

ഇറാന്‍റെ യുറേനിയം ശേഖരം ഏറ്റെടുക്കാൻ തയാർ: പുടിൻ
മോസ്കോ: ഇറാന്‍റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറുന്നതിനും സൂക്ഷിക്കുന്നതിനും മോസ്കോ സന്നദ്ധമാണെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. മോസ്കോയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അന്താരാഷ്ട്ര തലത്തിൽ വലിയ സ്വാധീനം ഉണ്ടാക്കിയേക്കാവുന്ന ഈ വെളിപ്പെടുത്തൽ അദ്ദേഹം നടത്തിയത്.
2015ൽ സമാനമായ രീതിയിൽ യുറേനിയം ശേഖരം റഷ്യയിലേയ്ക്ക് മാറ്റിയിട്ടുണ്ടെന്നും ആ അനുഭവം വീണ്ടും ആവർത്തിക്കാൻ റഷ്യ തയാറാണെന്നും പുടിൻ അറിയിച്ചു. യുറേനിയം രാജ്യത്തിനു പുറത്തേക്കു മാറ്റുന്ന കാര്യത്തിൽ തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളും നേരത്തെ ധാരണയിൽ എത്തിയിരുന്നതായി പുടിൻ ചൂണ്ടിക്കാട്ടി.
എന്നാൽ പിന്നീട് അമെരിക്ക നിലപാട് കടുപ്പിക്കുകയും യുറേനിയം തങ്ങളുടെ ഭൂപ്രദേശത്തേയ്ക്കു മാത്രമേ മാറ്റാവൂ എന്ന് നിർബന്ധം പിടിക്കുകയും ചെയ്തു. ഇതോടെ ഇറാനും തങ്ങളുടെ നിലപാടിൽ ഉറച്ചു നിന്നതാണ് നിലവിലെ സ്തംഭനാവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഈ വിഷയത്തിൽ വാഷിങ്ടണുമായും ടെഹ്റാനുമായും റഷ്യ നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും നിലവിലെ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം പുടിന്‍റെ ഈ പ്രസ്താവനയോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.