
ലോകമെമ്പാടും അസ്വസ്ഥതകൾ വർധിക്കുമ്പോഴും സ്ത്രീ ശാക്തീകരണത്തിന്‍റെ വർഷം കൂടിയാകുന്നു 2024. നമുക്ക് ഇതൊന്നു വിശകലനം ചെയ്യാം. തുടക്കം തന്നെ ഇന്ത്യയിൽ നിന്നാകട്ടെ.
2022 ജൂലൈ 25 മുതൽ ഇന്ത്യയുടെ പ്രഥമ വനിതയാണ് രാഷ്ട്രപതി ദ്രൗപദി മുർമു. പ്രതിഭാ പാട്ടീലിനു ശേഷം രണ്ടാമത്തെ രാഷ്ട്രപതിയും ഇന്ത്യയുടെ ആദ്യത്തെ ഗോത്ര വർഗ രാഷ്ട്രപതിയുമാണ്. ഇന്ത്യൻ രാഷ്ട്രപതി എന്ന നിലയിൽ ആദിവാസി ക്ഷേമം, സ്ത്രീ ശാക്തീകരണം,സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധിക്കുന്ന മുർമു ലോകത്തിനു മുമ്പിൽ ഇന്ത്യയുടെ ശക്തയായ അഭിഭാഷക കൂടിയാണ്.
2024 സമ്മാനിച്ച മറ്റൊരു വനിതാ പ്രസിഡന്‍റാണ് ഐസ് ലാൻഡിന്‍റെ പ്രസിഡന്‍റായി 2024 ജൂണിൽ തെരഞ്ഞെടുക്കപ്പെട്ട ഹല്ല ടോമാസ്‌ഡോട്ടിർ. ബിസിനസുകാരിയും നിക്ഷേപകയുമായ ഹല്ല ടോമാസ്‌ഡോട്ടിർ നിലവിൽ 2024 ജൂൺ മുതൽ ഐസ്‌ലാൻഡിന്‍റെ പ്രസിഡന്‍റായി സേവനമനുഷ്ഠിക്കുന്നു. വിഗ്ഡിസ് ഫിൻബോഗഡോറ്റിറിന് ശേഷം ഐസ്‌ലാൻഡിലെ രണ്ടാമത്തെ വനിതാ പ്രസിഡന്‍റാണ് അവർ.
ഏറ്റവും ജനപ്രീതിയാർജ്ജിച്ച രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി.2022 ഒക്റ്റോബർ മുതൽ ഇറ്റലിയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു വരുന്ന ഇവർ ഇറ്റലിയിലെ ആദ്യ വനിതാപ്രധാനമന്ത്രിയാണ്.
അത്ഭുതകരമായ സ്ത്രീശാക്തീകരണത്തിന്‍റെ മാറ്റൊലി ഉയർന്നത് അക്രമങ്ങളാൽ അസമാധാനം പുലരുന്ന ലാറ്റിനമേരിക്കൻ രാജ്യമായ മെക്സിക്കോയിലാണ്. വൻ തോതിലുള്ള തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം ഏതാണ്ട് നാലു മാസങ്ങൾ കഴിഞ്ഞ് 2024 ഒക്റ്റോബർ ഒന്നിനാണ് ക്രിമിനൽ അക്രമങ്ങളാൽ തകർന്ന ലാറ്റിനമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ ആദ്യത്തെ വനിതാ പ്രസിഡന്‍റായി ക്ലോഡിയ ഷെയിൻബോം സത്യ പ്രതിജ്ഞ ചെയ്തത്.
ലിംഗാധിഷ്ഠിത വിവേചനവും അക്രമവും കൊടി കുത്തി വാഴുന്ന രാജ്യമാണ് മെക്സിക്കോ.ദിവസവും അവിടെ പത്തോളം സ്ത്രീകളോ പെൺകുട്ടികളോ കൊല്ലപ്പെടുന്നു എന്നാണ് മെക്സിക്കൻ സർക്കാർ തന്നെ പുറത്തു വിടുന്ന കണക്ക്.മുൻ മേയറായിരുന്ന ക്ലോഡിയോ തന്‍റെ മേയർ ഭരണ കാലയളവിൽ അക്രമങ്ങൾക്ക് കൂച്ചു വിലങ്ങിട്ടതാണ് അവരെ ജനപ്രിയയാക്കിയത്. വൻ മയക്കു മരുന്നു ലോബികൾക്ക് അധീനമാണ് മെക്സിക്കോയുടെ ഭൂരിപക്ഷം പ്രദേശങ്ങളും.2006 മുതൽ മയക്കുമരുന്നു ലോബിയും കള്ളക്കടത്തു സംഘങ്ങളുമായി ബന്ധപ്പെട്ടു മാത്രം 450,000-ത്തിലധികം ആളുകളാണ് ഇവിടെ കൊല ചെയ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് "ബുള്ളറ്റുകളല്ല ആലിംഗനം എന്ന തന്ത്രത്തിൽ താൻ ഉറച്ചു നിൽക്കു" മെന്ന പ്രതിജ്ഞയെടുത്ത് ഷെയിൻബോം മെക്സിക്കൻ പ്രസിഡന്‍റായി ചുമതലയേറ്റത്. മെക്സിക്കോ സിറ്റി മേയറായിരിക്കെ ഷെയിൻ ബോമിന്‍റെ ഈ നയമാണ് അവിടെ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിൽ വൻ വിജയമായത്.