2024 year India advances in global rankings
2024: ആഗോള റാങ്കിങ്ങുകളിൽ ഇന്ത്യയ്ക്ക് മുന്നേറ്റം

2024: ആഗോള റാങ്കിങ്ങുകളിൽ ഇന്ത്യയ്ക്ക് മുന്നേറ്റം

ഇന്ന് ആഗോളതലത്തിൽ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുക എന്ന ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് നാം. കഴിഞ്ഞ ദശകത്തിൽ വിവിധ ആഗോള റാങ്കിങ്ങുകളിലുണ്ടാക്കിയ ശ്രദ്ധേയമായ മുന്നേറ്റത്തിലൂടെ, ആഗോള തലത്തിൽ മത്സരാധിഷ്ഠിതമായി നിലകൊള്ളാനും, സുപ്രധാന പങ്ക് വഹിക്കാനുമുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം പ്രകടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ലോജിസ്റ്റിക്‌സ്, നൂതന സാങ്കേതിക മുന്നേറ്റങ്ങൾ, സുരക്ഷ, സൈബർ സെക്യൂരിറ്റി തുടങ്ങി സമസ്ത മേഖലകളിലും രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ റാങ്കിങ്ങിലുണ്ടായ ഈ നേട്ടങ്ങൾ ആഗോള ക്രമത്തിലെ ഇന്ത്യയുടെ സ്ഥാനത്തിലെ പുനർവിചിന്തനത്തിനും വഴിതുറന്നിട്ടുണ്ട്.

2015നും 2018നും മധ്യേ ബിസിനസ് സൗഹൃദ സൂചികയിൽ (Ease of Doing Business index) ഇന്ത്യ നടത്തിയ 42 റാങ്കുകളുടെ കുതിപ്പ്, ലളിതമായ നടപടിക്രമങ്ങളും മെച്ചപ്പെട്ട ബിസിനസ് അവസരങ്ങളും കൊണ്ട് അടയാളപ്പെടുത്തപ്പെട്ട, മെച്ചപ്പെട്ട ബിസിനസ് ആവാസ വ്യവസ്ഥ നിലനിൽക്കുന്ന നിക്ഷേപ സൗഹൃദ ലക്ഷ്യ സ്ഥാനമായി രാജ്യത്തെ പ്രതിഷ്ഠിച്ചു. അതുപോലെ, ആഗോള മത്സരക്ഷമത സൂചികയിൽ 2014ലെ 71ൽ നിന്ന് 2018ൽ 39ാം സ്ഥാനത്തേക്കുള്ള ഇന്ത്യയുടെ കുതിപ്പ്, അടിസ്ഥാന സൗകര്യങ്ങൾ, വിപണി വൈപുല്യം, നൂതനത്വം എന്നീ മേഖലകളിലെ പുരോഗതി എടുത്തുകാട്ടുന്നു. 2022ൽ ഇന്ത്യയുടെ വ്യോമയാന സുരക്ഷാ മേൽനോട്ട സംവിധാനം ചൈന, ഇസ്രയേൽ, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങളെ മറികടന്ന് 102ൽ നിന്ന് 48ാം സ്ഥാനത്തേക്ക് കുതിച്ചു. ഈ നാഴികക്കല്ലുകൾ ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനവും മത്സരശേഷിയും ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾക്ക് തെളിവാണ്.

2024ൽ, ആഗോളതലത്തിൽ ഇന്ത്യയുണ്ടാക്കിയ ഉജ്വലമായ മുന്നേറ്റത്തെ അസാധാരണം എന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല. പ്രധാന റാങ്കിങ്ങുകളിലെ മുന്നേറ്റവും നേട്ടങ്ങളും ഇന്ത്യയുടെ വർധിച്ചുവരുന്ന സ്വാധീനം എടുത്തു കാണിക്കുന്നു. ഏറ്റവും കൂടുതൽ വിദേശനാണ്യ കരുതൽ ശേഖരമുള്ള ആദ്യ നാല് രാജ്യങ്ങളിൽ ഇടം നേടിയത് മുതൽ ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സ് റാങ്കിങ്ങിലെ മുന്നേറ്റം വരെ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ നടത്തുന്ന പരിവർത്തനാത്മക പുരോഗതി എടുത്തുകാട്ടുന്നു.

വിദേശ കരുതൽ ധനശേഖരം

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ ഗതി അതിശയകരമാണ്. ലോജിസ്റ്റിക്‌സ് പെർഫോമൻസ് ഇൻഡക്‌സ് 2023ൽ ഇന്ത്യ നടത്തിയ കുതിച്ചുചാട്ടം രാജ്യത്തിന്‍റെ വ്യാപാര കാര്യക്ഷമത വർധിപ്പിച്ചു. ശ്രദ്ധേയമായ നേട്ടത്തോടെ 16 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഇന്ത്യയിപ്പോൾ 139 രാജ്യങ്ങളിൽ 38ാം സ്ഥാനത്താണ്. ഈ കുതിച്ചുചാട്ടം, വ്യാപാരത്തിലും അടിസ്ഥാന സൗകര്യവികസനത്തിലും ഇന്ത്യയുടെ വളരുന്ന ശക്തിയ്ക്ക് ദൃഷ്ടാന്തമാണ്.

കൂടാതെ, ആഗോള വ്യാപാരത്തിന്‍റെ സുപ്രധാന അളവുകോലായി മാറിക്കൊണ്ടിരിക്കുന്ന ഷിപ്പ്ടേൺ എറൗണ്ട് സമയത്തിന്‍റെ (ഒരു കപ്പൽ തുറമുഖത്ത് എത്തിയ ശേഷം ചരക്ക് ഇറക്കാനും കയറ്റാനും വീണ്ടും പുറപ്പെടാനും എടുക്കുന്ന സമയം) കാര്യത്തിൽ ഇന്ത്യ പല വികസിത രാജ്യങ്ങളെയും മറികടന്നു. തുറമുഖ ശേഷിയിലെ വർധനവ്, തുറമുഖ അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപം, സാഗർമാല പദ്ധതിക്ക് കീഴിൽ തുറമുഖങ്ങളുടെ മികച്ച കണക്റ്റിവിറ്റി എന്നിവ ഇപ്പോൾ യാഥാർഥ്യമായി. ഇന്ത്യയുടെ പ്രധാന തുറമുഖങ്ങളിലെ ഷിപ്പ് ടേൺ എറൗണ്ട് സമയം 2013-14 ലെ 93.59 മണിക്കൂറിൽ നിന്ന് 2023-24 ൽ 48.06 മണിക്കൂറായി, അതായത് 48.65 ശതമാനം കുറഞ്ഞു.

ഒപ്പം, ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 700 ബില്യൺ ഡോളറിന് മുകളിലെത്തുകയും, ചൈന, ജപ്പാൻ, സ്വിറ്റ്‌സർലൻഡ് എന്നിവയ്ക്ക് തൊട്ടു പിന്നിൽ ആഗോളതലത്തിൽ നാലാം സ്ഥാനം കൈവരിക്കുകയും ചെയ്തു. ആഗോള മത്സരക്ഷമത സൂചിക 2024ൽ 39ാം സ്ഥാനത്തേക്കുള്ള ഇന്ത്യയുടെ ഉയർച്ച ശ്രദ്ധേയമായ മറ്റൊരു നേട്ടമാണ്. സാമ്പത്തിക പരിഷ്‌ക്കാരങ്ങളിലുള്ള സർക്കാരിന്‍റെ നിതാന്ത ശ്രദ്ധയാണ് ഇത് വ്യക്തമാക്കുന്നത്. ഇത് ആഗോള വിപണിയിലെ മുന്നണിപ്പോരാളിയായി ഇന്ത്യയെ പ്രതിഷ്ഠിക്കുന്നു.

കഴിഞ്ഞ ദശകത്തിൽ (ഏപ്രിൽ 2014 മുതൽ സെപ്തംബർ 2024 വരെ), നേരിട്ടുള്ള വിദേശ നിക്ഷേപം 709.84 ബില്യൺ ഡോളറായിരുന്നു. കഴിഞ്ഞ 24 വർഷത്തെ മൊത്തം വിദേശ നിക്ഷേപത്തിന്‍റെ 68.69% വരുമിത്.

2024ൽ, ചൈനയ്ക്ക് പിന്നിൽ ലോകത്തെ ഏറ്റവും വലിയ അസംസ്കൃത സ്റ്റീൽ ഉത്പാദക രാജ്യമായി ഇന്ത്യ മാറി. മൊബൈൽ ഫോൺ ഉത്പാദനത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനം കൈവരിച്ച് നിർണ്ണായക ഉത്പാദന കേന്ദ്രമെന്ന പദവി ഉറപ്പിച്ചു.

സാങ്കേതിക വിദ്യാ മുന്നേറ്റം

ആഗോള ഇന്നൊവേഷൻ സൂചിക 2024 ഇന്ത്യൻ മുന്നേറ്റത്തിന്‍റെ വ്യക്തമായ പ്രതിഫലനമാണ്. 2015ലെ 81ൽ നിന്ന് 39ാം സ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചു. നവീകരണത്തിന്‍റെ ആഗോള കേന്ദ്രമായി രാജ്യം മാറുന്നതിന്‍റെ ഉദാഹരണമാണിത്. സാങ്കേതിക നിലവാരം മെച്ചപ്പെടുത്തി നെറ്റ്‌വർക്ക് റെഡിനസ് ഇൻഡക്‌സ് 2024ൽ 11 സ്ഥാനങ്ങൾ മുന്നേറിയ ഇന്ത്യ മികച്ച 50 രാജ്യങ്ങളിൽ ഇടംപിടിച്ചു. എഐ പ്രതിഭകളുടെ കാര്യത്തിലും ഐസിടി സേവനങ്ങളുടെ കയറ്റുമതിയിലും എഐ ശാസ്ത്ര പ്രസിദ്ധീകരണങ്ങളിലും ഒന്നാം സ്ഥാനത്തും, FTTH സബ്‌സ്‌ക്രിപ്‌ഷനുകളിലും മൊബൈൽ ഇന്‍റർനെറ്റ് ട്രാഫിക്കിലും രണ്ടാം സ്ഥാനത്തും ആഭ്യന്തര വിപണി വലിപ്പത്തിൽ മൂന്നാം സ്ഥാനത്തും ഇന്ത്യ എത്തി. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനുള്ള സർക്കാരിന്‍റെ ശ്രമങ്ങൾക്ക് ഈ കുതിപ്പ് അടിവരയിടുന്നു.

പേറ്റന്‍റുകൾ, വ്യാപാര മുദ്രകൾ (Trademarks), വ്യാവസായിക രൂപകല്പന എന്നിവയിൽ ഇന്ത്യ മികച്ച 10 രാജ്യങ്ങളിൽ ഇടം പിടിച്ചു. WIPO 2024 റിപ്പോർട്ട്, ബൗദ്ധിക സ്വത്തവകാശത്തിലും സാങ്കേതിക മുന്നേറ്റങ്ങളിലും രാജ്യത്തിന്‍റെ വളർന്നുവരുന്ന നേതൃത്വത്തെയും സുപ്രധാന പങ്കിനെയും ആവർത്തിച്ച് സ്ഥിരീകരിക്കുന്നു. മാത്രമല്ല, പേറ്റന്‍റുകളും വ്യാപാരമുദ്രകളും പോലുള്ള ഭൗതികേതര ആസ്തികളുടെ ശക്തിയാൽ, "അദൃശ്യ ആസ്തി മൂല്യത്തിൽ' ("Intangible asset intensity') ഇന്ത്യ ആഗോളതലത്തിൽ 7ാം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ മേഖല

ആഗോള അക്കാദമിക് റാങ്കിങ്ങിൽ ഗണ്യമായ മുന്നേറ്റം നടത്തുന്നതിനൊപ്പം ഇന്ത്യയുടെ വിദ്യാഭ്യാസ മേഖല ശ്രദ്ധേയമായ വളർച്ച കൈവരിക്കുകയാണ്. ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്: ഏഷ്യ 2025, ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം എടുത്തുകാണിക്കുന്നു. രാജ്യത്തെ 7 സ്ഥാപനങ്ങൾ ഇപ്പോൾ ഏഷ്യയിലെ മികച്ച 100 റാങ്കിൽ ഇടം പിടിച്ചിട്ടുണ്ട്. ഇത് മാത്രമല്ല, റാങ്കിങ്ങിൽ ഉൾപ്പെട്ട 984 സ്ഥാപനങ്ങളിൽ 162 സർവകലാശാലകൾ ഇന്ത്യയിൽ നിന്നാണ്. ജപ്പാനെയും (115) ചൈനയെയും (135) പിന്തള്ളി തുടർച്ചയായി രണ്ടാം തവണ ക്യുഎസ് റാങ്കിങ്ങിൽ ഏറ്റവും കൂടുതൽ പ്രാതിനിധ്യമുള്ള രാജ്യമായി ഇന്ത്യ മാറി. ലോകോത്തര വിദ്യാഭ്യാസം നൽകുന്നതിനും ഗവേഷണ മികവ് വളർത്തുന്നതിനുമുള്ള രാജ്യത്തിന്‍റെ പ്രതിബദ്ധതയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്. ഐഐടികളും ഐഐഎമ്മുകളും പോലുള്ള സ്ഥാപനങ്ങൾ ഇന്ത്യയിലും ആഗോള തലത്തിലും ഉയർന്ന നിലവാരം പുലർത്തുന്നു . വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഉന്നത വിദ്യാഭ്യാസത്തിന്‍റെ മുൻനിര കേന്ദ്രമായി മാറാൻ ഇന്ത്യ ഒരുങ്ങുകയാണ്.

സൈബർ സുരക്ഷ

ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ കഴിഞ്ഞ വർഷങ്ങളായി അതിവേഗം വളരുന്നു. ആഗോള സൈബർ സുരക്ഷാ സൂചിക 2024ലെ ഒന്നാം ശ്രേണിയിൽ എത്തിയ നേട്ടം ഈ പരിവർത്തനത്തിന് അടിവരയിടുന്നു. ഇന്ത്യ 100ൽ 98.49 ആണ് സ്കോർ ചെയ്തത്. ഇത് സൈബർ സുരക്ഷാ സന്നദ്ധതയിൽ ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ അംഗമാക്കുന്നു. ബിസിനസുകൾക്കും പൗരന്മാർക്കും സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഗവൺമെന്‍റിന്‍റെ നിരന്തര ശ്രദ്ധയെ ഈ നാഴികക്കല്ല് പ്രതിഫലിപ്പിക്കുന്നു.

ശക്തമായ സൈബർ സുരക്ഷാ ചട്ടക്കൂടുകൾ കെട്ടിപ്പടുക്കുന്നതിൽ മോദി ഗവൺമെന്‍റിന്‍റെ ശ്രദ്ധ, ഡിജിറ്റൽ ഇന്ത്യ പോലുള്ള സംരംഭങ്ങളിലൂടെ കാണാം. ഇത് ഇന്‍റർനെറ്റ് സൗകര്യങ്ങളുടെ ലഭ്യത വിപുലീകരിക്കുക മാത്രമല്ല, ഓൺലൈൻ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ അവതരിപ്പിക്കുകയും ചെയ്തു. NCIIPC, I4C എന്നിവ രൂപീകരിച്ചത് പോലെയുള്ള ശ്രമങ്ങൾ, രാജ്യത്തിന്‍റെ സൈബർ പ്രതിരോധം ശക്തിപ്പെടുത്തുന്നതിലും ആഗോള സൈബർ സുരക്ഷാ ഭൂമികയിൽ ഇന്ത്യയെ നേതൃനിരയിലേക്ക് ഉയർത്തുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ലിംഗസമത്വം

ലിംഗസമത്വത്തിൽ ഇന്ത്യയുടെ ശ്രദ്ധേയമായ പുരോഗതി 2022ലെ ലിംഗ സമത്വ സൂചികയിൽ പ്രകടമാണ്. സൂചികയിൽ രാജ്യം 14 സ്ഥാനങ്ങൾ ഉയർന്ന് 2021ലെ 122ൽ നിന്ന് 108ലേക്ക് മെച്ചപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സ്ത്രീ സുരക്ഷ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പോലുള്ള സംരംഭങ്ങളിലൂടെ സ്ത്രീ ശാക്തീകരണത്തിനുള്ള മോദി ഗവണ്മെന്‍റിന്‍റെ ശക്തമായ പ്രതിബദ്ധതയാണ് ഈ പുരോഗതി പ്രതിഫലിപ്പിക്കുന്നത്. 2023-2024ൽ , തൊഴിൽ ശക്തിയിലും രാഷ്‌ട്രീയ നേതൃത്വപരമായ ചുമതലകളിലും കൂടുതൽ സ്ത്രീകൾ പങ്കാളികളാകുന്നതോടെ ഇന്ത്യ ഈ രംഗത്തെ കുതിപ്പ് തുടരുകയാണ്. എല്ലാവരെയും കൂടുതൽ ഉൾക്കൊള്ളുന്ന സമൂഹത്തിനായുള്ള പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് ഈ മാറ്റങ്ങൾക്ക് ചാലക ശക്തിയാകുന്നു. എല്ലാ മേഖലകളിലും സ്ത്രീകളുടെ സംഭാവനകൾ കൂടുതൽ അംഗീകരിക്കപ്പെടുകയും പിന്തുണയ്ക്കപ്പെടുകയും ചെയ്യുന്നതായി ഇത് ഉറപ്പാക്കുന്നു.

വിനോദസഞ്ചാര മേഖല

ഇന്ത്യയുടെ വിനോദസഞ്ചാര മേഖല 2024ൽ അഭിവൃദ്ധി പ്രാപിച്ചു. ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്‌മെന്‍റ് സൂചികയിൽ (TTDI) 2024ൽ ഇന്ത്യ 39ാം സ്ഥാനത്താണ്. ഇൻക്രെഡിബിൾ ഇന്ത്യ, ദേഖോ അപ്നാ ദേശ് തുടങ്ങിയ പദ്ധതികൾ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരികവും പ്രകൃതിദത്തവുമായ പൈതൃകം പ്രദർശിപ്പിച്ചുകൊണ്ട് ആഭ്യന്തരവും അന്തർദേശീയവുമായ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിച്ചു. 2024ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വദേശ് ദർശൻ, പ്രസാദ് പദ്ധതികൾക്ക് കീഴിൽ 1,400 കോടി (168.5 ദശലക്ഷം യുഎസ് ഡോളർ) രൂപ മൂല്യമുള്ള 52 ടൂറിസം പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ഏഷ്യാ പവർ ഇൻഡക്‌സ് 2024ൽ ജപ്പാനെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ആക്റ്റ് ഈസ്റ്റ് നയവും ആഗോള വേദികളിലെ സജീവ നേതൃത്വവും പോലുള്ള തന്ത്രങ്ങളാൽ നയിക്കപ്പെടുന്ന ഇന്ത്യയുടെ വർധിച്ചുവരുന്ന പ്രാദേശിക സ്വാധീനത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. മോദിയുടെ നേതൃത്വത്തിൽ ആഗോള തലത്തിൽ ഇന്ത്യയുടെ സാന്നിധ്യവും കരുത്തും ശക്തമായി തുടരുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com