

വിജയ് ചൗക്ക്
സുധീര്‍ നാഥ്
സമുദ്രങ്ങള്‍, കായലുകള്‍, നദികള്‍, കനാലുകൾ തുടങ്ങിയ ജലാശയത്തിലൂടെ ബോട്ടുകളിലും വള്ളങ്ങളിലും കപ്പലുകളിലും യാത്ര നടത്തുന്നതിനെയാണല്ലോ ജലഗതാഗത യാത്ര എന്നു പറയുന്നത്. അതുവഴി മനുഷ്യ യാത്ര മാത്രമല്ല, ചരക്കുകളും കൊണ്ടുപോകുന്നു. ഇത് ഏറ്റവും ചെലവു കുറഞ്ഞതും പ്രകൃതിക്ക് ഇണങ്ങുന്നതുമായ ഒരു ഗതാഗത മാര്‍ഗമാണ്. തിരുവനന്തപുരത്ത് കോവളം മുതല്‍ കാസർഗോഡ് നീലേശ്വരം വരെയുള്ള ജലപാതകള്‍ ഇതിന് ഉദാഹരണമാണ്. കേരളമെന്ന കൊച്ചു നാട്ടില്‍ എല്ലാ ജില്ലകളിലും ജലഗതാഗതത്തിന് അനുയോജ്യമായ ഒട്ടേറെ സാഹചര്യങ്ങളുണ്ട്. ഇടുക്കിയും വയനാടും മലയോര പ്രദേശമാണെങ്കില്‍ പോലും അവിടെയും ജലഗതാഗതമുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്. ഇടുക്കിയിലെയും വയനാട്ടിലെയും ജലഗതാഗതം മറ്റു ജില്ലകളിലേക്കു ബന്ധിപ്പിക്കുന്നില്ല എന്നതു മാത്രമേ ഒരു ന്യൂനതയായി ചൂണ്ടിക്കാണിക്കാ സാധിക്കൂ.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ജലഗതാഗതത്തിന് സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ മഴയുണ്ട്, നദിയും കായലും മറ്റു ജലാശയങ്ങളും കൊണ്ട് ജലസമ്പത്തിനാല്‍ സമൃദ്ധമാണ്. കേരളത്തില്‍ ആകെ 44 നദികളുണ്ട്. ഇതില്‍ 41 നദികള്‍ പടിഞ്ഞാറോട്ട് ഒഴുകുന്നു. ഇവ അറബിക്കടലില്‍ പതിക്കുന്നു. 3 നദികള്‍ കിഴക്കോട്ട് ഒഴുകുന്നു. കബനി, ഭവാനി, പാമ്പാര്‍ എന്നിവയാണവ. ഇവ തമിഴ്നാട്ടിലേക്ക് ഒഴുകുന്നു. 244 കിലോമീറ്റര്‍ ഒഴുകുന്ന പെരിയാറാണ് ഏറ്റവും നീളം കൂടിയത്. 209 കിലോമീറ്റര്‍ ഒഴുകുന്ന ഭാരതപ്പുഴ നീളത്തില്‍ രണ്ടാം സ്ഥാനത്താണ്. നമുക്കു 34 കായലുകളുണ്ട്. വേമ്പനാട്ടു കായല്‍, അഷ്ടമുടിക്കായല്‍ എന്നിവ വലിപ്പം കൊണ്ട് വളരെ മുന്നിലാണ്.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേരളത്തിലെ റോഡുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ വളവുകളുള്ളതു കൊണ്ട് അവയിലൂടെ അതിവേഗ യാത്ര ദുഷ്കരമാണ്. റോഡുകളുടെ വീതി കുറവ് വേഗയാത്രയ്ക്കു തടസമായുള്ള മറ്റൊരു കാരണമായി പറയാം. ട്രെയ്നുകളെയാണ് കേരളത്തില്‍ സാമാന്യം വേഗതയുള്ള ഒരു മാര്‍ഗമായി പരിഗണിച്ചു വരുന്നത്. വന്ദേഭാരത്, ജനശതാബ്ദി തീവണ്ടികള്‍ കേരളത്തില്‍ ജനപ്രിയമാകുന്നത് അതുകൊണ്ടാണ്. അതിവേഗ റെയ്ല് പാതയെ കുറിച്ച് കാലങ്ങളായി ചര്‍ച്ച നടക്കുന്നുണ്ട്. ഇത് സംസാരിക്കുമ്പോള്‍ രാഷ്ട്രീയ ചേരിതിരിവും ഭൂമി ഏറ്റെടുക്കുന്ന നടപടിയും വിലങ്ങു തടിയായി നില്ക്കുന്നു. കേരളം സമുദ്രത്തോട് ചേര്‍ന്നു നില്ക്കുന്ന ഒരു പ്രദേശമാണ് എന്നത് ജലഗതാഗതത്തിന്റെ സാധ്യതകള്‍ വിളിച്ചോതുന്നുണ്ട്. കടല്‍ മാര്‍ഗമുള്ള തീരഗതാഗതം നമ്മള് തുറക്കുകയാണെങ്കില്‍ അത് ഏറെ പ്രയോജനപ്പെടുകയും സ്ഥലമെടുപ്പ് പോലെയുള്ള തടസങ്ങളില്‍ നിന്ന് മാറുകയും ചെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്.
കേരള തീരത്തു കൂടി തെക്കുവടക്ക് അതിവേഗ ചെറു കപ്പല്‍ സര്‍വീസുകൾ ആരംഭിക്കുന്നത് അതീവ സൗരവമായി സര്‍ക്കാര്‍ പഠന വിധേയമാക്കേണ്ടതാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കാസര്‍ഗോഡ് എന്നീ സ്ഥലങ്ങള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിച്ച് കപ്പല്‍ സര്‍വീസുകള്‍ അനായാസം നടത്താവുന്നതാണ്. എന്നാല്‍ ഇവിടെ യാത്രാ കപ്പല്‍ അടുപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ട്. രണ്ടാം ഘട്ടമായി കൊല്ലം, ആലപ്പുഴ, ഗുരുവായൂര്‍, പൊന്നാനി, കണ്ണൂര്‍ എന്നീ സ്ഥലങ്ങളിലും സ്റ്റോപ്പുകള്‍ അനുവദിക്കുന്നത് വിഭാവനം ചെയ്യുകയാണെങ്കില്‍ കേരളത്തിന്റെ തീരപ്രദേശത്തെ എല്ലാ ജില്ലകളും ഉള്‍പ്പെടും.
റോഡുകളിലെ വേഗത അളക്കുന്നതു പോലെയല്ല കടലിലെ വേഗത അളക്കുന്ന രീതി. കപ്പലുകളുടെ വേഗത സാധാരണയായി അളക്കുന്നത് "നോട്ട്സ് ' എന്ന യൂണിറ്റിലാണ്. ഒരു നോട്ട് എന്നാല്‍ മണിക്കൂറില്‍ 1.85 കിലോമീറ്റര്‍ വേഗതയാണ്. പുതിയ കപ്പലുകളില്‍ ഉപയോഗിക്കുന്ന ഗ്യാസ് ടര്‍ബൈന്‍ എന്‍ജിനുകളും ഭാരം കുറഞ്ഞ അലുമിനിയം ബോഡിയും ഉയര്‍ന്ന വേഗത നല്കാന് സഹായിക്കുന്നു.
ലോകത്ത് കടല്‍മാര്‍ഗം അതിവേഗ കപ്പലുകൾ വഴി പൊതു ഗതാഗതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കടല്‍ യാത്രകള്‍ക്ക് വേഗതയേറിയ സേവനങ്ങള്‍ നല്കാന് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള കപ്പലുകള്‍ക്ക് സാധിക്കും. കേരളത്തിലും ഇന്ത്യയിലൊട്ടാകെയും ഇത്തരം കപ്പലുകളും ബോട്ടുകളും സര്‍വീസ് നടത്തുന്നുണ്ട്. കേരളത്തില്‍ നിന്ന് ലക്ഷദ്വീപിലേക്ക് അതിവേഗ ഫെറി സര്‍വീസ് നടത്തുന്ന ഏറ്റവും പുതിയതും വേഗതയേറിയതുമായ ഒരു വെസലാണ് എച്ച്എസ്സി പരലി. മംഗലാപുരം ഓള്‍ഡ് പോര്‍ട്ടില്‍ നിന്നും ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലേക്ക് ഇത് സര്‍വീസ് നടത്തുന്നു. മുമ്പ് 13 മണിക്കൂര്‍ എടുത്തിരുന്ന സമുദ്ര യാത്ര വെറും 7 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ സാധിക്കുന്നു. കൂടുതല്‍ സുഗമവും കുലുക്കം കുറഞ്ഞതുമായ യാത്രയാണ് ഈ അതിവേഗ കപ്പല്‍ യാത്രക്കാര്‍ക്ക് നല്‍കുന്നത്.
ലോകത്തിന്റെ പല ഭാഗങ്ങളിലും അതിവേഗ കടത്തുബോട്ട് സര്‍വീസുകളുണ്ട്. അത്തരത്തിലൊന്നാണ് ഹോങ്കോങ്ങിനെയും മെക്കാവോയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ കടത്തുബോട്ട് സര്‍വീസായ മെക്കാവോ ഫെറി. ഈ ഫെറി സര്‍വീസ് നടത്തുന്ന ഈ ഹൈ- സ്പീഡ് ഫെറി ഇരു നഗരങ്ങള്‍ക്കുമിടയിലെ ഏറ്റവും ജനപ്രിയമായ യാത്രാമാര്ഗങ്ങളിലൊന്നാണ്. ഹോങ്കോങ്ങിനും മെക്കാവോയ്ക്കും ഇടയില്‍ പ്രധാനമായും രണ്ട് കമ്പനികളാണ് സര്‍വീസ് നടത്തുന്നത്. ചുവപ്പ് നിറത്തിലുള്ള ടര്‍ബോജെറ്റ് ഫെറികള്‍ പ്രധാനമായും മെക്കാവോയിലെ "ഔട്ടര്‍ ഹാര്‍ബര്‍ ഫെറി ടെര്‍മിനലിലേക്ക് ' സര്‍വീസ് നടത്തുന്നു. നീല നിറത്തിലുള്ള കോട്ടായ് വാട്ടര്‍ ജെറ്റ് ഫെറികള്‍ മെക്കാവോയിലെ തായ്പ ഫെറി ടെര്‍മിനലിലേക്ക് സര്‍വീസ് നടത്തുന്നു.
കടലിലൂടെ വേഗതയില്‍ പോകാവുന്ന കപ്പലുകള്‍ ഏതൊക്കെ എന്ന് അറിഞ്ഞിരിക്കാം. ലോകത്തിലെ ഏറ്റവും വേഗതയേറിയ വാണിജ്യ കപ്പലാണ് എ്എസ്സി ഫ്രാന്‍സിസ്ക്കോ. ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് (എല്‍എന്‍ജി) ഇന്ധനമായി ഉപയോഗിക്കുന്ന ഈ കപ്പലിന് മണിക്കൂറില്‍ പരമാവധി 107.8 കിലോമീറ്റര്‍ (58.2 നോട്ട്) വേഗത കൈവരിക്കാനാകും. 1,000 യാത്രക്കാരെയും 150 കാറുകളെയും ഒരേസമയം വഹിക്കാന്‍ ഇതിന് ശേഷിയുണ്ട്. അറ്റ്ലാന്റിക് സമുദ്രം അതിവേഗതയില്‍ മുറിച്ചുകിടക്കുന്ന ഡെസ്റ്റിറോ എന്ന കപ്പലിന് മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗതയില്‍ സഞ്ചരിക്കാം. എസ്എസ് യുണൈറ്റഡ് സ്റ്റേറ്റ് എന്ന മറ്റൊരു കപ്പല്‍ മണിക്കൂറില്‍ 70 കിലോമീറ്ററിലധികം വേഗതയിലാണ് യാത്ര ചെയ്യുന്നത്.
പ്രധാനപ്പെട്ട ലോകരാജ്യങ്ങള്‍ക്കെല്ലാം യുദ്ധപ്പലുകളുണ്ട്. നോര്‍വേയുടെ യുദ്ധക്കപ്പലുകള്‍ക്ക് മണിക്കൂറില്‍ 111 കിലോമീറ്റര്‍ (60 നോട്ട്) വേഗതയുണ്ട്. വായുരഹിതമായ കുഷ്യന് സാങ്കേതിക വിദ്യയാണ് ഇവയുടെ വേഗതയ്ക്ക് കാരണം. കാനഡയുടെ ഹൈഡ്രോഫോയില്‍ യുദ്ധക്കപ്പല്‍ മണിക്കൂറില്‍ 116.7 കിലോമീറ്റര്‍ (63 നോട്ട്) വേഗത കൈവരിച്ച് ചരിത്രം കുറിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാവിക സേനയുടെ ഏറ്റവും വേഗതയേറിയ ചെറു യുദ്ധക്കപ്പലുകള്‍ "സൂപ്പര്‍ ദ്വോറ എംകെ രണ്ട് ' കപ്പലുകള്‍ക്ക് മണിക്കൂറില്‍ 45 നോട്സിനു മുകളില്‍ (ഏകദേശം 83 കി.മീ/ മണിക്കൂര്‍) വേഗത കൈവരിക്കാം.
പല രാജ്യങ്ങളിലും ഉള്‍നാടന്‍ ജലഗതാഗതം സഞ്ചാരത്തിലും ചരക്കു നീക്കത്തിലും വലിയ പങ്കു വഹിക്കുന്നു- ബംഗ്ലാദേശ് 32% , ജര്‍മനി 20%, യു.എസ് 14%, ചൈന 9%. അതേസമയം യാത്ര സാധ്യമാകുന്ന ജലപാതകള്‍ കൊണ്ട് അനുഗ്രഹീതമായ ഭാരതത്തില്‍ റോഡ് ഗതാഗതം 68%, റെയ്ൽ ഗതാഗതം 30% നടക്കുമ്പോൾ നടക്കുമ്പോള്‍ ഉള്‍നാടന്‍ ജലഗതാഗതം 0.4% പങ്ക് മാത്രമേ വഹിക്കുന്നുളളൂ.
കേരളത്തില്‍ ഉള്‍നാടന്‍ ജലഗതാഗതം ശക്തമാണ്. പക്ഷെ അതിവേഗ കടത്തുബോട്ട് സര്‍വീസുകള്‍ അന്യമാണ്. ഇന്ധനക്ഷമവും പ്രകൃതി സൗഹൃദവുമായ ഒരു ഗതാഗത മാര്‍ഗമായ ജലഗതാഗതം കേരളത്തില്‍ വേഗത കുറഞ്ഞതാണ്. യാത്രാ ചരക്ക് നീക്കത്തിനായി റോഡ്, റെയ്ല്, വിമാന ഗതാഗത സൗകര്യങ്ങള്‍ വച്ചു നോക്കുമ്പോള്‍ താരതമ്യേന കുറഞ്ഞ പ്രവര്‍ത്തന ചെലവും പരിസ്ഥിതി മലിനീകരണവുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കൊച്ചി വാട്ടര്‍ മെട്രൊ കേരളത്തില്‍ വിജയകരമായ സേവനമാണ് നടത്തുന്നത്. കേരളത്തിലെ ഉള്‍നാട ജലഗതാഗതത്തില്‍ ലോക നിലവാരമുള്ള സേവനമാണ് അവര്‍ നടത്തുന്നത്.
ഇപ്പോള്‍ കേരളത്തില്‍ ചര്‍ച്ച നടക്കുന്ന അതിവേഗ റെയില്‍ പാതയേക്കാള്‍ ചെലവ് കുറഞ്ഞതും നടപ്പിലാക്കാന്‍ സാധിക്കുന്നതുമായ പദ്ധതിയാണ് അതിവേഗ തീരദേശ കപ്പല്‍ പാത. അതിവേഗത്തില്‍ സഞ്ചരിക്കാവുന്ന യാത്രാ കപ്പലുകള്‍ പുതിയ സാങ്കേതിക വിദ്യയില്‍ നമ്മുടെ രാജ്യത്തു തന്നെ നിര്‍മിക്കപ്പെടുന്ന കാലമാണിത്. എന്തുകൊണ്ട് നമ്മള് ആ വഴിക്ക് ചിന്തിക്കുന്നില്ല? അതിവേഗ റെയ്ല് പാതകള്‍ക്ക് പകരം അതിവേഗ ജലഗതാഗതം പോരേ..?