

പസഫിക് സമുദ്രത്തിൽ യുഎസിന്‍റെ മയക്കു മരുന്നു വേട്ട, മൂന്നു മരണം
social media
വാഷിങ്ടൺ: കിഴക്കൻ പസഫിക് സമുദ്രത്തിൽ മയക്കുമരുന്നു കടത്തിയെന്ന് ആരോപിച്ച് ഒരു ബോട്ടിനു നേർക്ക് അമെരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടതായി യുഎസ് സൈന്യം അറിയിച്ചു. വെള്ളിയാഴ്ചയാണ് ഈ വിവരം പുറത്തായത്.
കിഴക്കൻ പസഫിക്കിലെ മയക്കുമരുന്ന് കടത്ത് പാതയിലൂടെ സഞ്ചരിച്ച ബോട്ട് മയക്കുമരുന്നുമായി പോകുകയായിരുന്നു എന്ന് യുഎസ് സതേൺ കമാൻഡ് സോഷ്യൽ മീഡിയയിൽ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ ഒരു ബോട്ട് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതും തുടർന്ന് തീപിടിത്തം ഉണ്ടാകുന്നതും കാണാം.
വെള്ളയാഴ്ചത്തെ ആക്രമണത്തോടെ ട്രംപ് ഭരണകൂടം കരീബിയൻ-കിഴക്കൻ പസഫിക് സമുദ്രങ്ങളിലായി മയക്കുമരുന്നു കടത്തിനെതിരേ നടത്തുന്ന 43ാമത്തെ ആക്രമണമാണ് ഇത്. 148 പേരെങ്കിലും മയക്കുമരുന്നു ബോട്ടുകളിൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായിട്ടാണ് വിവരം.
ലാറ്റിൻ അമെരിക്കയിലെ കാർട്ടലുകളുമായി യുഎസ് സേന ‘സായുധ സംഘട്ടനത്തിലാണെന്ന്’ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മയക്കുമരുന്നിന്‍റെ കടത്ത് തടയുന്നതിന് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നു സൈനിക നടപടികളെ ന്യായീകരിച്ച് ട്രംപ് പറഞ്ഞു.
എന്നാല്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടവരെന്നു ട്രംപ് ഭരണകൂടം പറയുമ്പോഴും ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ നല്കാന്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം ആദ്യത്തെ ബോട്ട് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ സൈന്യം തുടര്‍ന്നുള്ള ആക്രമണത്തിലൂടെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ബോട്ട് ആക്രമണങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നു. ഡെമോക്രാറ്റിക് നിയമനിര്‍മ്മാതാക്കളും നിയമ വിദഗ്ധരും സൈന്യം നടത്തിയത് കൊലപാതകമാണെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.