മലയാള സിനിമയുടെ 'സുകൃതം'

വ്യത്യസ്തമായ കഥകൾ സിനിമയാക്കുന്നതിലൂടെ ഹരികുമാറിന് എല്ലാത്തരം പ്രക്ഷകരെയും തന്‍റെ ആരാധകരാക്കി മാറ്റാനായിരുന്നു
മലയാള സിനിമയുടെ 'സുകൃതം'
harikumar, sukrutham movie poster

#പി.ബി. ബിച്ചു

നാലു പതിറ്റാണ്ടു കാലത്തോളം മലയാള സിനിമയിലെ മാറ്റങ്ങളുടെ അരികു ചേർന്നു നടന്ന് തന്‍റെ സര്‍ഗശേഷി തെളിയിച്ച ശേഷമാണ് ജനപ്രിയ ചിത്രങ്ങളുടെ സംവിധായകനായ ഹരികുമാറിന്‍റെ മടക്കം. വാണിജ്യ സിനിമയുടെ ചട്ടക്കൂടുകൾക്കു പുറത്ത് കലാമൂല്യത്തിന്‍റെ നിറവ് കണ്ടെത്തിയ അദ്ദേഹത്തിന്‍റെ സുകൃതം എന്ന സിനിമ മാത്രം പരിശോധിച്ചാൽ മതി സംവിധായകന്‍റെ പ്രതിഭ മനസിലാക്കാൻ.

മധുവും ശ്രീവിദ്യയും നെടുമുടിയും സുകുമാരനും മമ്മൂട്ടിയും ജയറാമും ശ്രീനിവാസനും സംയുക്ത വര്‍മയും ലാലും ഉണ്ണി മുകുന്ദനും റിമാ കല്ലിങ്കലും ഉൾപ്പടെ സ്വാസിക വരെ നീളുന്ന വിവിധ തലമുറകള്‍ക്കൊപ്പം സിനിമ ചെയ്ത ഹരികുമാര്‍, മലയാളത്തിലെ മുന്‍നിര തിരക്കഥാകൃത്തുക്കളുടെയെല്ലാം രചനകള്‍ക്ക് ആവിഷ്‌കാരം നല്‍കാന്‍ ഭാഗ്യം സിദ്ധിച്ച സംവിധായകൻ കൂടിയാണ്. പെരുമ്പടവം ശ്രീധരൻ, എം.ടി. വാസുദേവൻ നായർ, ലോഹിതദാസ്, ശ്രീനിവാസന്‍, ജോണ്‍ പോള്‍, കലൂര്‍ ഡെന്നീസ്, സന്തോഷ് ഏച്ചിക്കാനം എന്നിവരെയെല്ലാം തന്‍റെ ചലച്ചിത്ര ലോകത്തിന്‍റെ ഭാഗമാക്കിയ അദ്ദേഹം എം. മുകുന്ദന്‍ ആദ്യമായി തിരക്കഥ ഒരുക്കിയ ഓട്ടോറിക്ഷാക്കാരന്‍റെ ഭാര്യ എന്ന സിനിമയാണ് അവസാനമായി സംവിധാനം ചെയ്തത്.

മമ്മൂട്ടി നായകനായെത്തിയ സുകൃതം തന്നെയാണ് ഹരികുമാറിന്‍റെ മാസ്റ്റർ പീസ് എന്ന് വിലയിരുത്താം. എം.ടിയുടെ തിരക്കഥയില്‍ 1994ല്‍ ഹരികുമാര്‍ സംവിധാനം ചെയ്ത സുകൃതത്തിലെ ക്യാൻസര്‍ ബാധിതനായ എഴുത്തുകാരനും പത്രപ്രവർത്തകനുമായ രവിശങ്കര്‍ എന്ന കഥാപാത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ എക്കാലത്തെയും മികച്ച പാത്രസൃഷ്‌ടിയാണ്. ഒരാൾ മരിക്കുമെന്ന് ഉറപ്പായാൽ പിന്നെ അതുമായി പൊരുത്തപ്പെട്ട് എത്രയും പെട്ടന്ന് സംഭവിക്കട്ടെ എന്ന മാനസികാവസ്ഥയിലേക്ക് മനുഷ്യർ എത്തിപ്പെടും. എന്നാൽ തിരിച്ചു വന്നാൽ ആരാലും സ്നേഹിക്കപ്പെടാതിരിക്കുന്ന സാഹചര്യം മനസിലാക്കുന്ന രവിശങ്കർ അവസാനം സ്വയം മരണമെന്ന സത്യത്തിലേക്ക് നടന്നു കയറുകയാണ്. ആ ചിത്രത്തിൽ മനോജ് കെ. ജയനും ഗൗതമിയും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്നതും എടുത്തപറയേണ്ടതാണ്.

പ്രേക്ഷകരെ കണ്ണീരണിയിപ്പിച്ച് അക്കാലത്ത് വലിയ ചർച്ചയാകുകയും പ്രശംസ പിടിച്ചുപറ്റിയതുമായ സുകൃതത്തിന് ശേഷം പത്തോളം ചിത്രങ്ങൾ അദ്ദേഹത്തിന്‍റേതായെത്തിയെങ്കിലും സുകൃതത്തിന്‍റെ നിലവാരത്തിനൊത്തതോ അതിനെ മറികടക്കുന്ന തരത്തിലൊരു ചിത്രം പിന്നീടുണ്ടായില്ലെന്നതും ചരിത്രം. മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ്, മദ്രാസ് സിനിമ എക്‌സ്പ്രസ് അവാര്‍ഡ്, ചിത്രഭൂമി അവാര്‍ഡ്, കേരള കൗമുദി റീഡേഴ്‌സ് ക്ലബ്ബ് അവാര്‍ഡ്, തുടങ്ങിയവയും മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍ എന്നിവര്‍ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും സുകൃതത്തിന് ലഭിച്ചിരുന്നു. ചിത്രം വലിയ ഹിറ്റായതോടെ തന്‍റെ വീടിനും സുകൃതമെന്ന പേരും നൽകി, സംവിധായകൻ.

കൂടാതെ സ്നേഹപൂർവം മീര (1982), ഒരു സ്വകാര്യം (1983), അയനം (1985), പുലി വരുന്നേ പുലി (1985), ജാലകം (1987), ഊഴം (1988), എഴുന്നെള്ളത്ത് (1991), ഉദ്യാനപാലകൻ (1996), സ്വയംവരപ്പന്തൽ (2000), പുലർവെട്ടം (2001), പറഞ്ഞുതീരാത്ത വിശേഷങ്ങൾ (2007), സദ്ഗമയ (2010), ജ്വാലാമുഖി, കാറ്റും മഴയും(2015), ക്ലിന്‍റ് (2017) തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ. 2016ൽ കാറ്റും മഴയും എന്ന ചിത്രത്തിലൂടെ ഹരികുമാറിന് മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.

വ്യത്യസ്തമായ കഥകൾ സിനിമയാക്കുന്നതിലൂടെ ഹരികുമാറിന് എല്ലാത്തരം പ്രക്ഷകരെയും തന്‍റെ ആരാധകരാക്കി മാറ്റാനായിരുന്നു. കലാലയ രാഷ്‌ട്രീയത്തിലെ പുഴുക്കുത്തുകൾക്ക് നേരെ തുറക്കുന്ന ജാലകം എന്ന ചിത്രവും അക്കാലത്ത് വളരെ ശ്രദ്ധ നേടി. കോളെജിലെ ഒറ്റയാനായ അപ്പു എന്ന യുവാവ് രാഷ്‌ട്രീയ പാർട്ടികളുടെ ചട്ടുകമായി മാറുന്നതും തുടർന്ന് അവന്‍റെ ജീവിതം തന്നെ ദുരന്തങ്ങളിലേക്ക് വഴുതി വീഴുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. അശോകൻ അവതരിപ്പിച്ച അപ്പു കലാലയങ്ങളിൽ ബലിയാടുകളാക്കപ്പെട്ട നിരവധി ചെറുപ്പക്കാരുടെ പ്രതിനിധിയാണ്. അക്കാലത്തെ കലാലയജീവിതത്തെ വരച്ചിടുന്നതിനപ്പുറത്തേക്ക് ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ കഥയിലൂടെ കൗമാരത്തിന് പുതിയൊരു സന്ദേശം കൂടി നൽകുകയായിരുന്നു ഹരികുമാർ.

തിരുവനന്തപുരം പാങ്ങോട് സ്വദേശിയായ ഹരികുമാർ കോളെജ് വിദ്യാഭ്യാസത്തിനായി തലസ്ഥാന നഗരത്തിലേക്കെത്തിയതോടെയാണ് സിനിമയെ സ്നേഹിച്ച് തുടങ്ങിയത്. തന്‍റെ കലാലയ കാലത്തെ ഓർമകളും ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ കഥയ്ക്കൊപ്പം ചേർത്താണ് അദ്ദേഹം തന്‍റെ ജാലകം എന്ന ചിത്രമൊരുക്കിയത്. 1975ല്‍ സര്‍ക്കാര്‍ ജോലി കിട്ടിയതോടെ കൊല്ലത്തേക്ക് പോയി. അവിടെ അന്ന് ഫിലിം സൊസൈറ്റികളില്ലാത്തതിനാൽ സിനിമയെ നെഞ്ചോട് ചേർത്ത് നാഷനല്‍ ഫിലിം സൊസൈറ്റി തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പതിവായി യാത്ര ചെയ്യുമായിരുന്നു ഹരികുമാർ. മൃണാള്‍സെന്‍, കുമാര്‍ സാഹ്നി എന്നിങ്ങനെ ഇന്ത്യയിലെ ഏറ്റവും തലയെടുപ്പുള്ള ചലച്ചിത്രകാരന്‍മാരുടെ രചനകളുമായി പരിചയിക്കാന്‍ ഇതോടെ അവസരം ലഭിച്ചു. പ്രസിദ്ധീകരണങ്ങളിൽ ചലച്ചിത്ര നിരൂപണങ്ങളും അഭിമുഖങ്ങളും തയാറാക്കി സിനിമാ മേഖലയിലേക്ക് ചുവടുവച്ചു. അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, രാമു കാര്യാട്ട്, പി.എന്‍.മേനോന്‍ അടക്കമുളള അക്കാലത്തെ വലിയ ചലച്ചിത്ര പ്രതിഭകളുടെ അഭിമുഖം തയ്യാറാക്കാനായതും നേട്ടമായി.

ജോലിയും സിനിമ കാണലും വായനയും മാത്രമായിരുന്ന അക്കാലത്ത് സിനിമാ ലൊക്കേഷനുകളില്‍ നിന്നാണ് സിനിമയിൽ കയറിക്കൂടണമെന്ന മോഹം അദ്ദേഹത്തിലേക്കെത്തിയത്. ഹ്രസ്വകാലം കൊണ്ടു പ്രമുഖരായ ചലച്ചിത്രകാരന്മാരില്‍ പലരുമായും നല്ല ബന്ധമുണ്ടാക്കിയെങ്കിലും മുനിസിപ്പാലിറ്റിയിലെ ജോലിക്കാരനായിരുന്നതിനാൽ സര്‍ക്കാര്‍ ജോലി വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോരാന്‍ കുടുംബ സാഹചര്യങ്ങള്‍ അനുവദിച്ചില്ല. പിന്നീട് രാമു കാര്യാട്ടുമായി പരിചയപ്പെട്ടതോടെ സഹ സംവിധാനത്തിലേക്ക് തിരിയാൻ സമയമായെന്ന് ഹരികുമാർ തീരുമാനിച്ചു. ജോലിയിൽ നിന്ന് അവധിയെടുത്ത് മദ്രാസിലും തിരുവനന്തപുരത്തും സുഹൃത്തുക്കൾക്കൊപ്പം കറങ്ങി, ഇതിനിടെയിലാണ് കാബറേ നര്‍ത്തകിയുടെ കഥയായ ആമ്പല്‍പ്പൂവ് ലോ ബജറ്റിൽ നിർമിക്കാമെന്ന് സുഹൃത്തുക്കൾക്കിടയിൽ തീരുമാനമെത്തിയത്. ആമ്പല്‍പ്പൂവ് സാമ്പത്തികമായി വിജയമായിരുന്നില്ലെങ്കിലും വേറിട്ട വഴിയേ സഞ്ചരിക്കുന്ന സംവിധായകന്‍ എന്ന പ്രതിച്ഛായ ഹരികുമാറിന് ഗുണകരമായി. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാന്‍ തയാറായി നിര്‍മാതാക്കളും അഭിനേതാക്കളും മുന്നോട്ടുവന്നു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

സിനിമ കൊണ്ട് ജീവിക്കാമെന്ന ആത്മവിശ്വാസം വന്നപ്പോള്‍ ജോലി ഉപേക്ഷിച്ച് പൂര്‍ണമായും സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കുടുംബവും പൂർണ പിന്തുണ നൽകി. പിന്നീടിങ്ങോട്ട് വിവിധ കാലഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന ഒരുപിടി സിനിമകൾ. ഒടുവിൽ ഹരികുമാറിന്‍റെ സിനിമയിലുടെ എം. മുകുന്ദന്‍ 80ാം വയസില്‍ തിരക്കഥാകൃത്തുമായി. 2022ൽ പുറത്തിറങ്ങിയ "ഓട്ടോറിക്ഷാക്കാരന്‍റെ ഭാര്യ'യായിരുന്നു മുകുന്ദൻ -ഹരികുമാർ കൂട്ടുകെട്ടിലെത്തിയത്. സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ.

"" ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ച് വന്നയാളാണ് ഞാന്‍. അവിടെ നിന്ന് ഇത്രയും കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയത് തന്നെ വലിയ സുകൃതമായി കാണുന്നു. സിനിമ എന്‍റെ ലക്ഷ്യവും സ്വപ്നവും ജീവിതവും എല്ലാമാണ്. കലാകാരന് റിട്ടയര്‍മെന്‍റില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. 88ാം വയസിൽ മരിക്കുന്നതിന് തൊട്ടുമുന്‍പ് വരെ സിനിമ ചെയ്ത ആളാണ് കുറസോവ. മരിക്കും വരെ സിനിമ ചെയ്യണമെന്നാണ് എന്‍റെയും ആഗ്രഹം.''- ഒരു അഭിമുഖത്തിൽ ഹരികുമാർ പറഞ്ഞ വാക്കുകളാണിത്. പറഞ്ഞ വാക്കുകൾപോലെ രോഗശയ്യയിലേക്ക് കടക്കുന്നതിന് തൊട്ടു മുമ്പ് വരെ സിനിമാ ജീവിതത്തിന് കട്ട് പറയാതെയാണ് ഹരികുമാർ വിടവാങ്ങുന്നതും.

Trending

No stories found.

Latest News

No stories found.