
ഗ്രാമി പുരസ്കാരത്തിന്‍റെ സംഘാടകർ ഇന്ത്യൻ തബല മാന്ത്രികൻ സാക്കിർ ഹുസൈനെ വിസ്മരിച്ചത് പരാതിക്കും പ്രതിഷേധത്തിനും ഇടയാക്കി. അറുപത്തേഴാമത് ഗ്രാമി പുരസ്കാരവേദിയിലെ അനുസ്മരണ സെഗ്മെന്‍റായ 'ഇൻ മെമോറിയം' എന്ന പരിപാടിയിലാണ് സാക്കിർ ഹുസൈൻ അവഗണിക്കപ്പെട്ടത്.
കഴിഞ്ഞ വർഷം അന്തരിച്ച പ്രഗൽഭരായ സംഗീതജ്ഞരെ അനുസ്മരിക്കുന്നതിനുള്ള പരിപാടിയാണിത്. നാലു തവണ ഗ്രാമി പുരസ്കാരം നേടിയ ആളായിട്ടു പോലും സാക്കിർ ഹുസൈനെ ഇതിൽ നിന്ന് ഒഴിവാക്കിയതിന് സംഘാടകർ വിശദീകരണം പറയണമെന്നാണ് അദ്ദേഹത്തിന്‍റെ ആരാധകർ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ വർഷം ഒരേ വേദിയിൽ മൂന്ന് ഗ്രാമി പുരസ്കാരങ്ങൾ അർഹനായി ചരിത്രം സൃഷ്ടിച്ചയാൾ കൂടിയാണ് സാക്കിർ ഹുസൈൻ. 2024 ഡിസംബർ 15നാണ് അദ്ദേഹം യുഎസിൽ അന്തരിച്ചത്.
ആയിരക്കണക്കിന് ആരാധകരാണ് ഗ്രാമി സംഘാടകരുടെ ഈ അനീതിയെ സമൂഹ മാധ്യമങ്ങളിലൂടെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ വർഷത്തെ ജേതാവായിട്ടു കൂടി എങ്ങനെയാണ് അദ്ദേഹത്തെ ഒഴിവാക്കാൻ തോന്നിയതെന്നാണ് പലരും ചോദിക്കുന്നത്. ഗ്രാമി സംഘാടകർക്കാണ് ഇതുകൊണ്ടുള്ള നാണക്കേടെന്നും ചിലർ കുറിക്കുന്നു.
പാശ്ചാത്യലോകത്തിനു പുറത്തുള്ള സംഗീതജ്ഞർ എത്ര പ്രഗൽഭരായാലും അംഗീകരിക്കാനുള്ള ഗ്രാമി സംഘാടകരുടെ ബുദ്ധിമുട്ടാണ് ഇതിലൂടെ വീണ്ടും തെളിയിക്കപ്പെടുന്നതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ലിയാം പൈൻ, ക്രിസ് ക്രിസ്റ്റഫേഴ്സൻ, സിസി ഹൂസ്റ്റൺ തുടങ്ങിയവർക്കെല്ലാമുള്ള ആദരം ഇൻ മെമോറിയം പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.