

ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ട്രംപിനു തിരിച്ചടി- പ്രതികരിക്കാതെ ട്രംപ്
file photo
വാഷിങ്ടൺ: ഇന്ത്യയും യൂറോപ്യൻ യൂണിയനുമായി കഴിഞ്ഞ ദിവസമുണ്ടാക്കിയ വ്യാപാര കരാർ അമെരിക്കയ്ക്ക് തിരിച്ചടിയെന്നു ലോകം വിലയിരുത്തുന്നു. ഇന്ത്യ-യുഎസ് വ്യാപാരകരാർ ഇതു വരെ തീരുമാനമാകാത്ത സാഹചര്യത്തിൽ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാരകരാർ ട്രംപിനു തിരിച്ചടിയെന്നാണ് വിലയിരുത്തൽ. എല്ലാ കരാറുകളുടെയും അമ്മയെന്നാണ് ഈ കരാറിനെ ഇന്ത്യ വിശേഷിപ്പിച്ചത്. ലോക സമ്പദ് വ്യവസ്ഥയുടെ നാലിലൊന്നു ഭാഗത്തെയും ആഗോള വ്യാപാരത്തിന്‍റെ മൂന്നിലൊന്നു ഭാഗത്തെയും പ്രതിനിധീകരിക്കുന്ന കരാർ കൂടിയാണിത്.
ഇന്ത്യയിലെയും യൂറോപ്പിലെയും ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിന്‍റെ ഗുണഭോക്താക്കൾ. ഇന്ത്യൻ ഉൽപന്നങ്ങൾ അമെരിക്കയിലേയ്ക്കു കയറ്റി അയയ്ക്കുന്നതിന് ട്രംപ് ഭരണകൂടം 50 ശതമാനം തീരുവ ചുമത്തിയതിനെ തുടർന്നാണ് ഈ കരാർ എന്നതും ശ്രദ്ധേയമാണ്.
ആഗോള ക്രമത്തിലെ സംഘർഷാവസ്ഥയുടെ സമയത്ത് യൂറോപ്യൻ യൂണിയനുമായുള്ള പങ്കാളിത്തം അന്താരാഷ്ട്ര സംവിധാനത്തിൽ സ്ഥിരത ശക്തിപ്പെടുത്തണമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റ് അന്‍റോണിയോ കോസ്റ്റ എന്നിവരുമായി ഡൽഹിയിൽ നടന്ന സംയുക്ത പത്ര സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
യൂറോപ്യൻ രാജ്യങ്ങൾ യുഎസിനെയും ചൈനയെയും ആശ്രയിക്കുന്നത് കുറയ്ക്കാനും മറ്റ് മേഖലകളുമായുള്ള നയതന്ത്ര സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ ശ്രമിക്കുന്നതിനിടയിലുമാണ് ഈ കരാർ. ഇന്ത്യയുമായി വ്യാപാര കരാറിലെത്താൻ വൈകുന്നതിനു കാരണം വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ചില ഘട്ടങ്ങളിൽ ട്രംപുമാണെന്ന് സെനറ്റർ ടെഡ് ക്രൂസ് പരസ്യമായി വിമർശിക്കുന്ന ഓഡിയോ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ കരാറിനെ കുറിച്ച് ട്രംപാകട്ടെ ഇതു വരെ പ്രതികരണം നടത്തിയിട്ടില്ല.
കരാറിലൂടെ റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പരോക്ഷമായി ധനസഹായം നൽകുന്ന സമീപനമാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബൈസെന്‍റ് ഇതിനകം തന്നെ കരാറിനെ വിമർശിച്ചിരുന്നു. അമെരിക്കയും സഖ്യ കക്ഷികളും തമ്മിലുള്ള ബന്ധം അസന്തുലിതാവസ്ഥയിലായതായും ബെസെന്‍റ് പറഞ്ഞു.
മോസ്കോയുടെ ഊർജ വ്യാപാരത്തെ അസ്ഥിരപ്പെടുത്താൻ വാഷിങ്ടൺ ശ്രമിക്കുമ്പോൾ ആഗോള എണ്ണ വ്യാപാരത്തിലെ പഴുതുകളിൽ നിന്ന് യൂറോപ്പ് സാമ്പത്തികമായി നേട്ടമുണ്ടാക്കുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യൻ യൂണിയനുമായുള്ള ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാർ താരിഫുകളും സംയോജനവും നിർബന്ധിത ഉപകരണങ്ങളായി ഉപയോഗിക്കുന്ന ആഗോള മേധാവിത്വങ്ങൾക്കുള്ള തികഞ്ഞ ഉത്തരമാണെന്ന് ട്രംപിനെ പരോക്ഷമായി വിമർശിച്ച് കനേഡിയൻ ഊർജ്ജ പ്രകൃതി വിഭവ മന്ത്രി ടിം ഹോഡ്സൺ പറഞ്ഞു.