

സർ സി.പി. രാമസ്വാമി അയ്യർ
വിജയ് ചൗക്ക്|സുധീര്‍ നാഥ്
"ബര്‍ത്ത് ഓഫ് എ നേഷന്‍' എന്ന പുസ്തകം ഇറങ്ങിയത് അടുത്ത കാലത്താണ്. മലയാളിയായ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ് "ഒരു രാഷ്‌ട്രത്തിന്‍റെ ജനനം, ഇന്ത്യയെ രൂപപ്പെടുത്തിയ 21 ദിവസങ്ങള്‍' എന്ന പുസ്തകത്തിലൂടെ പറയുന്നത് അറിയപ്പെടാത്ത ചരിത്ര സംഭവങ്ങളാണ്. 1947 ജൂലൈ 25 മുതല്‍ ഇന്ത്യ സ്വതന്ത്രയായ ഓഗസ്റ്റ് 14 രാത്രി വരെ നീളുന്ന 21 ദിവസങ്ങളില്‍ അരങ്ങേറിയ സംഭവങ്ങളും ഈ പുസ്തകത്തില്‍ തെളിവുകള്‍ സഹിതം വിവരിക്കുന്നു.
സ്വാതന്ത്രസമരത്തെ കുറിച്ചും ഇന്ത്യയുടെ രൂപീകരത്തെ കുറിച്ചും നമുക്ക് ഒട്ടേറെ പുസ്തകങ്ങള്‍ ലഭ്യമാണ്. ഇന്ത്യ എന്ന ജനാധിപത്യ രാഷ്‌ട്രത്തിന്‍റെ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള മോചനത്തേയും, തുടര്‍ന്ന് രൂപീകൃതമായ രണ്ട് രാജ്യങ്ങളുടെ പിറവിയുടെ പല കോണുകളില്‍ നിന്നുള്ള ചരിത്ര കഥകള്‍ നമ്മള്‍ വായിച്ചിട്ടുണ്ട്. അതില്‍ നിന്നെല്ലാം വഴിമാറി നാമിന്ന് കാണുന്ന ഇന്ത്യന്‍ യൂണിയന്‍ എങ്ങനെ രൂപപ്പെട്ടുവെന്നാണ് ഈ പുസ്തകം പറയുന്നത്.
സി.പിയെ വെട്ടിയ മണി
പുസ്തകം ആരംഭിക്കുന്നത് തന്നെ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യരെ വെട്ടിയ മണിയെ കുറിച്ച് പറഞ്ഞുകൊണ്ടാണ്. റവല്യൂഷനറി സോഷിലിസ്റ്റ് പാര്‍ട്ടിയുടെ (ആര്‍എസ്പി) സജീവ പ്രവര്‍ത്തകനായിരുന്നു തകഴി സ്വദേശിയായ മണി. 1947 ജൂലൈ 25നാണ് അത് സംഭവിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ രാജാവായിരുന്ന സ്വാതി തിരുനാളിന്‍റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കായി തിരുവനന്തപുരം മ്യൂസിക് കോളെജില്‍ ഒരു ചടങ്ങുണ്ടായിരുന്നു. അന്നത്തെ മഹാരാജാവ് ശ്രീ ചിത്തിര തിരുനാള്‍ പരമ്പരാഗത രീതിയില്‍ നിലവിളക്ക് തെളിച്ചു. തുടര്‍ന്ന് സർ സി.പി ഒരു ചെറിയ പ്രസംഗം നടത്തി. സ്വാതി തിരുനാളിന്‍റെ സംഭാവനകളെ കേന്ദ്രീകരിച്ചായിരുന്നു പ്രസംഗമെങ്കിലും, തിരുവിതാംകൂറിന്‍റെ ഭാവിയെക്കുറിച്ചുള്ള പരാമര്‍ശം നടത്താനും അദ്ദേഹം മറന്നില്ല. മൂന്നാഴ്ചയ്ക്കുള്ളില്‍ ആ നാട്ടുരാജ്യം ഒരു സ്വതന്ത്ര രാജ്യമായി മാറുമെന്ന് അദ്ദേഹം സദസിനോട് പറഞ്ഞു.
ഉദ്ഘാടന ചടങ്ങിനു ശേഷം രാജകുടുംബം മടങ്ങി. കര്‍ണാടക സംഗീത കുലപതിയും സ്വാതി തിരുനാളിന്‍റെ കൃതികള്‍ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തിയുമായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ (അല്ലെങ്കില്‍ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ) സംഗീതക്കച്ചേരി കേള്‍ക്കാനായി സി.പിയും ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഏജന്‍റും അവിടെയിരുന്നു. രാത്രി 7.30ഓടെ, കര്‍ണാടക സംഗീതക്കച്ചേരി പാതിവഴിയില്‍ ഉപേക്ഷിച്ച് ദിവാന്‍ സി.പി. രാമസ്വാമി മടങ്ങി. സദസിലുണ്ടായിരുന്ന കെ.സി.എസ്. മണി (കൊണാട്ട് മഠം ചിദംബര അയ്യര്‍ സുബ്രഹ്മണ്യ അയ്യര്‍) എന്ന വിപ്ലവകാരി രാമസ്വാമി അയ്യരെ സദസു വിട്ട് മടങ്ങും വഴി വലിയൊരു കത്തി ഉപയോഗിച്ച് ആക്രമിച്ചു. സ്വന്തമായി ഭരണഘടനയും കറന്‍സിയുമുള്ള ഒരു സ്വതന്ത്ര രാഷ്‌ട്രമായി തിരുവിതാംകൂര്‍ മാറണമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു ആ ആക്രമണം. നിയമപരമായ അസാമാന്യ പാടവത്തിനുള്ളില്‍ ക്രൂരമായ അധികാരമോഹം ഒളിപ്പിച്ചുവച്ചിരുന്ന അഭിഭാഷകന്‍ കൂടിയായ ഭരണാധികാരിക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു.
1947 ജൂലൈ 25ന് സി.പി. രാമസ്വാമി ഡല്‍ഹിയിൽ ഉണ്ടാകേണ്ടതായിരുന്നു. തിരുവനന്തപുരത്തെ ആക്രമണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ്, ഡല്‍ഹിയില്‍ നൂറുകണക്കിന് നാട്ടുരാജ്യങ്ങളുടെ പ്രതിനിധികള്‍, ബ്രിട്ടീഷ് സംരക്ഷണയിലുള്ള ഇന്ത്യന്‍ ഭരണാധികാരികളുടെ ഔദ്യോഗിക സമ്മേളനം ചേംബറില്‍ നടന്നിരുന്നു. സര്‍ എഡ്വിന്‍ ല്യൂട്ടന്‍സും ഹെര്‍ബര്‍ട്ട് ബേക്കറും ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത ഒരു ഗംഭീര കെട്ടിടമായിരുന്നു ചേംബര്‍ എന്ന കൗണ്‍സില്‍ ഹൗസ്. അത് പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ പാര്‍ലമെന്‍റ് മന്ദിരമായി മാറ്റപ്പെട്ടു. 1921 മുതല്‍, ഒരു പ്രത്യേക പദവിയിലുള്ള ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് അവരുടെ അവകാശങ്ങളും പദവികളും ചര്‍ച്ച ചെയ്യാനും, പരാതികള്‍ ഉന്നയിക്കാനും, വൈസ്രോയിക്ക് ശുപാര്‍ശകളും അഭ്യർഥനകളും നിർദേശിക്കാനും ഉള്ള ഔദ്യോഗിക കെട്ടിടമായിരുന്നു ചേംബര്‍.
ഇന്ത്യന്‍ യൂണിയനില്‍ രൂപീകരിക്കുമ്പോള്‍ അതില്‍ നിന്ന് മാറി സ്വതന്ത്ര രാഷ്‌ട്രം കെട്ടിപ്പടുക്കുന്ന നിലപാടുമായി നിന്ന കുറച്ച് നാട്ടുരാജ്യങ്ങളുണ്ടായിരുന്നു. ഹൈദരാബാദ്, മൈസൂര്‍, കശ്മീര്‍, തിരുവിതാംകൂര്‍ തുടങ്ങിയ ചില വലിയ സംസ്ഥാനങ്ങള്‍ ജൂലൈ 25ന് ഡല്‍ഹിയില്‍ ഗവർണർ ജനറൽ മൗണ്ട് ബാറ്റനുമായുള്ള പ്രാദേശിക ഭരണാധികാരികളുടെ ഒത്തുചേരലുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയുണ്ടായി. അതിന് നേതൃത്വം വഹിച്ചത് സി.പി. രാമസ്വാമി അയ്യരായായിരുന്നു. സി.പിയുടെ ഗുരുതരമായ പരിക്കുകള്‍ കാരണം അദ്ദേഹത്തിന്‍റെ സ്വപ്നപദ്ധതി തകര്‍ന്നു. ഈ സംഭവം കേരള ചരിത്രത്തിലെ ഒരു വഴിത്തിരിവായി. തിരുവിതാംകൂറിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ സർദാർ പട്ടേലിനോടു സമ്മതിച്ചതിന് ശേഷം രാമസ്വാമി അയ്യർക്ക് തിരുവിതാംകൂര്‍ വിട്ട് മദ്രാസിലേക്ക് പലായനം ചെയ്യേണ്ടി വന്നു. സി.പിക്കെതിരായ ആക്രമണം തിരുവിതാംകൂറിന്‍റെ ചരിത്രത്തിന്‍റെ ഗതി മാറ്റിമറിക്കുക മാത്രമല്ല, ഹൈദരാബാദ് മുതല്‍ ജുനഗഡ് വരെയുള്ള സമാന ചിന്താഗതിക്കാരായ നാട്ടുരാജ്യങ്ങളില്‍ ഞെട്ടലുണ്ടാക്കി. സ്വതന്ത്ര പദവിക്കായി ഗൂഢാലോചന നടത്തുന്ന നാട്ടുരാജ്യ സഖ്യത്തിന്‍റെ പ്രധാന ശില്പി എന്ന നിലയിലും, തങ്ങളുടെ മുഖ്യ തന്ത്രജ്ഞന്‍ എന്ന നിലയിലുമാണ് സി.പിയെ മറ്റ് നാട്ടുരാജ്യങ്ങള്‍ പരിഗണിച്ചിരുന്നത്. ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ തിരുവിതാംകൂറിനെ നിര്‍ബന്ധിതമാക്കുന്നതില്‍ ആ വധശ്രമം നിർണായകമായ ഒരു ഘടകമായി മാറി. അതോടെ മറ്റ് നാട്ടുരാജ്യങ്ങളും മുട്ടുമടക്കി.
ഇന്ത്യ എന്ന മഹാരാജ്യം രൂപം കൊള്ളുന്നതില്‍ തടസമായി നിന്ന പല നാട്ടുരാജ്യങ്ങള്‍ക്കും സി.പിയുടെ നേരേയുണ്ടായ മണിയുടെ ആക്രമണം ഭയമുണ്ടാക്കി. "ഭരണകൂടം സ്പോണ്‍സര്‍ ചെയ്ത ഭീകരത'യാണെന്ന് ആരോപിച്ച് ഭോപ്പാലിലെ നവാബായ ഹമീദുള്ള ഖാന്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിക്കൊണ്ട് ഡല്‍ഹിയിലേക്കും ലണ്ടനിലേക്കും ടെലിഗ്രാമുകള്‍ അയച്ചു. തിരുവിതാംകൂര്‍ അടക്കമുള്ള ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ മടിച്ച എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യന്‍ യൂണിയനില്‍ ചേരുവാന്‍ സമ്മതം കൊടുക്കുന്നതിനു തുടക്കം കുറിച്ചത് മണിയുടെ വെട്ടാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന ഏടാണ് സി.പിയെ വെട്ടിയ മണി എന്ന് ജോസി ജോസഫ് തന്‍റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മണിയുടെ വെട്ടിന്‍റെ പ്രസക്തി പറഞ്ഞുകൊണ്ടുള്ള ജോസി ജോസഫിന്‍റെ പുസ്തകം ഇന്ത്യ എന്ന രാഷ്‌ട്ര നിർമാണത്തിന്‍റെ ഇരുപത്തൊന്ന് ദിവസങ്ങള്‍ പറയുന്നതാണ്.
ഒരു ദശാബ്ദക്കാലം ആയിരക്കണക്കിന് രേഖകള്‍, നാട്ടുരാജ്യങ്ങളുടെ ആര്‍ക്കൈവുകള്‍, സ്വകാര്യ കുറിപ്പുകള്‍, രഹസ്യ ആശയവിനിമയങ്ങള്‍, സര്‍ക്കാര്‍ ഫയലുകള്‍ എന്നിവ പരിശോധിച്ചാണ് പുസതക രചന നടത്തിയതെന്നു ജോസി ജോസഫ് ആമുഖമായി പറയുന്നു. 1947ല്‍ ഇന്ത്യന്‍ യൂണിയന്‍ രൂപം കൊണ്ടതിന്‍റെ പിന്നാമ്പുറ സംഭവ കഥകള്‍ക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്. ചരിത്രത്തില്‍ കെ.സി.എസ്. മണിയുടെ വിപ്ലവകരമായ പ്രവൃത്തി നാട്ടുരാജ്യങ്ങളുടെ യോജിപ്പിന് എത്രമാത്രം പ്രാധാന്യം നല്‍കി എന്ന് ഈ പുസ്തകം വിവരിക്കുന്നു. ചരിത്രത്തിലെ ആകസ്മികമായ സംഭവങ്ങളിലൊന്നായിരുന്നു അതെന്ന് തെളിയിക്കുന്ന വിവരണം പുതിയ അറിവാണ്.
ചരിത്രം പരിശോധിക്കുകയാണെങ്കില്‍ പല വിവരങ്ങളും അതിന്‍റെ ഭാഗമായി മാറാത്ത സംഭവങ്ങളുണ്ട്. അപ്രധാനമായ സംഭവങ്ങള്‍ എന്ന് വിധിയെഴുതി മാറ്റിവയ്ക്കപ്പെട്ട സംഭവങ്ങളാണ് പലതും. എന്നാല്‍ അതില്‍ പലതും വലിയ പ്രാധാന്യമുള്ള സംഭവങ്ങളാണ്. അത്തരത്തിലൊന്നാണ് കെ.സി.എസ്. മണിയുടെ വെട്ടിന്‍റെ അധ്യായം. അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാകാതെ വിസ്മരിച്ചു പോകേണ്ട പലതും കണ്ടെത്തി സമൂഹത്തിന്‍റെ മുന്നില്‍ എത്തിക്കുക എന്നത് ഒരു അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍റെ കടമയാണ്. അതാണ് ഈ പുസ്തകത്തിലൂടെ നിര്‍വഹിക്കപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും ശക്തമായ നാട്ടുരാജ്യം ഹൈദരാബാദായിരുന്നു. മിര്‍ ഉസ്മാന്‍ അലി ഖാനായിരുന്നു ഇന്ത്യ സ്വാതന്ത്ര്യത്തോടടുക്കുന്ന സമയത്തെ ഭരണാധികാരി. അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായാണ് പാശ്ചാത്യ മാധ്യമങ്ങളിലെ ചില വിഭാഗങ്ങള്‍ വിശേഷിപ്പിച്ചത്. സ്വന്തമായി വിമാന കമ്പനിയും കറന്‍സിയും ഉണ്ടായിരുന്നു. രണ്ടാം ലോകമഹാ യുദ്ധകാലത്ത് അദ്ദേഹം ബ്രിട്ടീഷുകാര്‍ക്ക് വ്യോമസേനാ സ്ക്വാഡ്രനുകളെയും നാവിക കപ്പലുകളെയും നല്‍കി സഹായിച്ചു. ഹൈദരാബാദ് കേവലം സമ്പന്നമായ ഒരു നാട്ടുരാജ്യം മാത്രമല്ലായിരുന്നു; നാട്ടുരാജ്യങ്ങളുടെ ചെറുത്തുനില്‍പ്പിന്‍റെ ആണിക്കല്ല് കൂടിയായിരുന്നു അത്. അദ്ദേഹം തങ്ങള്‍ക്കൊപ്പം ഉണ്ടെങ്കില്‍, സ്വാതന്ത്ര്യത്തിനായുള്ള തങ്ങളുടെ സാധ്യതകളെക്കുറിച്ച് നാട്ടുരാജ്യങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ സ്വപ്നം കാണാമായിരുന്നു. എന്നാല്‍ ഹൈദരാബാദ് വീണാല്‍, അവരുടെ സ്വാതന്ത്ര്യസ്വപ്നങ്ങളും തകരുമായിരുന്നു.
സ്വാതന്ത്ര്യത്തെക്കുറിച്ച് സ്വപ്നം കണ്ടിരുന്നത് സമ്പന്നരും ശക്തരുമായ നാട്ടുരാജാക്കന്മാര്‍ മാത്രമായിരുന്നില്ല. നാട്ടുരാജ്യങ്ങള്‍ക്കിടയിലുണ്ടായ അസ്വസ്ഥതകള്‍, ഏകീകൃതമായ ഒരു ഇന്ത്യന്‍ യൂണിയന്‍ സാധ്യമായേക്കില്ലെന്ന് മൗണ്ട് ബാറ്റന്‍ സംശയിച്ചു. ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ സ്വതന്ത്ര രാജ്യമാകാന്‍ ആഗ്രഹിച്ച ഹൈദ്രബാദ് നൈസാമിന്‍റെ ഭരണത്തിലെ നിയമ- നീതി മന്ത്രിയുമായിരുന്ന ദിവാന്‍ രാജ ബഹാദൂര്‍ എസ്. അരവമുദു അയ്യങ്കാര്‍ എല്ലാവരുടെയും പൂർണ വിശ്വാസം നേടിയിരുന്നു, നൈസാമിന്‍റെ കോടതിയിലെ ഉന്നതതല യോഗങ്ങളില്‍ സ്ഥിര സാന്നിധ്യവുമായിരുന്നു. നൈസാമിന്‍റെ വിശ്വസ്തനായ മന്ത്രിയുടെ പങ്ക് വഹിച്ചു. എന്നിരുന്നാലും, ഔദ്യോഗിക സമയത്തിന് മുമ്പും ശേഷവും, തന്‍റെ വസതിയായ അമൃത നിവാസില്‍ അയ്യങ്കാര്‍ സ്വതന്ത്ര ഇന്ത്യന്‍ യൂണിയനില്‍ പൂർണമായും പ്രതിജ്ഞാബദ്ധനായ ഒരു വ്യക്തിയായിരുന്നു. 1945- 1950 കാലയളവില്‍ ഹൈദരാബാദില്‍ നടന്നുകൊണ്ടിരുന്ന കാര്യങ്ങളെല്ലാം അതീവ രഹസ്യമായിരുന്നിട്ടും ന്യൂഡല്‍ഹിയില്‍ മൗണ്ട് ബാറ്റണ്‍ പ്രഭു അറിഞ്ഞിരുന്നു. നൈസാമിന്‍റെ നീക്കങ്ങള്‍ നിയമ- നീതി മന്ത്രിയുമായിരുന്ന അയ്യങ്കാര്‍ ആയിരുന്നു ചോര്‍ത്തി ഡല്‍ഹിക്ക് നല്‍കിയിരുന്നത്.
കത്തുകള്‍ക്ക് മേല്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളതായി അയ്യങ്കാറിന് ബോധ്യപ്പെട്ടതോടെ ചുവടൽപ്പം മാറ്റി. 3 അശോക റോഡില്‍ താമസിച്ചിരുന്ന കെ.ആര്‍. പത്മനാഭ (കെ.ആര്‍.പി.) അയ്യങ്കാര്‍ എന്ന പരിചയക്കാരന് കത്തുകള്‍ അയക്കാന്‍ ദിവാന്‍ രാജ ബഹാദൂര്‍ എസ്. അരവമുദു അയ്യങ്കാര്‍ തീരുമാനിച്ചു. കെ.ആര്‍.പി. അയ്യങ്കാരോ അദ്ദേഹത്തിന്‍റെ മകനോ ആ കത്ത് നേരിട്ട് കൊണ്ടുപോയി, ഒരു കിലോമീറ്ററില്‍ താഴെ മാത്രം അകലെയുള്ള 11 ഫിറോസ് ഷാ റോഡിലെ ഗോപാലസ്വാമി അയ്യങ്കാറിന്‍റെ വസതിയില്‍ എത്തിക്കുമായിരുന്നു. അങ്ങിനെയുള്ള ചാരപ്പണിയുടെ അറിയാക്കഥകളും ഈ പുസ്തകത്തില്‍ വായിക്കാം.
തിരുവിതാംകൂർ അടക്കമുള്ള ഹിന്ദുക്കള്‍ കൂടുതലുള്ള നാട്ടുരാജ്യങ്ങളെ സ്വതന്ത്ര്യ രാഷ്‌ട്രമാക്കാന്‍ വിനായക ദാമോദര സവര്‍ക്കര്‍ അടക്കമുള്ളവര്‍ നടത്തിയ നീക്കങ്ങളും പുസ്തകത്തില്‍ തെളിവ് സഹിതം വിവരിക്കുന്നുണ്ട്. സമാനമായ ഒട്ടേറെ ചരിത്ര വിവരളടങ്ങിയ പുസ്തകം ഇന്ന് ബെസ്റ്റ് സെല്ലര്‍ ലിസ്റ്റിലും എത്തിയിരിക്കുന്നു. മലയാളമടക്കം എട്ട് ഭാഷയിലേക്കാണ് ഇപ്പോള്‍ ഈ പുസ്തകത്തിന്‍റെ വിവര്‍ത്തനം നടക്കുന്നത് എന്നത് ഈ പുസ്തകത്തിന്‍റെ സ്വീകാര്യതയാണ് കാണിക്കുന്നത്.