special story about jagdeep dhankhar

ചതുരംഗത്തിൽ ധൻകറിന് പറ്റിയത്...

ചതുരംഗത്തിൽ ധൻകറിന് പറ്റിയത്...

എന്‍ഡിഎയിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുത്തു. ഒപ്പം ഇന്ത്യ മുന്നണിയിലെ ഇരുപത്തഞ്ചോളം അംഗങ്ങളെ സ്വാധീനിക്കാനും ബിജെപിക്കും രാധാകൃഷ്ണന്‍റെ വ്യക്തിപ്രഭാവത്തിനും കഴിഞ്ഞു
Published on

തമിഴ്നാട്ടില്‍ കേരള അതിര്‍ത്തിയിലുള്ള കോയമ്പത്തൂര്‍ ജില്ലയിലെ തിരുപ്പുര്‍ സ്വദേശിയായയ ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണന്‍ (സി.പി. രാധാകൃഷ്ണന്‍) രാജ്യത്തിന്‍റെ 15ാമത് ഉപരാഷ്ട്രപതിയായി ഈ മാസം 12ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുന്‍ ഉപ രാഷ്ട്രപതിമാരായ ഹമീദ് അന്‍സാരി, വെങ്കയ്യ നായിഡു, ജഗ്ദീപ് ധന്‍കര്‍, കേന്ദ്ര ക്യാബിനറ്റ് അംഗങ്ങള്‍, എംപിമാര്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ രാഷ്ട്രപതി ഭവനിലെ അശോക ഹാളില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

ഈ തെരഞ്ഞെടുപ്പില്‍ അസ്വഭാവികതകളൊന്നും പ്രത്യേകിച്ച് എടുത്തുപറയാന്‍ കഴിയില്ലെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധാര്‍ഹമാണ്. ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ രണ്ടു സഭയിലും ഭൂരിപക്ഷമുള്ള എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി സി.പി. രാധാകൃഷ്ണന്‍ നോമിനേഷന്‍ കൊടുത്തപ്പോള്‍ തന്നെ വിജയം സുനിശ്ചിതമായിരുന്നു. കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ഥി മുന്‍ ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയായിരുന്നു. അദ്ദേഹത്തിന് പ്രതീക്ഷിച്ചിരുന്ന വോട്ടില്‍ 15 എണ്ണം കുറയുകയും 10 വോട്ടുകള്‍ അസാധുവാകുകയും ചെയ്തു. ഇതാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്. എങ്ങിനെ അതു സംഭവിച്ചു എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്.

തെരഞ്ഞെടുപ്പിനു മുമ്പുള്ള ദിവസങ്ങളില്‍ നല്ലൊരു ഹോം വര്‍ക്കാണ് ബിജെപി നേതൃത്വം നടത്തിയിരുന്നത്. ബിജെപിക്കാരായ കേന്ദ്രമന്ത്രിമാരുടെ വീട്ടില്‍ രാധാകൃഷ്ണന് വോട്ട് ചെയ്യേണ്ട എംപിമാരെ വിളിച്ച് സമൃദ്ധമായ വിരുന്നു നല്‍കി അവരുടെ വോട്ട് രാധാകൃഷ്ണന് തന്നെയെന്ന് ഉറപ്പിച്ചു. എന്‍ഡിഎയിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുത്തു. ഒപ്പം ഇന്ത്യ മുന്നണിയിലെ ഇരുപത്തഞ്ചോളം അംഗങ്ങളെ സ്വാധീനിക്കാനും ബിജെപിക്കും രാധാകൃഷ്ണന്‍റെ വ്യക്തിപ്രഭാവത്തിനും കഴിഞ്ഞു.

രാധാകൃഷ്ണന്‍ തികഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. 16 വയസുള്ളപ്പോള്‍ ആര്‍എസ്എസിലും പിന്നീടു ഭാരതീയ ജനസംഘത്തിലും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 2004-06 കാലഘട്ടത്തില്‍ ബിജെപിയുടെ തമിഴ്നാട് സംസ്ഥാന പ്രസിഡന്‍റായി. കോയമ്പത്തൂരില്‍ നിന്നുള്ള പാര്‍ലമെന്‍റംഗം, കയര്‍ ബോര്‍ഡ് ചെയര്‍മാന്‍, വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ എന്നീ നിലകളില്‍ ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും വിശ്വാസം നേടിയെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

14ാം ഉപരാഷ്ട്രപതിയായിരുന്ന രാജസ്ഥാന്‍ സ്വദേശി ജഗ്ദീപ് ധന്‍കര്‍ ബിജെപിയുടെയോ ആര്‍എസ്എസിന്‍റെയോ വിശ്വാസം നേടിയ ആളല്ല. ഹരിയാനയില്‍ നിന്നുള്ള ജാട്ട് സമൂഹത്തിന്‍റെ നേതാവായ ചൗധരി ദേവിലാലിന്‍റെ അനുയായി ആയിട്ടായിരുന്നു ധന്‍കറിന്‍റെ രാഷ്ട്രീയ പ്രവേശനം. ദേവിലാലിന്‍റെ പിന്തുണയോടെയാണ് 1989ല്‍ ധന്‍കര്‍ ലോക്സഭാംഗമായത്. 1990ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയും പി.വി. നരസിംഹറാവുവിന്‍റെ മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയാവുകയും ചെയ്തു.

1993-98 വരെ രാജസ്ഥാനിലെ കിഷന്‍ഗര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് നിയമസഭാംഗമായി. എന്നാല്‍ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അശോക് ഗെഹലോട്ട് ശക്തനായി മാറിയപ്പോള്‍ ധന്‍കര്‍ കോണ്‍ഗ്രസ് വിട്ടു. പിന്നെ ജനതാദളില്‍. അതിനു ശേഷം ബിജെപിയില്‍. പിന്നീട് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ വളര്‍ച്ച ബിജെപിയിലൂടെയായിരുന്നു. പശ്ചിമ ബംഗാള്‍ ഗവര്‍ണറായപ്പോള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ഏറ്റുമുട്ടി. അവിടെ നിന്നാണ് 2022ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മാര്‍ഗരറ്റ് ആല്‍വയെ പരാജയപ്പെടുത്തി ഉപരാഷ്ട്രപതിയാകുന്നത്.

നല്ലൊരു വാഗ്മിയും പാര്‍ലമെന്‍റേറിയനുമായി നിറഞ്ഞു നിന്നെങ്കിലും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനത്തിലും പെരുമാറ്റത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും ആര്‍എസ്എസിനും വിശ്വാസം കുറഞ്ഞുവന്നു. അരവിന്ദ് കെജരിവാളുമായുള്ള അദ്ദേത്തിന്‍റെ കൂടിക്കാഴ്ചയും അദ്ദേഹം പ്രധാനമന്ത്രിയാകാന്‍ യോഗ്യനാണെന്ന പ്രസ്താവനയുമൊക്കെ സംശയം ജനിപ്പിച്ചു. ആരോഗ്യ പ്രശ്നം മൂലമാണ് രാജിയെന്നു പറയുന്നുണ്ടെങ്കിലും ആര്‍എസ്എസിന്‍റെയും പ്രധാനമന്ത്രിയുടെയും വിശ്വാസം നഷ്ടപ്പെട്ട ധന്‍കറിന് രാജിയല്ലാതെ വേറെ മാര്‍ഗമുണ്ടായിരുന്നില്ലെന്നു ഡല്‍ഹിയിലെ അധികാര വൃത്തങ്ങള്‍ പറയുന്നു.

ഡല്‍ഹി രാഷ്ട്രീയത്തില്‍ സൂക്ഷിച്ചുവേണം കരുക്കള്‍ നീക്കാന്‍. രാഷ്ട്രീയ ചതുരംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടീമും അതീവ കരുത്തരാണെന്നു പലവട്ടം തെളിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസാകട്ടെ, നേതാവും നേതൃത്വവും നഷ്ടപ്പെട്ട് ബലഹീനമായിരിക്കുന്നു. "ഇന്ത്യ മുന്നണി'യുടെ പ്രസക്തിയും പ്രഭാവവവും സാവധാനം കുറയുന്നതായും ജോത്സ്യന്‍ കാണുന്നു.

logo
Metro Vaartha
www.metrovaartha.com