
അബുദാബി: അർബുദ രോഗികളെ സഹായിക്കുന്നതിന്‍റെ ഭാഗമായി ഈജിപ്റ്റിൽ അരലക്ഷത്തോളം പേർ പങ്കെടുത്ത സായിദ് ചാരിറ്റി റൺ നടത്തി. 10 കിലോമീറ്റർ ദൂരത്തിലാണ് ചാരിറ്റി റൺ നടത്തിയത്. ഈജിപ്റ്റിന്‍റെ പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു പരിപാടി. 200 ഇരട്ട ഉംറ യാത്രകൾക്ക് പുറമേ 20 ദശലക്ഷം ഈജിപ്ഷ്യൻ പൗണ്ടാണ് സമ്മാനമായി നൽകുന്നത്. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം കെയ്‌റോയിലെ കുട്ടികളുടെ കാൻസർ ആശുപത്രിക്ക് നൽകും.
ചാരിറ്റി റണ്ണിൽ യുഎഇ യുവജനകാര്യ സഹമന്ത്രി ഡോ. സുൽത്താൻ സെയ്ഫ് അൽ നെയാദി, ഈജിപ്ഷ്യൻ യുവജന കായിക മന്ത്രി ഡോ. അഷ്‌റഫ് സോബി, റണ്ണിന്‍റെ സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഹിലാൽ അൽ കഅബി, , ഈജിപ്റ്റിലെ യുഎഇ അംബാസഡർ മറിയം ഖലീഫ അൽ കാബി, അബുദാബി സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ജനറൽ അരീഫ് ഹമദ് അൽ അവാനി, എമിറേറ്റ്സ് റെഡ് ക്രസന്‍റ് സെക്രട്ടറി ജനറൽ റാഷിദ് മുബാറക് അൽ മൻസൂരി എന്നിവർ പങ്കെടുത്തു.
സായിദ് ചാരിറ്റി റൺ യുഎഇയും ഈജിപ്റ്റും തമ്മിലുള്ള ശക്തമായ ബന്ധത്തിന്‍റെ പ്രതീകമാണെന്ന് ഡോ. സുൽത്താൻ സെയ്ഫ് അൽ നെയാദി പറഞ്ഞു. നന്മ, സമാധാനം, സ്നേഹം, ഉദാരത, സഹിഷ്ണുത, സഹവർത്തിത്വം എന്നീ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇയുടെ നയത്തിന്‍റെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഈജിപ്റ്റും യുഎഇയും തമ്മിലുള്ള സഹകരണത്തിന്‍റെ പാലമായും മാനുഷിക പ്രവർത്തനങ്ങൾക്ക് മാതൃകയായും പ്രവർത്തിക്കുന്ന സായിദ് ചാരിറ്റി റൺ സ്‌പോർട്‌സിന് അതീതമാണെന്ന് ഡോ. അഷ്‌റഫ് സോബി അഭിപ്രായപ്പെട്ടു.
ഔദാര്യവും മനുഷ്യത്വവും ഉൾപ്പെടെ യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ പകർന്നുനൽകിയ മൂല്യങ്ങളുടെ യഥാർത്ഥ മൂർത്തീകരണമാണിതെന്ന് റണ്ണിന്‍റെ സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഹിലാൽ അൽ കാബി പറഞ്ഞു. സായിദ് ചാരിറ്റി റണ്ണിന്‍റെ ഒമ്പതാം പതിപ്പിന്‍റെ വിജയത്തിൽ അബുദാബി സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ജനറൽ അരീഫ് ഹമദ് അൽ അവാനി അഭിമാനം പ്രകടിപ്പിച്ചു.