

രവിവർമ: ഇന്ത്യൻ ആനന്ദം
FILE PHOTO
അക്ഷരജാലകം |എം.കെ.ഹരികുമാർ
നമുക്കു പരമമായ കലാനുഭവം നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ത്യൻ കലയ്ക്ക് എപ്പോഴും ഉയർന്ന ഒരു വിതാനമുണ്ടായിരുന്നു. അതു നമ്മെ വിശുദ്ധീകരിക്കുകയാണു ചെയ്യുന്നത്. കാളിദാസന്‍റെ "മേഘസന്ദേശം' വിരഹത്തിലൂടെയും ദുഃഖത്തിലൂടെയും മനുഷ്യനെ വിമലീകരിക്കുകയാണ്. മഹാഭാരതത്തിൽ കുരുക്ഷേത്ര യുദ്ധമുണ്ടെങ്കിലും ശസ്ത്ര വിദ്യയും അതിന്‍റെ തത്വചിന്തയും ധർമവുമായി ബന്ധപ്പെടുത്തിയത് വിശുദ്ധീകരണമാണ്. എത്ര ഉന്നതമായ വിദ്യ കൈവശമുണ്ടെങ്കിലും ഒരു യോദ്ധാവ് അനാവശ്യമായി അതുപയോഗിക്കാൻ തയാറാവുന്നില്ല. ശസ്ത്രവിദ്യയ്ക്ക് ഒരു ധർമമുണ്ട്. ആയുധം വിശുദ്ധമായ പദവി അലങ്കരിക്കുന്നു. ആയുധം യുദ്ധം ചെയ്യാനല്ല, യുദ്ധം ഇല്ലാതാക്കാനാണ് ഉപയോഗിക്കുന്നത്.
ധർമം അധർമത്തെ ഇല്ലാതാക്കാനുള്ളതാണ്. ധർമം ഇല്ലാതായാൽ മനുഷ്യൻ നശിക്കും. ആയുധങ്ങൾ എത്രതന്നെ ആവനാഴിയിലുണ്ടെങ്കിലും അതൊന്നും വെറുതെ ഉപയോഗിക്കാനാവില്ല. അതിന് ഒരു കാരണം വേണം, നീതി വേണം. ആയുധങ്ങൾ നീതി തേടുകയാണ്. തപസ് ചെയ്ത് ആയുധങ്ങൾ സമ്പാദിക്കുന്നതിന് കാരണമിതാണ്. ഏറ്റവും നൂതനമായ ശസ്ത്രവിദ്യ കൈവശമുള്ള അർജുനൻ തന്‍റെ വിശ്രുതമായ മുറകൾ പുറത്തെടുക്കുന്നത് സഹയാത്രികരെ സഹായിക്കാനാണ്. ധർമത്തിന്‍റെ ആവശ്യകതയുണ്ടെങ്കിലേ ശസ്ത്രവിദ്യയ്ക്കു പ്രസക്തിയുള്ളൂ.
ആവനാഴിയിൽ ഉറങ്ങുന്ന അമ്പിന് ഉണർവുണ്ടാകണമെങ്കിൽ ധർമം ഉണ്ടായിരിക്കണം. യുദ്ധാനന്തരം, വർഷങ്ങൾക്കു ശേഷം കാട്ടാളന്മാർ വന്നു മാരകമായി ആക്രമിച്ച് യാദവ സ്ത്രീകളെ പിടിച്ചുകൊണ്ടു പോകുമ്പോൾ കൃഷ്ണൻ അർജുനനെ ആളയച്ചു വരുത്തുന്നുണ്ട്. എന്നാൽ അപ്പോൾ കൃഷ്ണനെപ്പോലെ അർജുനനും നിസഹായനാകുന്നു. അർജുനന്‍റെ അസ്ത്രങ്ങൾ ആ സമയം ലക്ഷ്യം കണ്ടില്ല. എന്തുകൊണ്ട് ഇതു സംഭവിച്ചു? യുദ്ധാനന്തരം ആയുധങ്ങൾക്കു ധർമത്തിൽ നിന്നു പ്രചോദനം കിട്ടിയില്ല. അധികാരമുണ്ടായിരുന്നതു കൊണ്ട് ആ ആയുധങ്ങൾ പലപ്പോഴും അതിരുവിട്ടു പെരുമാറി. ധർമരഹിതമായി ആയുധങ്ങൾ ഇടപെട്ടു. അത് ശക്തി ക്ഷയിക്കാൻ കാരണമായി. ഇതാണ് ഇന്ത്യൻ അന്തഃകരണത്തിന്‍റെ വിശുദ്ധീകരണം.
അതീത തലം
ഇന്ത്യൻ കലയിൽ അതീതമായ ഒരു തലമാണു ലക്ഷ്യമാക്കുന്നത്. ഭൗതിക സംഭവങ്ങൾ വിവരിക്കുകയോ ലൗകിക മനുഷ്യരുടെ ആവശ്യങ്ങൾ അവതരിപ്പിക്കുകയോ ചെയ്യുന്നതല്ല കല. ഇന്ത്യയിൽ അത് ആത്മീയമായ ഉള്ളടക്കം നേടിയിരിക്കുകയാണ്. വിഘടിച്ചു നിൽക്കുന്നതും അകന്നുപോയതുമായ കണ്ണികളെ കൂട്ടിയോജിപ്പിച്ച് ആത്മീയമായ ഉദ്ഗ്രഥനം സാധ്യമാക്കുകയാണ് ഇന്ത്യൻ സാഹിത്യത്തിന്‍റെ മുഖ്യ ഉത്തരവാദിത്വം. പ്രാപഞ്ചികമായ രമ്യതയിൽ എല്ലാ വസ്തുക്കളെയും ഇണക്കിച്ചേർക്കുകയാണു ലക്ഷ്യം. മഹാകവി രവീന്ദ്രനാഥ ടാഗോർ അതാണ് ചെയ്തത്. അദ്ദേഹം ഇന്ത്യൻ സൗന്ദര്യദർശനത്തെ ഇങ്ങനെ സംഗ്രഹിക്കുന്നു: "കല നമ്മളിൽ യാഥാർഥ്യത്തെക്കുറിച്ച് ഒരു ബോധം അങ്കുരിപ്പിക്കുന്നു. നമ്മുടെ ആന്തരസത്തയും ഈ പ്രപഞ്ചവും തമ്മിലുള്ള ഒരു ബന്ധമാണ് അത് സ്ഥാപിച്ചെടുക്കുന്നത്. അങ്ങനെ നമ്മളിൽ ആനന്ദത്തിന്‍റെ ബോധോദയം സൃഷ്ടിക്കുന്നു'.
കല കലുഷിതമായ മാനസികാവസ്ഥയിലേക്ക് തള്ളിവിടുന്നു എന്നു പറയുന്നതു സൂക്ഷിച്ചു വേണം. കലയിൽ അവ്യവസ്ഥയുണ്ട്. എന്നാൽ അത് ആന്തരികമായി നമ്മെ അപാരമായ ഒരറിവിലേക്ക് ഉണർത്തിവിടണം. അതു വിശദീകരിക്കാൻ ടാഗോർ സംഗീതകാരനെ ഉദാഹരിക്കുന്നു. ഒരു സംഗീതകാരൻ അല്ലെങ്കിൽ കവി സംഗീതത്തിന്‍റെ സഹായത്തോടെ ആവിഷ്കാരം നടത്തുന്നു. അയാളിൽ എല്ലാമുണ്ട്. സംഗീതത്തിന്‍റെ ശകലങ്ങൾ അയാളുടെ ജീവിതത്തിൽ നിന്നു ലഭിക്കുന്നതാണ്. പുറത്തുനിന്നു വാങ്ങിക്കൂട്ടുന്ന സാധനങ്ങളല്ല അവ.
മനുഷ്യൻ ജീവിക്കുന്നതാണ് എഴുതുന്നത്. ആ ജീവിതം ഒരു താളത്തിലാണുള്ളത്. അതിൽ ഒരു കണ്ണാടിയിലെന്ന പോലെ മറ്റുള്ളവരെയും കാണാം. ഒരു വസ്തുവിനെക്കുറിച്ച് എഴുതുമ്പോൾ അതല്ല എഴുത്തുകാരൻ ലക്ഷ്യം വയ്ക്കുന്നത്, തന്നെത്തന്നെയാണ്. ആ വസ്തുവിലൂടെ സ്വയം വെളിപ്പെടുത്തുകയാണ്. ഒരു നായയെക്കുറിച്ച് കഥ എഴുതുമ്പോൾ ആത്യന്തികമായി അതു നായയെക്കുറിച്ചല്ല, എഴുതുന്നയാളിനെക്കുറിച്ചാണ്.അങ്ങനെ ഈ ലോകവുമായി അയാൾ സ്വയം ബന്ധിക്കുന്നു.
പൂക്കാനൊരു കാലം
ഇന്ത്യൻ കലാകാരൻ മറ്റു വസ്തുക്കളെയെല്ലാം തന്നിലേക്കു കൂട്ടിയോജിപ്പിക്കുകയാണ്. അപ്പോൾ അതിനൊരു അർഥവും ലയവുമുണ്ടാകുന്നു. പ്രപഞ്ചം ഒരു ലീലയിൽ ഏർപ്പെട്ടിരിക്കുകയാണ്. എത്രയോ വലിയ ലീലയാണത്! വൃക്ഷത്തിൽ ഇലകൾ ഉണ്ടായാൽ അതു വീണ് കരിയും. അതിലൂടെ ഋതുക്കൾ ഉണ്ടാകും. ഒരു വൃക്ഷം ഏതെല്ലാം കഠിനമായ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ഇല കൊഴിയാൻ ഒരു കാലം. വെറുതെ നിൽക്കാൻ ഒരു കാലം. പൂക്കാനൊരു കാലം. തളിർക്കാനൊരു കാലം. ഉണങ്ങാനൊരു കാലം. നശിക്കാനൊരു കാലം. പല കാലങ്ങളിലൂടെ അത് ജീവിക്കുന്നു. എല്ലാം ചേരുമ്പോഴാണ് ജീവിതം. അല്ലെങ്കിൽ, എല്ലാം ചേരുന്നതിനെയാണ് ജീവിതം എന്നു വിളിക്കുന്നത്. വസന്തം മാത്രമായി, പൂക്കളുടെ കാലം മാത്രമായി ഒരു ജീവിതമില്ല. ശിശിരവും വേനലും വേണം. അത് സഹനമാണ്. മഞ്ഞും മഴയും വേനലും മാറി വരുന്നതാണ് താളമുണ്ടാക്കുന്നത്. ഇന്ത്യൻ കലയിലും ഈ ഋതുസംക്രമമുണ്ട്.
മഹർഷി അരബിന്ദോ എഴുതുന്നു:
"കല സൗന്ദര്യത്തിന്‍റെ കണ്ടെത്തലും വെളിപാടുമാണ്. സൗന്ദര്യത്തെ ഉൾക്കൊള്ളുകയും അതിലൂടെ ആനന്ദം അനുഭവിക്കുകയുമാണ് ലക്ഷ്യം'.
കല നേരത്തെ പറഞ്ഞ ഋതുക്കളുടെ താളത്തിന്, ക്രമത്തിനു സമാനമാണ്. അത് മനുഷ്യാവസ്ഥയ്ക്കുള്ളിലെ ചിത്രമാണ് വരയ്ക്കുന്നത്. എല്ലാ ഋതുക്കളും ചേരുമ്പോഴാണ് വൃക്ഷം നിലനിൽക്കുന്നത്. കലയിൽ എല്ലാ വികാരങ്ങളിലൂടെയും സഞ്ചരിച്ച് അനുവാചകൻ അഭൗമമായ ആനന്ദത്തിലെത്തുന്നു. ഒരു സാധനം വിപണിയിൽ നിന്ന് വാങ്ങുമ്പോഴുള്ള സന്തോഷമല്ല ഇത്. ജീവിതത്തിന്‍റെ നശ്വരതയ്ക്കപ്പുറമുള്ള ബോധത്തിന്‍റെ ഉദ്ദീപനമാണ്. കലാനുഭവത്തിന്‍റെ പാരമ്യം വ്യത്യസ്തതകളെ ഒന്നിലേക്കു സംക്രമിപ്പിക്കുന്നതിലാണുള്ളത്. എല്ലാ വികാരങ്ങളും ലയിച്ച് അതിനേക്കാൾ മഹത്തായ അനുഭവമായിത്തീരുന്നു. വസ്തുക്കൾ എന്തുകൊണ്ടാണ് വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന് അറിയണം. അതിന് അന്തിമമായ പുതിയ ക്രമം നൽകി പ്രപഞ്ചത്തിന്‍റെ നൈരന്തര്യത്തെ ഉൾക്കൊള്ളാനാണ് കലാനുഭവത്തിന്‍റെ ഒടുവിൽ നമ്മളിൽ അവശേഷിക്കുന്ന ആഹ്വാനം.
ധ്യാനത്തിൽ ലയിക്കുന്നു
കഴിഞ്ഞ ലക്കം "അക്ഷരജാലകം' (കവി ലോകത്തിന്‍റെ കെണിയിൽ) ഫെയ്സ്ബുക്കിൽ പ്രസിദ്ധീകരിച്ചിരുന്നു. അതു വായിച്ച് പലരും കമന്‍റുകൾ എഴുതി. അതിൽ ജയശങ്കർ പഴയവാര്യം എന്ന സുഹൃത്ത് എഴുതിയ കമന്‍റ് ഈ ലേഖകനെ വിസ്മയിപ്പിക്കുകയും വിനയവാനാക്കുകയും ചെയ്തു. അദ്ദേഹത്തെ നേരിലോ അല്ലാതെയോ പരിചയമില്ല. ഫെയ്സ്ബുക്കിൽ കണ്ടിട്ടുണ്ട്.
അദ്ദേഹം എഴുതിയത് ഇതാണ്:
"പുതിയ കാഴ്ച നൽകുന്ന ലേഖനം വായിച്ചപ്പോൾ ധ്യാൻ ധാതൃ ധ്യേയ് രൂപ എന്ന ലളിതാ സഹസ്രനാമത്തിലെ ഈ വരികൾ ഓർമ വന്നു'.
ഈ പ്രതികരണം വായിച്ച് കുറെ സമയം ആലോചിച്ചിരുന്നുപോയി. മഹത്തായ ഒരു ഭാഷണമാണല്ലോ ഇവിടെ കേട്ടത് എന്നറിഞ്ഞ് അത്ഭുതപ്പെട്ടു. അദ്ദേഹം ഉദ്ധരിച്ച വാക്കുകളിൽ എന്താണ് അടങ്ങിയിരിക്കുന്നതെന്ന് തിരഞ്ഞു. കേവലം ഒരു വായനക്കാരൻ മാത്രമായ ജയശങ്കർ "അക്ഷരജാലകം' വായിച്ച് അനുവാചകന്‍റെ ധർമത്തിന്‍റെ പരമാവസ്ഥയിൽ എത്തിയിരിക്കുന്നു.
അദ്ദേഹം ഉദ്ധരിച്ച വാക്കുകളുടെ സാരമിതാണ്: "ധ്യാനത്തിന്‍റെ സത്തയും എല്ലാത്തിന്‍റെയും വിധാതാവും ധ്യാനത്തിന്‍റെ ബിംബവും ഒന്നാകുന്നു. ധ്യാനം ചെയ്യുന്ന വ്യക്തിയും, എല്ലാത്തിന്‍റെയും വിധാതാവും, എന്തിനെയാണോ ധ്യാനിക്കുന്നത് അതും ധ്യാനരൂപത്തിൽ അടങ്ങിയിരിക്കുന്നു. ഈ മൂന്നും ചേരുന്നതാണ് പരമോന്നതമായ ഇന്ത്യൻ സൗന്ദര്യബോധത്തിന്‍റെയും സാഹിത്യദർശനത്തിന്‍റെയും കാതൽ. ദൈവികമായ അവസ്ഥയാണത്. ഭൗതികമായ വ്യത്യസ്തതകളെ, വിഭജനങ്ങളെ മറികടന്ന് പരമമായ ഒരു രമ്യതയിൽ ഒന്നിക്കുന്നതാണ് പരമാനന്ദം'.
അതാണ് കേവലം ഒരു വായനക്കാരനായ ഈ വ്യക്തി "അക്ഷരജാലക'ത്തിൽ നിന്ന് നേടിയെടുത്തതെന്ന് തുറന്നെഴുതിയിരിക്കുന്നു. ഇത് ലേഖകനായ എന്‍റെ അവകാശവാദമല്ല. വായനക്കാരനായ ഒരാളുടെ തുറന്നുപറച്ചിലാണ്. അദ്ദേഹം ഏതോ ആത്മീയാവസ്ഥയിലൂടെ കടന്നുപോയിരിക്കുന്നു.
ഭൗതികമായ വിഭജനങ്ങളെയും അലട്ടലുകളെയും മറികടന്ന് ഉത്കൃഷ്ടമായ ഒരു വിതാനത്തിലേക്ക് എത്തിച്ചേരുന്ന മനുഷ്യമനസിന്‍റെ അബോധത്തിൽ പൂർത്തീകരിക്കാനാവാത്ത ചോദനയുണ്ട്. അസ്തമയത്തിന്‍റെ പ്രക്ഷുബ്ധവും വിഷാദഗ്രസ്തവുമായ നിറങ്ങളെ നോക്കിനിൽക്കുന്നതും വാനിൽ ഉയർന്നുപറക്കുന്ന പക്ഷികളെ കണ്ണെടുക്കാതെ നിരീക്ഷിക്കുന്നതും മനുഷ്യ മനസിലെ നിരന്തരമായ ഈ അബോധ പ്രേരണ മൂലമാണെന്ന് പറയാം. ഒരാൾ അംബരാന്തത്തിലേക്ക് ഉയർത്തപ്പെടാൻ ആഗ്രഹിക്കുന്നു. അതിനാണ് ദൈവത്തെ വിളിച്ചുകൊണ്ടിരിക്കുന്നത്.
രവിവർമയുടെ സ്നേഹപ്രഭ
ദൈവത്തെ തേടി ആകാശത്തിലേക്കാണു നോക്കുന്നത്, ഭൂമിയിലേക്കല്ല. ദൈവം ഉയരത്തിലാണുള്ളതെന്ന അബോധ ചിന്ത രൂഢമാണ്. കലാനുഭവവും ഉയരത്തിലാണ്; ഭൂമിയിലെ ജീവിതത്തിലുള്ള നിസാരമായ പിണക്കങ്ങളെയും അകൽച്ചകളെയും അകറ്റുകയും വളരെ വ്യത്യസ്തമായ ഒരു തലത്തിൽ നമ്മെ ഉയരങ്ങളിൽ എത്തിക്കുകയും ചെയ്യുന്നു. മനുഷ്യൻ ഏർപ്പെടുന്ന മേഖലകളിൽ ക്രമേണ നിറയുന്ന അഴുക്ക് ഇവിടെയുണ്ടാവില്ല.
രാജാ രവിവർമയുടെ സ്ത്രീരൂപങ്ങളിലെ പ്രഭയും ഓജസും നിത്യജീവിതത്തിൽ കാണാൻ കഴിയില്ല. ഒരു മോഡലിനെ ഉപയോഗിച്ച് വരച്ച ആ ചിത്രങ്ങൾ മോഡലിന്‍റെ തലത്തിൽ നിന്നു മുകളിലേക്കു കുതിക്കുകയാണ്. മനുഷ്യന് അപ്രാപ്യമായ സൗന്ദര്യമായി അത് പ്രലോഭിപ്പിക്കുന്നു. നമ്മുടെ സ്നേഹഭാജനത്തിനോ പ്രിയങ്കരിക്കോ അപ്രാപ്യമായ ഒരു ലോകമാണത്. രവിവർമയുടെ സുന്ദരികൾ നമ്മെ വശീകരിക്കുന്നു, സുന്ദരമായ ഒരു ലോകത്തേക്ക്. സ്വപ്നത്തിലും വിണ്ണിലുമാണ് അവർ വിരാജിക്കുന്നത്. അവർക്ക് ഭൂമിയിൽ ആരും തന്നെ ബന്ധുക്കളായി ഉണ്ടാകില്ല. ചിലപ്പോൾ അവർ പ്രകൃതിയെയും അതിലെ വസ്തുക്കളെയും സ്നേഹിക്കുന്നുണ്ടാകാം.
അവരുടെ ലോകം സ്നേഹത്തിന്‍റെ മറ്റൊരു വർണമാണ്. അത് സ്നേഹപ്രഭയാണ്. സ്നേഹരാഗമാണ്. സ്നേഹപ്രസാദമാണ്. വിണ്ണിന്‍റെ വെണ്മയാണ് സ്നേഹത്തിന്. അത് ഭൗമജീവിതത്തേക്കാൾ സുന്ദരമായ മഹാഭാവനയായി നമ്മെ പിന്തുടരുക തന്നെ ചെയ്യും. രവിവർമ ഈ ലോക ജീവിതത്തെ തിരുത്തുകയാണു ചെയ്യുന്നത്. ഇന്ത്യൻ കലയുടെ മഹത്തായ ആനന്ദത്തിലേക്ക് സഞ്ചരിച്ചതിന്‍റെ നിദർശനമാണ് ആ ചിത്രങ്ങൾ. മങ്ങിയ നിറങ്ങളോ അവ്യക്തമായ വരകളോ ഇന്ത്യൻ ആനന്ദത്തെ ആവിഷ്കരിക്കാൻ പര്യാപ്തമല്ല. ഇന്ത്യൻ അനുഭവം ഒരു അഭൗമമായ ആനന്ദമാണ്.
അതു മാനുഷിക ദൗർബല്യങ്ങളെ നിർജീവമാക്കുന്നു. മനുഷ്യന് ഈ പരിമിതമായ അസ്തിത്വത്തിൽ ഒരു രണ്ടാം ജന്മം സാധ്യമാക്കുകയാണ് രവിവർമ. നാം ജീവിച്ചതത്രയും തെറ്റിപ്പോയി. നാം പാപം ചെയ്തു. ജന്തുക്കളെ ഹിംസിച്ചു. സ്നേഹിക്കാതിരിക്കുക എന്ന ജോലിയിൽ മുഴുകിക്കൊണ്ട് സ്നേഹത്തെക്കുറിച്ച് സംസാരിച്ചു. അതെല്ലാം തെറ്റിപ്പോയി. ഈ തെറ്റുകൾ പരിഹരിക്കാനാണ് രവിവർമ ബ്രഷ് കൈയിലെടുത്തത്.
ലോണാവാലയിൽ താമസിക്കുമ്പോൾ രവിവർമ ധാരാളം പ്രയാസങ്ങൾ നേരിട്ടു. അദ്ദേഹം വരച്ച ചിത്രങ്ങൾ കാണുന്നവർക്ക് അതു മനസിലാവില്ല. പ്രിന്‍റ് എടുക്കാൻ ഘടകോപുരിൽ 1894ൽ സ്ഥാപിച്ച പ്രസ് കടക്കെണിയിലായി. അത് ഒരു ജർമൻകാരന് വിറ്റു. ചിത്രങ്ങളുടെ പ്രിന്‍റുകൾ അനധികൃതമായി ചിലർ നിർമിച്ച് വിറ്റതും തിരിച്ചടിയായി. പുറമെ രവിവർമയുടെ ചിത്രരചനാ രീതിയെയും സ്ത്രീ രൂപങ്ങളെയും പലരും രൂക്ഷമായി വിമർശിച്ചു. കലയുടെ ദേശവിരുദ്ധമായ വാണിജ്യവത്കരണം എന്ന ആക്ഷേപം നേരിടേണ്ടി വന്നു.
എന്നാൽ ഇതിനിടയിലും രവിവർമ തന്‍റെ വർണാഭമായ ആവിഷ്കാരങ്ങൾ തുടർന്നു. വർമ ഇന്ത്യൻ മിത്തുകളെ സാമാന്യ ജനതയുടെ കലാഭിരുചിയിലേക്ക് തുന്നിച്ചേർക്കുകയാണു ചെയ്തത്. ഗ്രാമീണവും ഗോത്രപരവുമായ രൂപങ്ങൾക്കു പകരം മനുഷ്യന്‍റെ സൗന്ദര്യബോധത്തിന്‍റെ അതിരുവിട്ട ആലോചനകളിലേക്ക് അദ്ദേഹം കലയെ നയിച്ചു.
അതു കൂടുതൽ സുന്ദരവും മോഹിപ്പിക്കുന്നതുമാണ്. കലയിൽ ദൈവികമായ ഒരു ചിത്രണത്തിന്‍റെ സാധ്യത എപ്പോഴും ആരായണം. പ്രകൃതിയിൽ നേരിട്ടു കാണുന്നതല്ല ഇതിൽ കലയുടെ ആവിഷ്കാരം. നേരിട്ടു കാണുന്നതിനപ്പുറത്തു കലാകാരന്‍റെയുള്ളിൽ കാണുന്ന വസ്തുവിനു സുന്ദരമായ ഒരു രൂപം സൃഷ്ടിച്ചെടുക്കുകയാണ്. അതു മനുഷ്യ മനസിനെ ഉണർത്താനുള്ളതാണ്. അവന്‍റെ ചുറ്റിനുമുള്ള സാധാരണ വസ്തുക്കൾക്കു കൂടുതൽ അർഥമുണ്ടാക്കുകയാണ്. കലാകാരൻ ഓരോ വസ്തുവിനെയും തേൻ പോലെ മധുരമുള്ളതാക്കി മാറ്റുകയാണ്.
രജത രേഖകൾ
1) സച്ചിദാനന്ദൻ പുഴങ്കര
അർജന്‍റൈൻ കവി ബോർഹസിന്‍റെ കവിത മലയാളത്തിന്‍റെ പരമ്പരാഗത ശൈലിയിൽ പരിഭാഷപ്പെടുത്തുന്നത് അരുചിയാണുണ്ടാക്കുക. ബോർഹസ് ഭാഷയെ കലാരൂപമാക്കുകയാണ്. നവീനമായ ഒരു രചനയായി അതിനെ കാണണം. അദ്ദേഹം വിചാരപരമായി കടന്നുപോകുന്ന ഭീഷണമായ അവസ്ഥയെ പിടിച്ചെടുക്കാൻ സച്ചിദാനന്ദൻ പുഴങ്കരയുടെ പരിഭാഷ (പനിനീർ പൂവും മിൽട്ടനും, കലാപൂർണ, ജനുവരി) പര്യാപ്തമല്ല. ആ പരിഭാഷയിൽ ബോർഹസിനെ നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് തോന്നുന്നത്. പുതിയ കവിതയിലെ ഗദ്യം കേവലമായ ഭാഷയല്ല; അത് കലാരൂപമാണെന്ന കാര്യം മറക്കരുത്.
"കഴിഞ്ഞ കാലത്തിന്‍റെ-
യാഴത്തിൽ ശിഥിലമായ്
മുടിഞ്ഞ പനിനീർപ്പൂക്ക-
ളൊന്നിന്‍റെയസ്തിത്വമായ്
മറവി വീഴുങ്ങുന്ന
മൗലികമല്ലാത്തൊരു
മലരായിത്തീരാൻ കൊതിക്കുന്നു
ഞാനിപ്പോൾ പോലും'.
ഈ പരിഭാഷ ഒട്ടും ഫലപ്രദമല്ല. പുഴങ്കര ബോർഹസിനെ കാല്പനികവത്ക്കരിക്കുകയാണ്. ഇത് ഇങ്ങനെ പരിഭാഷപ്പെടുത്തിയാൽ കുറേക്കൂടി ബോർഹസിയൻ ടച്ചുണ്ടാകും:
"വിസ്മൃതിയുടെ അഗാധതയിൽ
പൊലിഞ്ഞ റോസാപ്പൂക്കളുടെ
തലമുറകൾക്കിടയിൽ,
മറവിയിൽ അനാഥമായ
ഒരു പൂവായിത്തീരാൻ
എനിക്കാഗ്രഹമുണ്ട്,
ഒട്ടും തിരിച്ചറിയപ്പെടാതെ,
ഒരടയാളവും ബാക്കി വയ്ക്കാതെ'.
നൂറ്റാണ്ടുകളായി മറക്കപ്പെട്ട പൂവുകളെ കവി ഓർക്കുകയാണ്. അതിൽ ഒരു പൂവായി മാറാൻ കഴിഞ്ഞെങ്കിൽ... എല്ലാവരെയും വിസ്മൃതി വന്നു മൂടുമ്പോൾ അതായിരിക്കും കവിയെ ആശ്വസിപ്പിക്കുക.
2) രാജൻ കൈലാസ്
ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയുടെ അസ്തിത്വം തിരയുകയാണ് രാജൻ കൈലാസ് "പുഴ വഴി' (എഴുത്ത്, ജനുവരി) എന്ന കവിതയിൽ.
"പുഴയൊരു ജന്മം
ഒഴുകിത്തീരും
കടലിന്‍റെ കാമക്കടവിൽ
തെല്ലുമറിഞ്ഞൊരു
കാമുകിയാവും'.
ഏതു കാലത്ത്, അല്ലെങ്കിൽ കാലങ്ങളിൽ ഒഴുകുന്ന പുഴയാണ് യഥാർഥ പുഴ? കവി അത് ആരായുകയാണ്. എല്ലാ കാലത്തും ഒഴുകുന്ന പുഴയുടെ ആകെ ഒഴുക്കാണോ പുഴയുടെ അസ്തിത്വം? അല്ലെങ്കിൽ ഒരു നിമിഷത്തിൽ നാം കാണുന്ന പുഴയോ?പുഴയ്ക്ക് പല ജന്മങ്ങളുണ്ടോ? പുഴ ജീവിച്ചു മരിച്ചു വീണ്ടും ജനിക്കുകയാണോ? ആലോചിക്കാൻ വക തന്ന കവിതയാണിത്.
3) അരവിന്ദ് വട്ടംകുളം
അരവിന്ദ് വട്ടംകുളം എഴുതിയ "രണ്ട് കവിതകൾ' (മാധ്യമം ആഴ്ചപ്പതിപ്പ്, ഡിസംബർ 15) അപര ജീവിതങ്ങളെ അനുഭവിക്കാനുള്ള വെമ്പലിൽ നിന്നു പിറന്നതാണ്. സമയം എന്ന കവിതയിൽ റെയ്‌ൽ പാളത്തിൽ ചൂടുപറ്റി കിടക്കുന്ന ഒരു തേരട്ടയും മരിക്കാനായി അവിടെ തല വച്ച് കിടക്കുന്ന യുവാവും നേർക്കുനേർ വരുകയാണ്. ആരായിരിക്കും മരണത്തിന്‍റെ അർഥത്തെ അറിഞ്ഞിട്ടുണ്ടാവുക? മരണത്തെ അർഥശൂന്യമാക്കാൻ തേരട്ടയ്ക്കാവില്ല. അത് ജീവിക്കുന്നതിന്‍റെ ഉന്മാദത്തിലാണ്. "പിടച്ചിൽ' എന്ന കവിതയിൽ ഒരു പുഴുവിന്‍റെ യാത്രയും മടക്കയാത്രയും വായനയിൽ ഉൽക്കണ്ഠ നിറയ്ക്കുന്നു ജീവിതാനുഭവങ്ങളുടെ, അസ്തിത്വത്തിന്‍റെ സൂക്ഷ്മകണങ്ങൾ തേടുകയാണ് കവി.
4) വൈക്കം ചന്ദ്രശേഖരൻ നായർ
വൈക്കം ചന്ദ്രശേഖരൻ നായരുടെ ഒരേയൊരു പ്രസംഗമാണ് കേൾക്കാനായത്. കൂടുതൽ കേൾക്കാൻ കഴിഞ്ഞില്ല എന്ന ദുഃഖം അവശേഷിക്കുന്നു. വൈക്കം സംഗീതവും ഭാഷണവും ലയിപ്പിക്കുകയായിരുന്നു. അപൂർവമായ അനുഭവമാണത്.
5) കാമ്പിശേരി കരുണാകരൻ
കാമ്പിശേരി കരുണാകരൻ എന്ന പ്രശസ്ത പത്രാധിപരെക്കുറിച്ച് വളരെ കേട്ടിട്ടുണ്ട്. ഒരിക്കൽ തന്‍റെ വാരികയുടെ ഓഫിസിൽ കഥ കൊണ്ടുവന്ന എഴുത്തുകാരനോട് അദ്ദേഹം ചോദിച്ചു: എം.ടിയുടെ "നാലുകെട്ട്' വായിച്ചിട്ടുണ്ടോ?!
6) എസ്. അരുണഗിരി, ജയകുമാർ. എസ്
ജയകുമാർ. എസിന്‍റെ "മഴ വീഴുമോർമ', എസ്. അരുണഗിരിയുടെ "തെളിവ് എവിടെ?' (പ്രഭാതരശ്മി, ഡിസംബർ) ശരാശരിയിൽ താഴെ നിൽക്കുന്ന രചനകളാണ്.
"മഴയെത്തുറച്ചിരുന്ന
നിന്‍റെ കണ്ണുകൾ
വെയിലോളമായി
എന്നെ പുണരുന്നു...'
"യക്ഷിയോടത്ത്,
താഴ്വാരത്തിരിക്കരുത്.
മേലേന്ന്, ശിലായണ്ഡങ്ങൾ
നെറുകയിലേക്കിട്ട് വകവരുത്തും'.
എന്നിങ്ങനെയുള്ള വരികൾ വളരെ സാധാരണമാണ്. അപൂർവമായ ഒരു നോട്ടം കാണാനില്ല.
7) ദിവാകരൻ വിഷ്ണുമംഗലം
ജീവഭാഷ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനുവരി 3) ശരാശരി കവിതയുടെ ദീനസ്വരം കേൾപ്പിക്കുകയാണ്. ഒരുകാലത്ത് മലയാള കവിതയിൽ കേട്ടു മടുത്തതാണിത്. വീക്ഷണവും രുചികളും പലവട്ടം അറിഞ്ഞത്. അകാല വാർധക്യം ബാധിച്ച കവിതയെ ആനയിച്ചു കൊണ്ടുവരികയാണ് ദിവാകരൻ വിഷ്ണുമംഗലം. ജീവിതത്തെ മറ്റാരും കാണാത്ത രീതിയിൽ നോക്കുക. കവിത എഴുതുന്നതോടെ ലോകത്തെ പഴയ രീതിയിൽ നോക്കാനാവില്ല എന്ന പ്രഖ്യാപനത്തെ ഉൾക്കൊള്ളുക.
8) വിറ്റ്ജൻസ്റ്റീൻ
ഓസ്ട്രോ - ബ്രിട്ടീഷ് തത്വജ്ഞാനി ലുഡ്വിഗ് വിറ്റ്ജൻസ്റ്റീൻ പറഞ്ഞു, നിത്യജീവൻ ഇന്ന് ജീവിക്കുന്നവർക്കുള്ളതാണെന്ന്. അദ്ദേഹം തുടരുന്നു: "മരണം ജീവിതത്തിൽ ഒരു സംഭവമല്ല. നാം മരണം അനുഭവിക്കാനല്ല ജീവിക്കുന്നത്. നമ്മൾ അനന്തതയെ പരിഗണിക്കുകയാണെങ്കിൽ അത് നിത്യതയിലെ താത്കാലിക കാലമല്ല, കാലരഹിതമായ അവസ്ഥയാണ്. അതുകൊണ്ട് മരണത്തെ അറിയാത്ത നമ്മുടെ ഈ ജീവിതമാണ് നിത്യജീവിതം'.