ദ്വാരക എക്സ്പ്രസ് വേ: രാജ്യത്തെ എൻജിനീയറിങ് അദ്ഭുതം | Video
ന്യൂഡൽഹി: രാജ്യത്തെ ആദ്യ എട്ടുവരിപ്പാതയുടെ വിഡിയൊ ദൃശ്യങ്ങൾ പങ്കുവച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ""എൻജിനീയറിങ് അദ്ഭുതം: ദ്വാരക എക്സ്പ്രസ് വേ'' എന്ന കുറിപ്പോടെയാണു സമൂഹമാധ്യമമായ എക്സിൽ (ട്വിറ്റർ) അദ്ദേഹം ദൃശ്യവും കുറിപ്പും പങ്കുവച്ചത്. വീതിയേറിയ റോഡുകളും സർവീസ് റോഡുകളും മേൽപ്പാലങ്ങളും തുരങ്കപ്പാതകളും കൊണ്ടു മനോഹരമാണു പുതിയ പാത.
ആകെ 563 കിലോമീറ്റർ ദൈർഘ്യത്തിലാണു പാത. ദേശീയപാത എട്ടിൽ ശിവമൂർത്തിയിൽ ആരംഭിക്കുന്ന പാത ഗുരുഗ്രാമിലെ ഖേർകി ദൗള ടോൾ പ്ലാസയിൽ അവസാനിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ ഡൽഹിയിൽ നിന്നു ഹരിയാനയിലേക്കുള്ള യാത്രാസമയം കുറയും. ദ്വാരകയിൽ നിന്നു മനേസറിലേക്ക് 15 മിനിറ്റിൽ യാത്ര ചെയ്യാം. 16 പാതകളാണ് ദ്വാരക എക്സ്പ്രസ് വേയിലുള്ളത്. ഇരുവശങ്ങളിലുമായി മൂന്നു വരികളുള്ള സർവീസ് റോഡുകളുമുണ്ട്.
ഭാവിയിലേക്കുള്ള അത്യാധുനിക യാത്രയാണിതെന്നും 100 കൊല്ലത്തേക്കുള്ള ലക്ഷ്യമാണിതെന്നും ഗഡ്കരി വിശേഷിപ്പിച്ചു. 1,200 മരങ്ങൾ പറിച്ചു നട്ട ഇന്ത്യയിലെ ആദ്യ റോഡ് പദ്ധതിയാണെന്ന മികവും ഇതിനുണ്ട്. 9,000 കോടി രൂപയാണു ചെലവ്.
പാതയിലെ മുഴുവൻ നിർമാണങ്ങളും പൂർത്തിയാകുന്നതോടെ ഡൽഹി- ഹരിയാന യാത്ര സുഗമമാകും. മനേസർ– ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളം 20 മിനിറ്റ്, ദ്വാരക– സിംഘു അതിർത്തി 25 മിനിറ്റ്, മനേസർ– സിംഘു അതിർത്തി 45 മിനിറ്റ് എന്നിങ്ങനെയാകും യാത്രാസമയം. ദ്വാരകയിലെ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലേക്കും കണക്ടിവിറ്റി മെച്ചപ്പെടും.
രണ്ടു ലക്ഷം ടൺ സ്റ്റീലാണ് എക്സ്പ്രസ് വേ നിർമാണത്തിനായി ഉപയോഗിച്ചത്; ഫ്രാൻസിലെ ഈഫൽ ടവറിൽ ഉപയോഗിച്ചതിനെക്കാൾ 30 മടങ്ങ് അധികം. 20 ലക്ഷം ക്യുബിക് മീറ്റർ സിമന്റ് കോൺക്രീറ്റും ഇതിനു വേണ്ടിവന്നു. ദുബായിലെ ബുർജ് ഖലീഫയ്ക്ക് ഉപയോഗിച്ചതിനെക്കാൾ ആറിരട്ടിയാണിത്.