നിക്ഷേപകർക്ക് നേട്ടങ്ങളുടെ വർഷം

ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും മികച്ച നേട്ടങ്ങള്‍ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് നല്‍കിയാണ് നടപ്പുവര്‍ഷം വിടവാങ്ങുന്നത്
Year of excellence for investors, roundup
നിക്ഷേപകർക്ക് നേട്ടങ്ങളുടെ വർഷംFreepik
Updated on

ബിസിനസ് ലേഖകൻ

ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും മികച്ച നേട്ടങ്ങള്‍ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് നല്‍കിയാണ് നടപ്പുവര്‍ഷം വിടവാങ്ങുന്നത്. നാണയപ്പെരുപ്പം, വിദേശ നിക്ഷേപകരുടെ പിന്മാറ്റം, നിയുക്ത അമെരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വ്യാപാര യുദ്ധം, പശ്ചിമേഷ്യന്‍ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയ വെല്ലുവിളികള്‍ മറികടന്നാണ് വിപണികള്‍ മികച്ച നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയത്.

ഓഹരി, കടപ്പത്ര, സ്വര്‍ണ, റിയല്‍റ്റി നിക്ഷേപകര്‍ക്ക് മികച്ച നേട്ടമാണ് നടപ്പുവര്‍ഷം ലഭിച്ചത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നിക്ഷേപകര്‍ക്ക് ഏറ്റവും ഉയര്‍ന്ന വരുമാനം നല്‍കിയത് ഓഹരി വിപണിയാണ്. മികച്ച പ്രകടനവുമായി സ്വര്‍ണം തൊട്ടുപിന്നിലുണ്ട്. കടപ്പത്രങ്ങളും നിക്ഷേപകര്‍ക്ക് ബാങ്ക് പലിശയേക്കാള്‍ ഉയര്‍ന്ന വരുമാനം നല്‍കി. കഴിഞ്ഞ വര്‍ഷങ്ങളില്‍ കനത്ത നഷ്ടം സമ്മാനിച്ച റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇത്തവണ നിക്ഷേപകര്‍ക്ക് നേരിയ നേട്ടമാണുണ്ടായത്.

വിദേശ നിക്ഷേപകരുടെ ആവേശവും നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റതും കമ്പനികളുടെ പ്രവര്‍ത്തന ലാഭത്തിലുണ്ടായ കുതിപ്പുമാണ് നടപ്പുവര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ രാജ്യത്തെ ഓഹരി വിപണിയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചത്. എന്നാല്‍ സെപ്റ്റംബറിന് ശേഷം ഈ മുന്നേറ്റം തുടരാനായില്ല.

ലോകമെമ്പാടും നാണയപ്പെരുപ്പം കടുത്ത ഭീഷണി സൃഷ്ടിച്ചതും ഫെഡറല്‍ റിസര്‍വിന്‍റെ പലിശ നിലപാടുമാണ് വിപണിക്ക് തിരിച്ചടി സൃഷ്ടിച്ചത്. വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിനിടയിലും ഓഹരികള്‍ മികച്ച വരുമാനം ലഭ്യമാക്കി.

നടപ്പുവര്‍ഷം ജനുവരിയില്‍ ഒരു ലക്ഷം രൂപ നിഫ്റ്റി 500 സൂചികയില്‍ മുടക്കിയ നിക്ഷേപകന് വര്‍ഷാന്ത്യത്തില്‍ ലഭിക്കുന്നത് 1,21,300 രൂപയാകും. അതേസമയം ഒരു ലക്ഷം രൂപയുടെ സ്വര്‍ണമാണ് വാങ്ങുന്നതെങ്കില്‍ ഇപ്പോള്‍ അതിന്‍റെ മൂല്യം 1,20,700 രൂപയാണ്. ക്രിസില്‍ കോംപോസിറ്റ് ബോണ്ട് ഇന്‍ഡെക്സില്‍ ഈ തുക വര്‍ഷത്തിന്‍റെ തുടക്കത്തില്‍ മുടക്കിയ ഉപയോക്താവിന്‍റെ നിക്ഷേപ മൂല്യം 1,08,800 രൂപയിലെത്തും. അതേസമയം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപത്തില്‍ നിന്ന് കേവലം രണ്ട് ശതമാനം നേട്ടം മാത്രമേ ഉപയോക്താവിന് ലഭിച്ചുള്ളൂവെന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍ സൂചിപ്പിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com