

കൊല്ലപ്പെട്ട ഖോകോൺ ദാസ്
social media
ധാക്ക: ബംഗ്ലാദേശിലെ ശരിയത്ത്പൂർ ജില്ലയിൽ ആൾക്കൂട്ടം തീ കൊളുത്തിയ ഹിന്ദു വ്യാപാരി ഖോകോൺ ചന്ദ്രദാസ്(50)അന്തരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ധാക്ക ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അദ്ദേഹം ശനിയാഴ്ച പുലർച്ചെയാണ് മരണത്തിനു കീഴടങ്ങിയത്. ഡിസംബർ 31 ന് രാത്രി തന്‍റെ കട പൂട്ടി വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയാണ് ഒരു സംഘം ആളുകൾ ഇദ്ദേഹത്തെ തടഞ്ഞു നിർത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.
ആക്രമണ സമയത്ത് പ്രാണരക്ഷാർഥം അടുത്തുള്ള കുളത്തിലേയ്ക്ക് ചാടി രക്ഷപ്പെട്ടിരുന്നു എങ്കിലും ഖോകോൺ ദാസിന്‍റെ ശരീരത്തിന്‍റെ ഭൂരിഭാഗവും പൊള്ളലേറ്റിരുന്നു. നില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടരുന്ന ആൾക്കൂട്ട ആക്രമണങ്ങളുടെ ഏറ്റവും പുതിയ ഇരയാണ് ഖോകോൺ ദാസ്.
രണ്ടാഴ്ചയ്ക്കിടെ ആൾക്കൂട്ട കൊലപാതകത്തിന് ഇരയാകുന്ന നാലാമത്തെ ഹിന്ദുമത വിശ്വാസിയാണ് ഇദ്ദേഹം.ഖോകോൺ ദാസിന്‍റെ കൊലപാതകം ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ വൻ പ്രതിഷേധത്തിനും ഭീതിക്കും കാരണമായി. കുടുംബത്തിന്‍റെ ഏക വരുമാനസ്രോതസായിരുന്നു ഖോകോൺ. അക്രമികളെ ഉടൻ പിടികൂടണമെന്നും ന്യൂനപക്ഷങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും അതിക്രമങ്ങൾ തുടരുന്നത് വൻ ആശങ്കകൾക്കിടയാക്കുകയാണ്.