ഹൂതികൾക്കെതിരേ സൗദിയെ സഹായിക്കാമെന്നേറ്റു; അവസാന നിമിഷം പിന്മാറി യുഎസ്

ആക്രമണ കേന്ദ്രങ്ങൾ തീരുമാനിച്ച് യുദ്ധ വിമാനങ്ങളിൽ ബോംബുകൾ കയറ്റിയ ശേഷം പിന്മാറ്റം
 Saudi Crown Prince Mohammed bin Salman with Trump

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ട്രംപിനോടൊപ്പം 

Updated on

വാഷിങ്ടൺ: യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് എതിരേ വ്യോമാക്രമണം നടത്താൻ സകല യുദ്ധസന്നാഹങ്ങളും പൂർത്തിയാക്കിയ ശേഷം പിന്മാറി യുഎസ്. ആക്രമണ കേന്ദ്രങ്ങൾ തീരുമാനിച്ച് യുദ്ധ വിമാനങ്ങളിൽ ബോംബുകൾ കയറ്റിയ ശേഷമാണ് യുഎസിന്‍റെ പിന്മാറ്റം.

ചെങ്കടലിനു സമീപമുള്ള തന്ത്രപ്രധാന മേഖലകളിൽ ഹൂതികൾ നിയന്ത്രണം വ്യാപിപ്പിക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യ യുഎസിനോട് സൈനിക സഹായം ആവശ്യപ്പെട്ടിരുന്നു. ഇറാന്‍റെ യുദ്ധത്തിലെ അമെരിക്കയുടെ പ്രധാന സഖ്യകക്ഷിയായ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ട്രംപിനെ നേരിട്ടു വിളിച്ച് ഹൂതികളുടെ മുന്നേറ്റം തടയാൻ സഹായം അഭ്യർഥിച്ചതോടെയാണ് വിഷയം വീണ്ടും സജീവമായതെന്ന് യുഎസ് ഉദ്യോസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കിരീടാവകാശിയുമായുള്ള ഫോൺ സംഭാഷണത്തിന് ഒരു ദിവസം മുമ്പ് ഹൂതികളും സൗദിയും തമ്മിലുള്ള പോരാട്ടത്തിൽ യുഎസ് ഇടപെടുന്നതിനോട് ട്രംപ് അനുകൂലമായിരുന്നില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ ഫോൺ സംഭാഷണത്തിനു പിന്നാലെ പെന്‍റഗൺ ഉദ്യോഗസ്ഥരോട് ഹൂതികൾക്കെതിരേ വ്യോമാക്രമണത്തിന് തയാറെടുക്കാൻ നിർദേശിച്ചു.

പിന്നീട് ഞായറാഴ്ച വീണ്ടും നിലപാട് മാറ്റിയ ട്രംപ് തൽക്കാലം ഹൂതികൾക്കെതിരേ യുഎസ് ആക്രമണം ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. അതേസമയം സൗദിയുമായി യുഎസിനു പ്രതിരോധ കരാറുണ്ടെന്നും സഖ്യ കക്ഷികളെ എല്ലായ്പോഴും സഹായിക്കുമെന്നും വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

എന്നാൽ ട്രംപിന്‍റെ അടുത്ത വൃത്തങ്ങളിലെ ഭൂരിഭാഗം പേരും ഹൂതികൾക്കെതിരായ സൗദിയുടെ പോരാട്ടത്തിൽ യുഎസ് നേരിട്ട് ചേരുന്നതിനെ സംശയത്തോടെയും എതിർപ്പോടെയുമാണ് കാണുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാനുമായുള്ള നിലവിലെ സംഘർഷത്തിൽ യുഎസ് സൈന്യം നേരിടുന്ന സമ്മർദ്ദവും ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നു.

എന്നാൽ യുഎസിനെ ആക്രമിക്കില്ലെന്നു ഹൂതികൾ ട്രംപിന് ഉറപ്പു നൽകിയതായും റിപ്പോർട്ടുണ്ട്. എന്നാൽ സൗദി അറേബ്യയ്ക്കെതിരേ ഹൂതികളുടെ ആക്രമണം ശക്തമായിരിക്കുകയാണ്. റിയാദിനെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടന്നതായും യെമനിൽ സൗദി പിന്തുണയുള്ള സർക്കാരിൽ നിന്ന് ഹൂതികൾ വ്യാപകമായി പ്രദേശങ്ങൾ പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com