന്തുണയ്ക്കാൻ യുക്രെയ്ൻ തയാറാണന്ന് അമെരിക്കൻ പ്രതിനിധികളെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ചർച്ചകൾ എത്രത്തോളമാകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും യുഎഇയിലോ അമെരിക്ക നിർദേശിക്കുന്ന മറ്റേതെങ്കിലും രാജ്യത്തോ കൂടിക്കാഴ്ച നടത്താൻ യുക്രെയ്ൻ തയാറാണെന്നും സെലൻസ്കി അറിയിച്ചു. റഷ്യൻ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമെരിക്കയുടെ മധ്യസ്ഥതയിൽ മുമ്പും യുഎഇയിൽ ചർച്ചകൾ നടന്നിട്ടുണ്ട്.

Kremlin spokesman Dmitry Peskov

ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്

ഒക്റ്റോബറിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള റഷ്യ-യുക്രെയ്ൻ-അമെരിക്ക ത്രികക്ഷി ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന് റഷ്യയും കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.ഈ സാധ്യത തള്ളിക്കളയുന്നില്ലെന്നും സമീപ ഭാവിയിൽ തന്നെ ചർച്ചകൾ നടക്കാമെന്നുമായിരുന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അന്ന് പ്രതികരിച്ചത്.

മുന്‍ഘട്ട ചര്‍ച്ചകളില്‍ യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. പോരാട്ടം അവസാനിപ്പിക്കുന്നതിനായി മോസ്‌കോ മുന്നോട്ടുവയ്ക്കുന്ന കര്‍ശനമായ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ തയ്യാറാകാത്തതാണ് പ്രധാന തടസങ്ങളിലൊന്നെന്നാണ് റിപ്പോര്‍ട്ട്. പുതിയ ചര്‍ച്ചകള്‍ യാഥാര്‍ഥ്യമാകുമോയെന്നും സമാധാന ശ്രമങ്ങള്‍ക്ക് എത്രത്തോളം മുന്നേറാനാകുമെന്നുമാണ് ഇപ്പോൾ ലോകം ഉറ്റു നോക്കുന്നത്.

logo
Metro Vaartha
www.metrovaartha.com