

1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താത്പര്യപത്രം ദാവോസിൽ ഒപ്പുവച്ചതായാണ് രാജീവ് അറിയിച്ചിരിക്കുന്നത്
file photo
വീണ്ടുവിചാരം| ജോസഫ് എം. പുതുശേരി
സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്‍റെ 56ാം വാർഷിക സമ്മേളനം സമ്മേളനം സമാപിച്ചു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അടക്കം 60 രാഷ്‌ട്രത്തലവന്മാർ അടക്കം വിവിധ രാജ്യങ്ങളിൽ നിന്നായി 3,000 നേതാക്കൾ പങ്കെടുത്തു. കേരളത്തിൽ നിന്ന് വ്യവസായ മന്ത്രി പി. രാജീവിന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി. 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താത്പര്യപത്രം ദാവോസിൽ ഒപ്പുവച്ചതായാണ് രാജീവ് അറിയിച്ചിരിക്കുന്നത്.
14 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള താത്പര്യപത്രങ്ങൾ അമെരിക്ക, യുകെ, ജർമനി, സ്പെയിൻ, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിവിധ കമ്പനികളുമായി ഒപ്പുവച്ചതായും മന്ത്രി പറയുന്നു. ആഗോള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മുൻഗണനകൾ നിശ്ചയിക്കുന്നതിനും ഭാവിയിലേക്കുള്ള ചർച്ചകളിൽ ഏർപ്പെടുന്നതിനുമായി ഗവൺമെന്‍റ്, ബിസിനസ്, സിവിൽ സമൂഹം, അക്കാഡമിക മേഖലകളിൽ നിന്നുള്ള ലോക നേതാക്കളാണ് ദാവോസിൽ ഒത്തുകൂടിയത്.
സ്വിറ്റ്സർലാൻഡിലെ ജനീവ കാന്‍റണിലെ കൊളോണിയിൽ ആസ്ഥാനമായുള്ള ഒരു അന്താരാഷ്‌ട്ര സർക്കാരിതര സംഘടനയും തിങ്ക് ടാങ്കുമാണ് വേൾഡ് ഇക്കണോമിക് ഫോറം. 1971 ജനുവരി 24ന് ജർമൻ എൻജിനീയർ ക്ലോസ് ഷ്വാബ് ആണ് ഇത് സ്ഥാപിച്ചത്. ആഗോള സഹകരണം പ്രാപ്തമാക്കുന്നതിൽ 55 വർഷത്തെ ട്രാക്ക് റെക്കോഡുള്ള ലോക സാമ്പത്തിക ഫോറത്തിന്‍റെ പ്രധാന ശക്തികൾ എക്കാലത്തെക്കാളും പ്രധാനമാണ്: പങ്കാളികളെ വിളിച്ചു കൂട്ടുക, വിശ്വാസം വളർത്തുക, പുരോഗതി സുഗമമാക്കുക.
വളർച്ച, പ്രതിരോധ ശേഷി, നവീകരണം എന്നീ 3 ഉയർന്ന സ്വാധീനമുള്ള മേഖലകളെ ചുറ്റിപ്പറ്റിയാണ് പ്രവർത്തനങ്ങളെ വിന്യസിക്കുന്നത്: പുതിയ സാമ്പത്തിക അവസരങ്ങൾ അൺലോക്ക് ചെയ്യുന്നതിനുള്ള ശ്രമങ്ങൾ സുഗമമാക്കുന്നതിന് ഈ മേഖലകളിലുടനീളമുള്ള പങ്കാളികളുമായി പ്രവർത്തിക്കുക, സാമൂഹിക ക്ഷേമം വർദ്ധിപ്പിക്കുക, സാങ്കേതിക വിദ്യയും നവീകരണവും മെച്ചപ്പെടുത്തുക, പ്രകൃതി സംരക്ഷിച്ചു, ഭാവിക്ക് പറ്റിയ സംവിധാനങ്ങളിലേക്കുള്ള പരിവർത്തനം ത്വരിതപ്പെടുത്തുക തുടങ്ങിയവയാണ് കർമ പരിപാടികൾ.
പരസ്പര ബന്ധിതമായ 5 ആഗോള വെല്ലുവിളികളിൽ ഞങ്ങൾ സഹകരണം നയിക്കുന്നു എന്നാണ് അവർ അവകാശപ്പെടുന്നത്: വളർച്ച, ജിയോ പൊളിറ്റിക്സ്, സാങ്കേതിക വിദ്യ, ആളുകൾ, ഗ്രഹം, വ്യാപാരം, നിക്ഷേപം, സാമ്പത്തിക സ്ഥിരത മുതൽ ഊർജ പരിവർത്തനം, ഡിജിറ്റൽ വിശ്വാസം, കഴിവുകൾ, ആരോഗ്യം എന്നിവ വരെ, സങ്കീർണത നാവിഗേറ്റ് ചെയ്യാനും പങ്കിട്ട ലക്ഷ്യത്തോടെ പ്രവർത്തിക്കാനും ഞങ്ങൾ നേതാക്കളെ സഹായിക്കുന്നു എന്നാണ് അവകാശവാദം.
സഹകരണവും പുരോഗതിയും സുഗമമാക്കാൻ ഞങ്ങൾ പങ്കാളികളുമായി പങ്കാളികളാകുന്നു, ലോകത്തെ ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുന്നു. ഇതാണ് സാമ്പത്തിക ഫോറത്തിന്‍റെ ഗരിമയുടെ പൊരുളെങ്കിൽ വാർഷിക സമ്മേളനത്തിനു മുന്നോടിയായി ഓക്സ്ഫാം പുറത്തുവിട്ടിരിക്കുന്ന അസമത്വ റിപ്പോർട്ട് ലക്ഷ്യപ്രാപ്തി എത്ര അകലെ എന്ന വസ്തുതയിലേക്കാണു വിരൽ ചൂണ്ടുന്നത്. ലോകത്ത് രാഷ്‌ട്രീയ - സാമ്പത്തിക അസമത്വം സമാനതകളില്ലാതെ പെരുകുന്നു എന്നാണ് റിപ്പോർട്ട് വരച്ചുകാട്ടുന്നത്.
നിലവിൽ ശതകോടീശ്വരരുടെ പക്കലുള്ള ആകെ സമ്പത്ത് 18.3 ലക്ഷം കോടി ഡോളർ (1,662 ലക്ഷം കോടി രൂപ) എന്ന റെക്കോഡ് ഉയരത്തിലാണ്. 2025ൽ അതി സമ്പന്നരുടെ ആസ്തിയിലുണ്ടായത് 2.5 ലക്ഷം കോടി ഡോളർ വരുന്ന 16% വർധനയാണ്. അതാകട്ടെ, ലോകത്തെ ആകെ ജനസംഖ്യയുടെ പാതിവരുന്ന ഏറ്റവും അടിത്തട്ടിലുള്ള ഏതാണ്ട് 410 കോടി ജനങ്ങളുടെ ആകെ ആസ്തിക്ക് തുല്യവും. അതിദാരിദ്ര്യം ഉന്മൂലനം ചെയ്യാൻ ആവശ്യമായി വരുന്ന പണത്തിന്‍റെ 26 മടങ്ങ്. 2020 മുതൽ നോക്കിയാൽ അതി സമ്പന്നരുടെ ആസ്തിയിൽ 81% വർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ലോകത്ത് നാലിലൊരാൾക്ക് പതിവായി ഭക്ഷണം കിട്ടാത്ത സ്ഥിതിയുണ്ട്. ജനസംഖ്യയുടെ പാതി ഇപ്പോഴും ദാരിദ്ര്യത്തിൽ കഴിയുമ്പോഴുമാണ് അതിസമ്പന്നരുടെ പക്കൽ തന്നെ സമ്പത്ത് കുമിഞ്ഞു കൂടുന്ന ഈ പ്രവണത തുടർന്നുകൊണ്ടിരിക്കുന്നത്. 66 രാജ്യങ്ങളിൽ നടത്തിയ സർവെയുടെ അടിസ്ഥാനത്തിലുള്ളതാണ് ഓക്സ്ഫാമിന്‍റെ പഠന റിപ്പോർട്ട്. അതിസമ്പന്നരുടെ ആസ്തി പെരുകിയത് യുഎസിൽ ട്രംപ് ഭരണകൂടം അവർക്ക് അനുകൂലമായ അജൻഡകൾ നടപ്പാക്കാൻ തുടങ്ങിയ പശ്ചാത്തലത്തിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതിസമ്പന്നർക്കുള്ള നികുതി വൻതോതിൽ കുറച്ചതും ബഹിരാഷ്‌ട്ര കുത്തകളെ കൊണ്ട് നികുതി അടപ്പിക്കാനുള്ള ആഗോള ശ്രമങ്ങൾ ദുർബലപ്പെടുത്തിയതും കുത്തകളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ അട്ടിമറിച്ചതുമെല്ലാം അതിനു ചാലകശക്തിയായി.
ഇതിനേക്കാളേറെ ഗൗരവമുള്ളതും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമായ മറ്റൊരു കണ്ടെത്തലും ഓക്സ്ഫാം നടത്തിയിട്ടുണ്ട്. സാധാരണക്കാരെക്കാൾ രാഷ്‌ട്രീയ സ്ഥാനമാനങ്ങൾ നേടാൻ അതിസമ്പന്നർക്ക് 4,000 മടങ്ങിൽ കൂടുതൽ സാധ്യതയുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണത്. സ്വന്തം നേട്ടത്തിനായി ലോകത്താകമാനമുള്ള സാധാരണക്കാരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ഹനിച്ചു കൊണ്ടാണ് സാമൂഹിക, സാമ്പത്തിക നിയമങ്ങൾ പൊളിച്ചെഴുതാൻ ലക്ഷ്യമിട്ട് ഇക്കൂട്ടർ (സൂപ്പർ റിച്ച്) രാഷ്‌ട്രീയധികാരം കൈയാളുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. രാഷ്‌ട്രീയ രംഗത്ത് സമ്പത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഈ അന്തരം അത്യന്തം അപകടകരമാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യൻ രാഷ്‌ട്രീയത്തിലെ സംവരണ സംവിധാനത്തെ ഓക്സ്ഫാം റിപ്പോർട്ട് പ്രശംസിക്കുന്നുണ്ട്. സാധാരണ മനുഷ്യരെ എങ്ങനെ രാഷ്‌ട്രീയമായി ശാക്തീകരിക്കാമെന്നതിന്‍റെ ശക്തമായ ഉദാഹരണമാണ് ഇന്ത്യയിലെ സംവരണ സംവിധാനങ്ങൾ എന്നു റിപ്പോർട്ട് വിശേഷിപ്പിക്കുന്നു. ഇന്ത്യയിൽ പട്ടികജാതി, പട്ടികവർഗക്കാർ, പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവർക്കുള്ള രാഷ്‌ട്രീയ സംവരണം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സാമൂഹികമായി ഒഴിവാക്കപ്പെട്ടവർക്കും നിയമനിർമാണത്തിൽ പ്രാതിനിധ്യം നേടാനടക്കമുള്ള അവസരങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ലോകത്ത് വളർന്നു വികസിക്കുന്ന സാമ്പത്തിക അമിതാധികാരത്തിന്‍റെ ദൂഷ്യവശങ്ങളിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ഇന്ത്യൻ സംവരണ സംവിധാനത്തെ പ്രശംസിക്കുമ്പോൾ ഭരണഘടനാ ശിൽപ്പികളായ ധിഷണാ ശാലികളായ നമ്മുടെ പൂർവികർ എത്ര കരുതലോടെയാണ് ഈ കാര്യങ്ങൾ കൈകാര്യം ചെയ്തതെന്ന് ഓർക്കുക. എന്നിട്ടും അതിസമ്പന്നരുടെ അധീശത്വം നമ്മളെയും വരിഞ്ഞുമുറുക്കുന്നു എന്ന വസ്തുത വിസ്മരിക്കാനാവില്ല.
തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ സ്വത്തു വിവരം പ്രഖ്യാപിക്കുമ്പോൾ ഓരോ തെരഞ്ഞെടുപ്പിനു ശേഷവും ശതകോടീശ്വരന്മാരുടെ ആ പട്ടികയിൽ ഉണ്ടാകുന്ന കുതിപ്പ് ഇതിന്‍റെ ഉദാഹരണം. രാഷ്‌ട്രീയ അധികാരം നേടാൻ അതിസമ്പന്നർക്ക് കൂടുതൽ സാധ്യത എന്ന റിപ്പോർട്ടിലെ വസ്തുതയിലേക്ക് തന്നെയാണ് ഇതും വിരൽ ചൂണ്ടുന്നത്. സാമ്പത്തിക അസമത്വത്തിന്‍റെ കാര്യത്തിൽ ഇന്ത്യയും ഒട്ടും പിന്നിലല്ലെന്ന് ഓക്സ്ഫാം തന്നെ നേരത്തെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രാജ്യത്തെ സമ്പത്തിന്‍റെ 60 ശതമാനവും അഞ്ചു ശതമാനം ആളുകളിൽ കേന്ദ്രീകരിച്ചിരിക്കുമ്പോൾ താഴെത്തട്ടിലുള്ള 50% ആളുകളുടെ പക്കൽ വെറും മൂന്നു ശതമാനം സമ്പത്തേ ഉള്ളൂവെന്ന് ആ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. 2012നും 2021നുമിടയിൽ രാജ്യത്ത് ഉത്പാദിപ്പിച്ച സമ്പത്തിന്‍റെ 40% ജനസംഖ്യയിലെ ഒരു ശതമാനത്തിന്‍റെ കൈയിൽ കുമിഞ്ഞു കൂടുകയാണുണ്ടായത്. ഇന്ത്യയിലെ ഒരു ശതമാനം അതിസമ്പന്നരുടെ ആകെ വരുമാനം ജനസംഖ്യയുടെ 70% വരുന്ന 95 കോടി ദരിദ്രരുടെ വരുമാനത്തിന്‍റെ നാലു മടങ്ങ് വരുമെന്നും ഓക്ഫാം റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
രാജ്യത്തെ ഏറ്റവും മുന്നിലുള്ള 61 കോടീശ്വരന്മാരുടെ വരുമാനം ഒരുമിച്ച് ചേർത്താൽ കേന്ദ്രസർക്കാരിന്‍റെ ഒരു വർഷത്തെ ബജറ്റിനെക്കാൾ കൂടുതൽ വരുമെന്നും. ഇവർ രാഷ്‌ട്രീയ അധികാരത്തെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് വർത്തമാനകാലത്ത് ധാരാളം ചർച്ച ചെയ്യപ്പെട്ടതാണ്. അവരുടെ ഇംഗിതത്തിനനുസരിച്ച് സർക്കാർ പ്രവർത്തിക്കുന്നതിന്‍റെ നിരവധി ഉദാഹരണങ്ങളും. അവർക്കായി വാരിക്കോരി നൽകുന്ന ആനുകൂല്യങ്ങളും അവർക്കായി രൂപപ്പെടുന്ന വൻകിട പദ്ധതികളുമൊക്കെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.
ഓക്‌സ്ഫാം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്ന അതിസമ്പന്നർ രാഷ്‌ട്രീയ അധികാരം കയ്യാളുന്നതിന്‍റെ വർത്തമാനകാല സാക്ഷ്യങ്ങൾ. അതിനും പുറമെയാണ് പണത്തിന്‍റെ സ്വാധീനം ഉപയോഗിച്ച് അതിസമ്പന്നർ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ നിയമനിർമാണ സഭകളിലേക്ക് കടന്നുകയറു ന്ന പ്രതിഭാസം. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും അത് വർധിക്കുകയാണ്.
പ്രബുദ്ധ കേരളത്തിൽ പോലും ആ പ്രതിഭാസം പിടിമുറുക്കുന്നു എന്നതാണ് സമീപകാല യാഥാർത്ഥ്യം. ഇടതുപക്ഷത്ത് പോലും അത്തരക്കാർ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിക്കുന്നതാണ് നമുക്ക് കാണാനായത്. മറ്റിടങ്ങളിൽ പറയുകയും വേണ്ട. പാർട്ടികളെ വിലയ്ക്കെടുക്കുന്ന സ്ഥിതി. ജനങ്ങളുമായി ബന്ധമോ രാഷ്‌ട്രീയ പ്രവർത്തനമോ ഒന്നുമില്ലാതെ പണവുമായി കടന്നു വരുന്നവർ രാഷ്‌ട്രീയ അധികാരം കൈയടക്കുന്നു. ഭരണാധികാരികളെ സ്വാധീനിച്ച് തങ്ങളുടെ സ്ഥാപിത താത്പര്യങ്ങൾ നടത്തിയെടുക്കുന്നു എന്നതു മാത്രമല്ല, സ്ഥാനമാനങ്ങളും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള സീറ്റുകളും വരെ തട്ടിയെടുക്കുന്നു.
സാധാരണക്കാരെക്കാൾ രാഷ്‌ട്രീയ സ്ഥാനമാനങ്ങൾ നേടാൻ അതിസമ്പന്നർക്ക് 4,000 മടങ്ങിൽ കൂടുതൽ സാധ്യതയുണ്ടെന്ന ഓക്‌സ് ഫാം റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരം ഇവിടെയാണ് പ്രസക്തമാകുന്നത്. ഇവിടെ യഥാർഥ ജനാഭിപ്രായവും അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളും എങ്ങനെ പ്രതിഫലിക്കപ്പെടും? ഇൻക്ലൂസിവ് ഗ്രോത്ത് തുടങ്ങിയ ആകർഷകമായ പദാനുപദങ്ങൾ കേട്ട് തഴമ്പിക്കുമ്പോഴും യാഥാർഥ്യം എന്തെന്നാണ് ഈ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്.
പുരോഗതി ഉറപ്പാക്കുക, സാമൂഹ്യ ക്ഷേമം വർധിപ്പിക്കുക, നവീകരണം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യപ്രാപ്തിയെ കുറിച്ച് വാചാലമാകുമ്പോഴും അത് ഏതാനും പേരിലേക്ക് ഒതുങ്ങി മഹാഭൂരിപക്ഷത്തിനും അപ്രാപ്യമാകുന്ന പ്രതിഭാസമായി വികസന അജൻഡകളും അതിനായുള്ള കൂട്ടായ്മകളും പരിമിതപ്പെടുന്നുവോ എന്നാണ് ഈ ഘട്ടത്തിൽ അറിയേണ്ടത്. അതിനുത്തരം പറയാൻ ബന്ധപ്പെട്ടവർക്കെല്ലാം ബാധ്യതയുണ്ട്.